AAK

‘ഇറാനെ തകർക്കാൻ അമേരിക്കയ്ക്ക് കഴിയില്ല; യുഎസ് യുദ്ധക്കപ്പലുകൾ കടലിൽ താഴ്ത്തും’; ആയത്തൊള്ള അലി ഖമനേയി

ഇറാനെ തകർക്കാൻ അമേരിക്കയ്ക്ക് കഴിയില്ലെന്ന് പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനേയി. കഴിഞ്ഞ 47 വർഷമായി ഇറാനെ നശിപ്പിക്കാൻ അമേരിക്കയ്ക്ക് കഴിഞ്ഞിട്ടില്ല. ട്രംപിന് അത് ചെയ്യാൻ കഴിയില്ലെന്നും ഖമനേയി പറഞ്ഞു. ഗൾഫ് മേഖലയിൽ വിന്യസിച്ചിരിക്കുന്ന യുഎസിന്റെ യുദ്ധക്കപ്പലുകൾ കടലിൽ താഴ്ത്തുമെന്നും ഖമനേയിയുടെ മുന്നറിയിപ്പ്. ഇറാൻ – യുഎസ് രണ്ടാം ഘട്ട ആണവ ചർച്ച ജനീവയിൽ പുരോ​ഗമിക്കവെയാണ് ഖമനേയിയുടെ പ്രസ്താവന.

1 st paragraph

ഈ മാസം ആദ്യവാരത്തിൽ ഒമാന്റെ തലസ്ഥാനമായ മസ്‌ക്കറ്റിൽ നടന്ന ആണവചർച്ചകൾക്കു ശേഷം അമേരിക്കയും ഇറാനും തമ്മിൽ നടക്കുന്ന രണ്ടാം ഘട്ട പരോക്ഷ ചർച്ചയാണ് ജനീവയിൽ നടക്കുന്നത്. ഇറാനെ പ്രതിനിധീകരിച്ച് വിദേശകാര്യമന്ത്രി അബ്ബാസ് അരഘ്ചിയും അമേരിക്കയെ പ്രതിനിധീകരിച്ച് പശ്ചിമേഷ്യൻ പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫും ട്രംപിന്റെ മരുമകൻ ജാരെദ് കഷ്‌നറുമാണ് ചർച്ചയിൽ പങ്കെടുക്കുന്നത്. ചർച്ചകളിൽ പരോക്ഷമായി താനും പങ്കെടുക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കിയിരുന്നു.

ന്യായവും നീതിയുക്തവുമായ കരാറാണ് പ്രതീക്ഷിക്കുന്നതെന്നും ഭീഷണികൾക്ക് വഴങ്ങില്ലെന്നും അരഘ്ചി വ്യക്തമാക്കി. യുറേനിയം സമ്പുഷ്ടീകരണത്തിന്റെ കാര്യത്തിൽ വിട്ടുവീഴ്ചകൾക്ക് തയാറാണോയെന്ന കാര്യം ഇറാൻ വ്യക്തമാക്കിയിട്ടില്ല. ആണവ ചർച്ചകൾക്കു പുറമേ, ഇറാന്റെ ബാലിസ്റ്റിക് മിസൈൽ പദ്ധതിയുടെ കാര്യത്തിലും പ്രദേശത്തെ ഭീകരസംഘടനകൾക്ക് ഇറാൻ നൽകുന്ന പിന്തുണ അവസാനിപ്പിക്കുന്ന കാര്യത്തിലും ചർച്ച വേണമെന്ന് അമേരിക്കയോട് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ആവശ്യപ്പെട്ടിരുന്നു.

2nd paragraph

ആണവ ചർച്ചകൾക്ക് മുന്നോടിയായി അബ്ബാസ് അരഘ്ചി അന്താരാഷ്ട്ര ആണവോർജ ഏജൻസി ഡയറക്ടർ ജനറൽ റാഫേൽ ഗ്രോസിയുമായി ഇന്നലെ കൂടിക്കാഴ്ച നടത്തി. ഹോർമൂസ് കടലിടുക്കിൽ ഇറാൻ ഇന്നലെ സൈനിക അഭ്യാസം നടത്തിയത് സംഘർഷാത്മകമായ അവസ്ഥയ്ക്കിടയാക്കിയിരുന്നു.