കാര്യവട്ടത്തും സഞ്ജുവിന് നിരാശ; രണ്ടക്കം കാണാതെ പുറത്ത്

ന്യൂസിലാൻഡിനെതിരായ അഞ്ചാം ടി20യിലും സഞ്ജു സാംസണിന് നിരാശ. ആറ് പന്തുകള്‍ മാത്രം നേരിട്ട് ആറ് റണ്‍സ് നേടി താരം പുറത്തായി.ലൂക്കി ഫെർഗൂസന്റെ പന്തില്‍ ബെവോണ്‍ ജേക്കബ്‌സിന് ക്യാച്ച് നല്‍കി മടങ്ങുകയായിരുന്നു.
ആകെ അഞ്ചു മത്സരങ്ങളില്‍ നിന്ന് 46 റണ്‍സാണ് നേടാനായത്. സഞ്ജു പുറത്തായെങ്കിലും അഭിഷേക് അടിച്ചു തകർക്കുന്നുണ്ട്. നാലോവർ പിന്നിടുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 41 റണ്‍സ് നേടിയിട്ടുണ്ട്. അഭിഷേകിനൊപ്പം ഇഷാൻ കിഷനാണ് ക്രീസില്‍.
നേരത്തെ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് ബാറ്റിങ്ങ് തിരഞ്ഞെടുക്കുകയായിരുന്നു. അക്ഷർ പട്ടേലും ഇഷാൻ കിഷനും വരുണ്‍ ചക്രവർത്തിയും ഇന്ത്യൻ ഇലവനില്‍ തിരിച്ചെത്തി. ഹർഷിത് റാണ, കുല്‍ദീപ് യാദവ്, രവി ബിഷ്‌ണോയ് എന്നിവർ പുറത്തായി.
ന്യൂസിലാൻഡും നാല് മാറ്റങ്ങള്‍ വരുത്തി . ഡെവോണ്‍ കോണ്‍വേ, മാർക്ക് ചാപ്മാൻ, മാറ്റ് ഹെൻറി, സാക്ക് ഫോള്‍ക്സ് എന്നിവർ പുറത്തായി.ഫിൻ അലൻ, ബെവോണ്‍ ജേക്കബ്സ്, ലോക്കി ഫെർഗൂസണ്‍, കൈല്‍ ജാമിസണ്‍ എന്നിവർ ഇലവനിലെത്തി.

നിലവില്‍ 3-1 ലീഡുമായി ഇന്ത്യ ടി20 പരമ്പര സ്വന്തമാക്കിയെങ്കിലും ലോകകപ്പിന് മുന്നോടിയായുള്ള മത്സരം ഇരു ടീമുകള്‍ക്കും നിർണായകമാണ്. അഞ്ച് മത്സരങ്ങടങ്ങിയ പരമ്പരയിലെ ആദ്യത്തെ മൂന്ന് മത്സരം ഇന്ത്യ സ്വന്തമാക്കിയെങ്കിലും വിശാഖപട്ടണത്ത് നടന്ന നാലാം മത്സരത്തില്‍ കിവികള്‍ വിജയിക്കുകയായിരുന്നു. വിജയത്തോടെ പരമ്പര അവസാനിപ്പിക്കാനായിരിക്കും ഇരുടീമുകളും ശ്രമിക്കുക.
ഇന്ത്യൻ ഇലവൻ: അഭിഷേക് ശർമ, സഞ്ജു സാംസണ്‍, ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), റിങ്കു സിംഗ്, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, അക്സർ പട്ടേല്‍, അർഷ്ദീപ് സിംഗ്, ജസ്പ്രീത് ബുംറ, വരുണ്‍ ചക്രവർത്തി.
ന്യൂസിലന്‍ഡ്: ടിം സീഫെര്‍ട്ട് (വിക്കറ്റ് കീപ്പര്‍), ഫിന്‍ അലന്‍, രചിന്‍ രവീന്ദ്ര, ഗ്ലെന്‍ ഫിലിപ്‌സ്, ഡാരില്‍ മിച്ചല്‍, ബെവോണ്‍ ജേക്കബ്‌സ്, മിച്ചല്‍ സാന്റ്‌നര്‍ (ക്യാപ്റ്റന്‍), കൈല്‍ ജാമിസണ്‍, ഇഷ് സോധി, ലോക്കി ഫെര്‍ഗൂസണ്‍, ജേക്കബ് ഡഫി.
