ഗര്‍ഭിണിയായ പൊലീസ് ഉദ്യോഗസ്ഥയെ ഭര്‍ത്താവ് ഡംബല്‍ കൊണ്ട് അടിച്ച് കൊന്നു

ന്യൂഡല്‍ഹി: ഡല്‍ഹി പൊലീസിലെ സ്‌പെഷ്യല്‍ വെപ്പണ്‍സ് ആന്‍ഡ് ടാക്ടിക്‌സ് കമാന്‍ഡോ ആയ യുവതിയെ ഭര്‍ത്താവ് ഡംബല്‍ കൊണ്ട് അടിച്ച് കൊന്നു.കാജല്‍ ചൗധരിയെന്ന 27 കാരിയെയാണ് ഭര്‍ത്താവ് അങ്കുല്‍ ഡംബല്‍ കൊണ്ട് അടിച്ച് കൊന്നത്. കൊല്ലപ്പെടുന്ന സമയത്ത് നാല് മാസം ഗര്‍ഭിണിയായിരുന്നു കാജല്‍. പ്രതിരോധ മന്ത്രാലയത്തില്‍ ക്ലര്‍ക്ക് ആയി ജോലി ചെയ്തുവരികയാണ് അങ്കുല്‍.
ജനുവരി 22-ാം തീയതി രാത്രി പത്ത് മണിയോടെയാണ് സംഭവമുണ്ടായത്. സാമ്പത്തിക പ്രശ്നങ്ങളെ ചൊല്ലി ഇരുവരും തർക്കത്തിലേർപ്പെട്ടിരുന്നു. ഇതിന് പിന്നാലെ കാജലിനെ അങ്കുല്‍ ഡംബല്‍ ഉപയോഗിച്ച് തുടരെ അടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കാജലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചൊവ്വാഴ്ച്ച മരണത്തിന് കീഴടങ്ങുകയായിരുന്നു. ആക്രമിക്കപ്പെട്ട ദിവസം കാജല്‍ തന്നെ ഫോണില്‍ വിളിച്ചിരുന്നുവെന്ന് സഹോദരന്‍ നിഖില്‍ പറഞ്ഞു. കാജല്‍ ഫോണില്‍ താനുമായി സംസാരിച്ചുകൊണ്ടിരിക്കവെയാണ് അങ്കുര്‍ ഡംബല്‍ കൊണ്ട് അടിച്ചതെന്നും നിഖില്‍ വ്യക്തമാക്കി. പിന്നീട് കാജല്‍ മരിച്ച വിവരവും അങ്കുര്‍ തന്നെ വിളിച്ച് അറിയിക്കുകയായിരുന്നുവെന്നും നിഖില്‍ പറഞ്ഞു.

2023ലാണ് കാജലും അങ്കുറും വിവാഹിതരായത്. അങ്കുറും കുടുംബവും സ്ത്രീധനം ആവശ്യപ്പെട്ട് കാജലിനെ തുടര്‍ച്ചയായി പീഡിപ്പിച്ചിരുവെന്നാണ് യുവതിയുടെ കുടുംബത്തിന്റെ ആരോപണം. അറസ്റ്റിലായ അങ്കുറിനെ കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. കാജലിനും അങ്കുറിനും ഒന്നര വയസുള്ള മകനുണ്ട്.
