വിദ്യഭ്യാസ മേഖലയിൽ ആറു കോടി രൂപയുടെ പദ്ധതികൾ;

തിരൂർ: നഗരസഭയിൽ വിദ്യാലയങ്ങൾക്കായി കോടികളുടെ പദ്ധതി പൂർത്തീകരിച്ച് തിരൂർ നഗരസഭ. നാലു വർഷത്തിനിടെ ആറു കോടി രൂപയുടെ പദ്ധതികളാണ് പൂർത്തിയാകുന്നത്. തിരൂർ നഗരസഭയിൽ നടന്ന വിദ്യാഭ്യാസ പ്രവർത്തനങ്ങൾ പഠിക്കാൻ കില രംഗത്തെത്തിയതും നഗരസഭയ്ക്ക് അഭിമാനമായി. ജിഎംയുപി സ്‌കൂളിന്റെ വളർച്ചയെ സംബന്ധിച്ചാണ് കില പഠനം നടത്തിയത്.
ശുചിത്വ മാലിന്യ സംസ്‌കരണത്തിൽ സ്വച് ഭാരത മിഷന് നഗരസഭ സമർപ്പിച്ച ഡിപിആർ അംഗീകരിച്ച് 1.25 കോടി രൂപയുടെ ധനസഹായം ലഭിച്ചിരുന്നു. ഇതുപ്രകാരം ഓരോ വാർഡിലും 200 വീടുകളിൽ ഉറവിട മാലിന്യ സംസ്‌കരണ ഉപാധികൾ 100ശതമാനം സബ്‌സിഡിയോടെ പൂർത്തിയാക്കി. തിരൂർ ജുഡീഷ്യൽ കോംപ്ലക്‌സ്, മിനി സിവിൽ സ്റ്റേഷൻ, ജില്ലാ ആശുപത്രി എന്നിവിടങ്ങളിൽ ഖരമാലിന്യ സംസ്‌കരണ കേന്ദ്രങ്ങൾ ആരംഭിച്ചു.
തിരൂർ പൊന്നാനി പുഴയുടെ സംരക്ഷണത്തിന് ആക്ഷൻ പ്ലാൻ തയാറാക്കുന്നതിനായി 50 ലക്ഷം രൂപയുടെ പ്രത്യേക ഫണ്ട് മാറ്റി വച്ചു. അറവുശാല നവീകരണത്തിന് 2.70 കോടി, പൊതുടോയ്‌ലറ്റുകൾക്കായി 36 ലക്ഷം എന്നിവയും ചെലവഴിച്ചു.
70 ലക്ഷം രൂപ ചെലവിൽ നാട്ടുകാർ വാങ്ങഇ നഗരസഭയ്ക്ക് നൽകിയ ഭൂമിയിൽ അർബൻ പിഎച്ച്‌സിയ്ക്ക് സ്വന്തം കെട്ടിടം നിർമിച്ചു. ലൈഫിൽ ഇതുവരെ 412 വീടുകളുടെ നിർമാണം പൂർത്തിയാക്കി. നീർത്തട മാസ്റ്റർ പ്ലാൻ തയാറാക്കി ചെറുകിട ജലസേചന വകുപ്പിന് നൽകി. ജൈവ വൈവിധ്യ രജിസ്റ്റർ തയാറാക്കി സർക്കാരിന് സമർപ്പിച്ചു കഴിഞ്ഞു. ആയുർവേ ആശുപത്രിയ്ക്ക് സൗജന്യ സ്ഥലം ലഭിച്ചു കഴിഞ്ഞു.