റൊണാള്‍ഡോയ്ക്ക് പരിക്ക്; നാലാഴ്ചയോളം വിശ്രമം

പോർച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് പരിക്ക്. സൗദി പ്രോ ലീഗില്‍ അല്‍ ഫയ്ഹക്കെതിരായ മത്സരത്തിലാണ് അല്‍നസർ താരമായ റൊണാള്‍ഡോയ്ക്ക് പരിക്കേല്‍ക്കുന്നത്.ക്ലബ്ബ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. നാലാഴ്ചയോളം താരത്തിന് പുറത്തിരിക്കേണ്ടിവരും.
മത്സരത്തില്‍ 81-ാം മിനിറ്റില്‍ താരത്തെ കളത്തില്‍ നിന്ന് പിൻവലിച്ചിരുന്നു. തുടയ്ക്ക് പരിക്കേറ്റതാണ് റോണോയ്ക്ക് തിരിച്ചടിയായത്. മെഡിക്കല്‍ സംഘം അദ്ദേഹത്തെ നിരീക്ഷിച്ചുവരികയാണ്. ലോകകപ്പ് അടുത്തുനില്‍ക്കേ പരിക്ക് പോർച്ചുഗീസ് ക്യാംപിന് ആശങ്കയ്ക്ക് ഇടനല്‍കുന്നതാണ്. എന്നാല്‍ ലോകകപ്പിന് മൂന്ന് മാസം സമയമുണ്ടെന്നിരിക്കേ ക്രിസ്റ്റ്യോനോ കളിക്കളത്തില്‍ മടങ്ങിയെത്തുമെന്നുറപ്പാണ്. എന്നാല്‍ എപ്പോഴാണ് താരം മടങ്ങിയെത്തുക എന്നത് സംബന്ധിച്ച് ക്ലബ്ബ് വ്യക്തത വരുത്തിയിട്ടില്ല.
അതേസമയം ഇറാൻ-ഇസ്രയേല്‍-യുഎസ് സംഘർഷം പശ്ചിമേഷ്യയിലേക്കും വ്യാപിച്ചതോടെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സൗദി വിട്ടതായി റിപ്പോർട്ടുകളുണ്ട്. ഗള്‍ഫ് മാധ്യമങ്ങളും സ്പാനിഷ് മാധ്യമങ്ങളുമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. എന്നാല്‍ പ്രാദേശിക മാധ്യമങ്ങളും മാധ്യമപ്രവർത്തകൻ ഫാബ്രിസിയോ റൊമോനോയും ഈ റിപ്പോർട്ടുകള്‍ നിഷേധിച്ച് രംഗത്തെത്തി.

