ഒരൊറ്റ ഇന്ത്യക്കാരൻ; ടൂര്‍ണമെന്റിന്റെ താരമാകാൻ സാധ്യതയുള്ള അഞ്ച് പേരെ പ്രവചിച്ച് ശ്രീകാന്ത്

ടി20 ലോകകപ്പിലെ ടൂർണമെന്റിലെ താരമാകാൻ സാധ്യതയുള്ള അഞ്ച് കളിക്കാരെ പ്രവചിച്ച് മുൻ ഇന്ത്യൻ താരവും ചീഫ് സെലക്ടറുമായ കൃഷ്ണമാചാരി ശ്രീകാന്ത്.സെമിയിലെയും ഫൈനലിലെയും പ്രകടനങ്ങളാകും ടൂര്‍ണമെന്‍റിലെ താരത്തെ നിര്‍ണയിക്കുന്നതില്‍ നിർണ്ണായകമാകുകയെന്നും ശ്രീകാന്ത് പറഞ്ഞു.
ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയെ പരാജയമറിയാതെ സെമിയിലെത്തിച്ച നായകൻ ഏയ്ഡന്‍ മാര്‍ക്രത്തിനാണ് ശ്രീകാന്ത് ലോകകപ്പിലെ താരമായി തെരഞ്ഞെടുക്കപ്പെടാന്‍ ഏറ്റവും കൂടുതല്‍ സാധ്യത കല്‍പിക്കുന്നത്. ആറ് മത്സരങ്ങളില്‍ 66 ശരാശരിയിലും 178.38 സ്ട്രൈക്ക് റേറ്റിലും 264 റണ്‍സെടുത്ത മാര്‍ക്രം റണ്‍വേട്ടക്കാരില്‍ മൂന്നാം സ്ഥാനത്തുണ്ട്.
ഇംഗ്ലണ്ട് ഓള്‍ റൗണ്ടര്‍ വില്‍ ജാക്സിനെയാണ് ടൂര്‍ണമെന്‍റിലെ താരമാകാന്‍ സാധ്യതയുള്ള രണ്ടാമത്തെ താരമായി ശ്രീകാന്ത് തെരഞ്ഞെടുത്തത്. ഇംഗ്ലണ്ടിനായി മികച്ച ഓള്‍ റൗണ്ട് പ്രകടനം പുറത്തെടുത്ത ജാക്സ് ശ്രീലങ്കയിലെ സ്പിന്‍ പിച്ചുകളില്‍ നിര്‍ണായക വിക്കറ്റുകള്‍ വീഴ്ത്തിയും തിളങ്ങിയിരുന്നു.
ഏഴ് മത്സരങ്ങളില്‍ 63.66 ശരാശരിയിലും 176.85 പ്രഹരശേഷിയിലും 191 റണ്‍സടിച്ച ജാക്സ് 7 വിക്കറ്റുകളും സ്വന്തമാക്കി. ടൂര്‍ണമെന്‍റില്‍ ഇതുവരെ നാലു തവണ ജാക്സ് കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടു.
ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയുടെ കുതിപ്പിന് ചുക്കാന്‍ പിടിക്കുന്ന പേസർമാരില്‍ ഒരാളാണ് ലുങ്കി എന്‍ഗിഡി. കാഗിസോ റബാഡക്ക് പതിവു ഫോമിലേക്ക് ഉയരാനാകാതിരുന്നപ്പോള്‍ 5 മത്സരങ്ങളില്‍ 11 വിക്കറ്റുകളുമായി ദക്ഷിണാഫ്രിക്കൻ ബൗളിംഗ് നിരയുടെ കുന്തമുനയായത് എൻഗിഡിയായിരുന്നു. വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്തുണ്ട് എന്‍ഗിഡി.

പന്തുകൊണ്ടും ബാറ്റുകൊണ്ടും ഒരുപോലെ തിളങ്ങുന്ന കിവി നായകനെയാണ് ശ്രീകാന്ത് പ്ലേയര്‍ ഓഫ് ദ് ടൂര്‍ണമെന്‍റാകാൻ സാധ്യതയുള്ള മറ്റൊരു താരമായി തെരഞ്ഞെടുത്തത്. ബൗളിംഗില്‍ 6.35 എന്ന മികച്ച എക്കണോമി റേറ്റില്‍ പന്തെറിയുന്ന സാന്‍റ്നർ ബാറ്റുകൊണ്ടും നിര്‍ണായക ഇന്നിംഗ്സുകള്‍ കളിച്ചു. 38 ശരാശരിയില്‍ 157.14 സ്ട്രൈക്ക് റേറ്റിലാണ് സാന്‍റ്നര്‍ റണ്‍സടിച്ചത്. ന്യൂസിലന്‍ഡ് സെമിയിലോ ഫൈനലിലോ എത്തിയാല്‍ സാന്‍റ്നര്‍ക്ക് സാധ്യതയുണ്ടെന്ന് ശ്രീകാന്ത് പറഞ്ഞു.
മിസ്റ്ററി സ്പിന്നർ വരുണ്‍ ചക്രവർത്തിയാണ് ശ്രീകാന്ത് ഇന്ത്യൻ ടീമില്‍ നിന്ന് ടൂര്‍ണമെന്‍റിന്‍റെ താരമാകാൻ സാധ്യതയുള്ള താരമായി തെരഞ്ഞെടുത്തത്. 6 മത്സരങ്ങളില്‍ നിന്ന് 13.09 ശരാശരിയില്‍ 11 വിക്കറ്റുകള്‍ വരുണ്‍ ഇതുവരെ വീഴ്ത്തിയിട്ടുണ്ട്. സെമിയിലും ഫൈനലിലും മികച്ച പ്രകടനം തുടർന്ന് ഒന്നോ രണ്ടോ തവണ കൂടി കളിയിലെ താരമായാല്‍ വരുണിന് പുരസ്കാരം ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് ശ്രീകാന്ത് പറഞ്ഞു.
ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്തായെങ്കിലും ടൂര്‍ണമെന്‍റിലെ വിക്കറ്റ് വേട്ടയില്‍ ഇപ്പോഴും മുന്നില്‍ നില്‍ക്കുന്നത് അമേരിക്കൻ താരം ഷാഡ്‌ലി വാൻ ഷാല്‍ക്വിക് ആണ്. വെറും നാലു മത്സരങ്ങളില്‍ 13 വിക്കറ്റാണ് ഷാല്‍ക്വിക് എറിഞ്ഞിട്ടത്. സിംബാബ്‌വെയുടെ ബ്ലെസിംഗ് മുസര്‍ബാനി(12) ലുങ്കി എന്‍ഗിഡി(11) എന്നിവരാണ് തൊട്ടു പിന്നില്‍.
റണ്‍വേട്ടയില്‍ മുന്നില്‍ നില്‍ക്കുന്നത് പാകിസ്താൻ ഓപ്പണര്‍ സാഹിബ്സാദ ഫര്‍ഹാനാണ്. ഏഴ് മത്സരങ്ങളില്‍ 383 റണ്‍സാണ് ഫര്‍ഹാന്‍ നേടിയത്. സിംബാബ്‌വെയുടെ ബ്രയാന്‍ ബെന്നറ്റ് 5 മത്സരങ്ങളില്‍ 277 റണ്‍സുമായി രണ്ടാമതുണ്ട്. 264 റണ്‍സെടുത്ത മാര്‍ക്രം മൂന്നാമതാണ്. ഇന്ത്യൻ താരങ്ങളില്‍ 214 റണ്‍സെടുത്ത ഇഷാന്‍ കിഷന്‍ ഏഴാമതും 213 റണ്‍സെടുത്ത സൂര്യകുമാര്‍ യാദവ് എട്ടാമതുമാണ്.

