പശ്ചിമേഷ്യയില്‍ 80 ലക്ഷത്തിലധികം ഇന്ത്യന്‍ പ്രവാസികള്‍; കൂടുതല്‍ സൗദിയില്‍, കുറവ് ഇറാനില്‍

കൊച്ചി: ഇറാനെതിരായ അമേരിക്കന്‍, ഇസ്രയേല്‍ സംയുക്ത ആക്രമണത്തിന് പിന്നാലെ പശ്ചിമേഷ്യ സംഘര്‍ഷമുഖരിതമാണ്. ബഹ്റൈന്‍, കുവൈത്ത്, യുഎഇ, ഖത്തര്‍ തുടങ്ങിയ എല്ലാ ഗള്‍ഫ് രാഷ്ട്രങ്ങളും നിലവിലെ സംഘര്‍ഷാവസ്ഥയില്‍ കടുത്ത ആശങ്കയിലാണ്.പശ്ചിമേഷ്യയില്‍ 80 ലക്ഷത്തിലധികം പ്രവാസികള്‍ ഉണ്ടെന്നാണ് ഏകദേശ കണക്ക്. ഇന്ത്യന്‍ പ്രവാസികളുടെ എണ്ണത്തില്‍ ലോകത്ത് തന്നെ ഏറ്റവും മുന്നില്‍ സൗദി അറേബ്യയാണ്. 25.9 ലക്ഷം പ്രവാസികള്‍ സൗദി അറേബ്യയിലുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്.
യുഎഇയില്‍ 34.2 ലക്ഷം, ഒമാനില്‍ 13.75 ലക്ഷം, കുവൈത്ത് 11.52 ലക്ഷം, ഖത്തര്‍ 7ലക്ഷം, ബഹറൈന്‍ 3.2 ലക്ഷം ഇന്ത്യക്കാരും പലമേഖലകളിലായി ഉണ്ട്. ആക്രമണത്തിന് തുടക്കം കുറിച്ച ഇസ്രയേലില്‍ 97,467 ഇന്ത്യന്‍ പ്രവാസികളും ജോര്‍ദാനില്‍ 20,760 ഇന്ത്യക്കാരുമാണുള്ളത്. ഏറ്റവും കുറവ് ഇന്ത്യന്‍ പ്രവാസികളുള്ളത് ഇറാനിലാണ്. 4,337 പേരാണ് ഇറാനിലുള്ളത്.

അതേസമയം, ഇറാനിലെയും ഇസ്രയേലിലെയും പൗരന്മാരെ തിരിച്ചെത്തിക്കാനുള്ള ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്തു വരുന്നുവെന്നാണ് വിദേശകാര്യമന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചത്. ഇറാനിലുള്ള ഇന്ത്യന്‍ പൗരന്മാര് അതീവ ജാഗ്രത പാലിക്കണമെന്നും അനാവശ്യയാത്ര ഒഴിവാക്കണമെന്നും ടെഹ്റാനിലെ ഇന്ത്യന്‍ എംബസി നിര്‍ദേശിക്കുകയും ചെയ്തിട്ടുണ്ട്.
പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെ സംഘര്‍ഷ മേഖലയിലുള്ള മലയാളികള്‍ക്കായി ന്യൂഡല്‍ഹി കേരള ഹൗസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂം തുറന്നിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശപ്രകാരമാണ് കണ്ട്രോള് റൂം തുറന്നത്. 011-23747079, 011-23742320, +91-9310443880 എന്നീ കണ്ട്രോള് റൂം ഹെല്‍പ്പ് ലൈന്‍ നമ്പറുകളില്‍ ആവശ്യക്കാര്‍ക്ക് ബന്ധപ്പെടാം.

എംബസി ഓഫ് ഇന്ത്യ, അബുദാബി: 800-46342 ടോള്‍ ഫ്രീ നമ്പര്‍, വാട്സ് ആപ്പ് : +971543090571. എംബസി ഓഫ് ഇന്ത്യ, കുവൈറ്റ്: +96565501946, എംബസി ഓഫ് ഇന്ത്യ, ദോഹ, ഖത്തര്‍: +974-55647502, എംബസി ഓഫ് ഇന്ത്യ, ബഹറൈന്‍: 0097339418071 എന്നിങ്ങനെയാണ് നമ്പറുകള്‍. ഇന്ത്യന്‍ പൗരന്മാര് അതാത് രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികളുടെയും കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെയും നിര്‍ദേശങ്ങള്‍ പാലിക്കേണ്ടതാണെന്നും അധികൃതര്‍ വ്യക്തമാക്കി.
