താനൂര്‍ – തെയ്യാല റോഡില്‍ റെയില്‍വേ മേല്‍പ്പാലം : പ്രവൃത്തി ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു
പൊതു ഗതാഗത- പശ്ചാത്തല മേഖലയില്‍ വലിയ മാറ്റമെന്ന് മുഖ്യമന്ത്രി
താനൂര്‍: തടസ്സ രഹിത റോഡ് ശൃംഖല – ലെവല്‍ക്രോസ് മുക്ത കേരളം ലക്ഷ്യവുമായി താനൂര്‍ തെയ്യാല റോഡില്‍ റെയില്‍വേ മേല്‍പ്പാലം പണിയുന്നതിന്റെ പ്രവൃത്തി ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനിലൂടെ നിര്‍വഹിച്ചു. സംസ്ഥാനത്തെ പൊതു ഗതാഗത- പശ്ചാത്തല വികസന രംഗത്ത് വലിയ മാറ്റമാണുണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. റെയില്‍വേ ക്രോസ് കാരണമുള്ള ഗതാഗത കുരുക്കിന് ശാശ്വത പരിഹാരമുണ്ടാക്കാന്‍ റെയില്‍വേ മേല്‍പ്പാലങ്ങള്‍ യാഥാര്‍ഥ്യമാകുന്നതോടെ സാധിക്കുമെന്നും കേരളത്തില്‍ സര്‍ക്കാര്‍ മുന്‍ കൈയ്യെടുത്ത് നടത്തുന്ന ആദ്യ സംരംഭമാണിതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍ അധ്യക്ഷനായി. ധനകാര്യ വകുപ്പ് മന്ത്രി ഡോ.ടി.എം തോമസ് ഐസക്ക് മുഖ്യാതിഥിയായി. ആര്‍.ബി.ഡി.സി.കെ മാനേജിങ് ഡയറക്ടര്‍ ജാഫര്‍ മലിക്, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ അബ്ദുല്‍ സലാം തുടങ്ങിയവര്‍ സംസാരിച്ചു.
താനൂരില്‍ നടന്ന ചടങ്ങില്‍ വി.അബ്ദുറഹ്‌മാന്‍ എം.എല്‍.എ ശിലാഫലകം അനാച്ഛാദനം ചെയ്തു. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ താനൂരില്‍ ഇത്രയേറെ വികസന പദ്ധതികള്‍ നടപ്പാക്കാനായതില്‍ സന്തോഷവും അഭിമാനവുമുണ്ടെന്ന് എം.എല്‍.എ പറഞ്ഞു. ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി മുഖ്യാതിഥിയായി. താനൂര്‍ നഗരസഭ ചെയര്‍മാന്‍ പി.പി ഷംസുദ്ദീന്‍, നഗരസഭാ കൗണ്‍സിലര്‍മാരായ റൂബി ഫൗസി, സി.കെ.എം ബഷീര്‍, പി.ടി അക്ബര്‍, ആരിഫ സലിം, രുഗ്മിണി സുന്ദരന്‍, ഇ കുമാരി, സുചിത്ര സന്തോഷ് തുടങ്ങിയവര്‍ സംസാരിച്ചു.
കിഫ്ബിയില്‍ ഉള്‍പ്പെടുത്തി 34 കോടി രൂപ ചെലവിലാണ് മേല്‍പ്പാലം നിര്‍മിക്കുന്നത്. ആര്‍.ബി.ഡി.സി.കെയ്ക്കാണ് നിര്‍മാണച്ചുമതല. താനൂരില്‍ റെയില്‍വേ മേല്‍പ്പാലത്തിനായുള്ള വര്‍ഷങ്ങളുടെ കാത്തിരിപ്പിനാണ് ഇതോടെ വിരാമമാകുന്നത്. സര്‍ക്കാരിന്റെ നൂറുദിന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് മേല്‍പാലം യാഥാര്‍ഥ്യമാക്കുന്നത്. പാലത്തില്‍ റെയില്‍വേ ലൈനിന് മുകളിലുള്ള ഭാഗം സ്റ്റീല്‍ അലൈന്‍മെന്റാണ്. ഇതിനാല്‍ പ്രവൃത്തി വേഗത്തില്‍ നടത്താനാകും. പ്രവൃത്തി ഒരു വര്‍ഷത്തിനകം പൂര്‍ത്തീകരിക്കാനുള്ള ഒരുക്കത്തിലാണ് ആര്‍.ബി.ഡി.സി.കെ.