മഅദനിയോടുള്ള പക കോണ്‍ഗ്രസിന്റെ മനസില്‍ കനലായി എരിയുന്നുവെന്ന് തെളിഞ്ഞു; യൂത്ത് കോണ്‍ഗ്രസിന്റെ പോസ്റ്റിനെതിരെ പിഡിപി

മതമല്ല പ്രശ്‌നം വര്‍ഗീയത പറയുന്നവരാണ് പ്രശ്‌നമെന്ന തലക്കെട്ടോടെ യൂത്ത് കോണ്‍ഗ്രസ് പോസ്റ്റ് ചെയ്ത ചിത്രത്തില്‍ മഅദ്‌നിയുടെ ചിത്രം ഉള്‍പ്പെടുത്തിയതില്‍ വിമര്‍ശനവുമായി പിഡിപി ജനറല്‍ സെക്രട്ടറി നൗഷാദ് ഹസന്‍ തിക്കോടി. സംഘപരിവാറിനും ഫാസിസത്തിനുമെതിരെ പോരാടിയ മഅദനിയെ തീവ്രവാദിയാക്കുന്നവര്‍ക്ക് ചരിത്രം മാപ്പുനല്‍കില്ലെന്ന് അദ്ദേഹം പ്രസ്താവനയില്‍ അറിയിച്ചു. യൂത്ത് കോണ്‍ഗ്രസിന്റെ ഈ പോസ്റ്റിനെ കെപിസിസിയും അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റിയും പിന്തുണയ്ക്കുന്നുണ്ടോ എന്നാണ് അറിയേണ്ടതെന്നും നൗഷാദ് ഹസന്‍ പ്രസ്താവനയില്‍ പറഞ്ഞു.

മതമല്ല മതമല്ല മതമല്ല പ്രശ്‌നം എന്ന വരികള്‍ സംസ്ഥാന ബജറ്റ് അവതരണത്തിനിടെ ചര്‍ച്ചയായ പശ്ചാത്തലത്തിലാണ് ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസ് കേരള ഔദ്യോഗിക സോഷ്യല്‍ മീഡിയ ഹാന്‍ഡിലില്‍ അതിനുള്ള മറുപടി പോസ്‌റ്റെത്തിയത്. മതമല്ല പ്രശ്‌നമെന്നും വര്‍ഗീയത പറയുന്നവരാണ് പ്രശ്‌നമെന്നുമായിരുന്നു യൂത്ത് കോണ്‍ഗ്രസിന്റെ മറുപടി. പോസ്റ്റില്‍ മഅദനിയുടെ ചിത്രം കൂടാതെ മന്ത്രി സജി ചെറിയാന്റേയും മുന്‍ മന്ത്രി എ കെ ബാലന്റേയും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റേയും ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയിരുന്നു. ഈ പോസ്റ്റിനെതിരെയാണ് പ്രസ്താവനയിലൂടെ നൗഷാദ് ഹസന്‍ രൂക്ഷവിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.
മഅദനിയോടുള്ള പക കോണ്‍ഗ്രസിന്റെ മനസില്‍ കനലായി എരിയുന്നുവെന്ന് ഈ പോസ്റ്റില്‍ നിന്ന് വ്യക്തമായതായി നൗഷാദ് വിമര്‍ശിച്ചു. അക്രമകാരികളെ അക്രമം കൊണ്ട് നേരിടണമെന്ന് മഅദനി പറഞ്ഞിട്ടില്ല. സംഘപരിവാറിലേക്ക് ആളെചേര്‍ക്കുന്ന റിക്രൂട്ടിങ് ഏജന്‍സിയായി കോണ്‍ഗ്രസ് മാറിക്കഴിഞ്ഞുവെന്നും പ്രസ്താവനയിലൂടെ നൗഷാദ് ഹസന്‍ വിമര്‍ശിച്ചു.

