കാര്‍ഷിക വിരുദ്ധ നിയമങ്ങള്‍ , ചങ്ങാത്ത മുതലാളിത്വത്തിന്റെ സന്തതി
മലപ്പുറം : കോര്‍പ്പറേറ്റും ഭരണകൂടവും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണ് ചങ്ങാത്ത മുതലാളിത്തം. ഇതിന്റെ സന്തതിയാണ് കാര്‍ഷിക വിരുദ്ധ കരി നിയമങ്ങളും തൊഴിലാളി വിരുദ്ധ നിയമങ്ങളുമെന്ന് ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന കമ്മിറ്റി അംഗം എം. രാകേഷ് മോഹന്‍. കിസാന്‍ കോ.ഓര്‍ഡിനേഷന്‍ കൗണ്‍സില്‍ സംഘടിപ്പിക്കുന്ന ഐക്യദാര്‍ഢ്യസമരത്തിന് അഭിവാദ്യമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലാഭകരമായ പൊതുമുതലുകള്‍ വിറ്റ് നശിപ്പിക്കുക, വെള്ളം, വായു, ധാതുക്കള്‍ എന്നിവയുടെ ദീര്‍ഘകാല നടത്തിപ്പ്് കുത്തക കോര്‍പ്പറേറ്റുകളെ ഏല്‍പ്പിക്കുക, ഇതിനെല്ലാം പുറമേ ജനവിരുദ്ധ നിയമങ്ങള്‍ നിര്‍മ്മിച്ച് ഇന്ത്യയുടെ നട്ടെല്ലായ കര്‍ഷക ഭൂമി കൊള്ളയടിക്കുന്ന നിലയിലേക്ക് കേന്ദ്ര സര്‍ക്കാര്‍ തരം താണതായി അദ്ദേഹം ആരോപിച്ചു. ഇനി വില്‍ക്കാന്‍ ബാക്കിയുള്ളത് ഇന്ത്യന്‍ ജനതയേയും അവര്‍ താമസിക്കുന്ന തുണ്ട് ഭൂ പ്രദേശവുമാണെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.
ജോയിന്റ് കൗണ്‍സില്‍ പെരിന്തല്‍മണ്ണ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കര്‍ഷക സമരത്തിന് അഭിവാദ്യമര്‍പ്പിച്ച് നടത്തിയ ഐക്യദാര്‍ഢ്യ പ്രകടനത്തിന് ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന കമ്മിറ്റി അംഗം എച്ച് വിന്‍സെന്റ്, ജില്ലാ സെക്രട്ടറി കെ സി സുരേഷ് ബാബു, പെരിന്തല്‍മണ്ണ മേഖലാ സെക്രട്ടറി എസ് അരുണ്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.