കേരളത്തിലെ ഏറ്റവും വലിയ ഭിന്നശേഷി ഗ്രാമം ആതവനാട് ഒരുങ്ങുന്നു; പദ്ധതിക്ക് 65.5 കോടി രൂപ

തിരൂർ : ഭിന്നശേഷി വിഭാഗത്തിൽ ഉൾപ്പെട്ടവരുടെ സമഗ്ര പുനരധിവാസം ലക്ഷ്യമാക്കി കേരളത്തിലെ ഏറ്റവും വലിയ ഭിന്നശേഷി ഗ്രാമം ഇന്റഗ്രേറ്റഡ് റിഹാബിലിറ്റേഷൻ വില്ലേജ്

ആതവനാട് ഒരുങ്ങുന്നു.
മലബാർ മേഖലയിലെ ഭിന്നശേഷിക്കാർക്കും അവരുടെ കുടുംബങ്ങൾക്കും വലിയൊരു ആശ്വാസവും പിന്തുണയും നൽകുക എന്ന ഉദ്ദേശത്തോടെയാണ്

‘സംയോജിത പുനരധിവാസ ഗ്രാമം’ ഒരുങ്ങുന്നത്.
ആതവനാട് പഞ്ചായത്തിൽ പുത്തനത്താണി ചുങ്കം പ്രദേശത്തെ പാലക്കാട്ട് പറമ്പിലെ അഞ്ച് ഏക്കർ ഭൂമിയിലാണ് ഈ ഗ്രാമം സംവിധാനിക്കുന്നത്. സാമൂഹ്യനീതി വകുപ്പ് നടപ്പിലാക്കുന്ന അറുപത്തിയഞ്ച് കോടി നാല്പത്തിയെട്ട് ലക്ഷത്തി എഴുപത്തിയയ്യായിരം രൂപയുടെ ഈ ബൃഹത് പദ്ധതി
കേരളത്തിന് തന്നെ മാതൃകയായ ഒരു സ്നേഹഗ്രാമമായി മാറും.
ഈ പദ്ധതി സാക്ഷാത്ക്കരിക്കുന്നതിന് കുറുക്കോളി മൊയ്തീൻ എം.എൽ.എ നിരന്തര പരിശ്രമവും ഇടപെടലുകളും നടത്തിയിരുന്നു.ഭിന്നശേഷി വിഭാഗത്തിൽ ഉൾപ്പെട്ടവരുടെ ഉന്നമനം,ചികിത്സ,കൗൺസിലിംഗ്,സ്പെഷ്യൽ സ്കൂളുകൾ,തൊഴിൽ പരിശീലനം,പകൽ സമയ പരിചരണ കേന്ദ്രങ്ങൾ,കളിസ്ഥലം,ര രക്ഷാകർതൃ പരിശീലന കേന്ദ്രങ്ങൾ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹിയറിങ്ങിന്റെ എക്സ്റ്റൻഷൻ സെൻറർ തുടങ്ങിയവ ഇവിടെ സംവിധാനിക്കും.
ഭിന്നശേഷി ഗ്രാമം സ്ഥാപിക്കുന്നതിന് ആതവനാട് പഞ്ചായത്തിനെ തിരഞ്ഞെടുത്തതിൽ സാമൂഹിക നീതി വകുപ്പ് മന്ത്രി ആർ .ബിന്ദുവിനും വകുപ്പിനും കുറുക്കോളി മൊയ്തീൻ എം.എൽ.എ നന്ദി രേഖപ്പെടുത്തി.ഭരണാനുമതി ലഭിച്ച അഞ്ച് കോടി മുപ്പത്തിരണ്ട് ലക്ഷത്തി തൊണ്ണൂറ്റിനാലായിരം രൂപയ്ക്കുള്ള ആദ്യഘട്ട പ്രവൃത്തിയുടെ നിർമ്മാണ ഉദ്ഘാടനം ഫെബ്രുവരി അവസാന വാരത്തോടെ
മന്ത്രി ആർ ബിന്ദു നിർവഹിക്കുമെന്ന് എം.എൽ എ അറിയിച്ചു.
