‘സഞ്ജുവിന്റെ ക്യാച്ചെടുത്തിരുന്നെങ്കില്‍ ഇംഗ്ലണ്ട് ജയിച്ചേനേ’; ഇന്ത്യ തോല്‍ക്കുമെന്ന പ്രവചനം ന്യായീകരിച്ച് ആമിര്‍

ടി20 ലോകകപ്പില്‍ ഇന്ത്യ സെമിയിലെത്തില്ലെന്ന പ്രവചനം പാളിയതോടെ വൻ ട്രോളുകളാണ് മുൻ പാക് താരം മുഹമ്മദ് ആമിറിന് നേരിടേണ്ടിവരുന്നത്.ഗ്രൂപ്പ് ഘട്ടത്തിലെ പ്രകടനവും ദക്ഷിണാഫ്രിക്കയ്ക്കെതിരായ തോല്‍വിയും കണ്ടാണ് ആമിർ ഇന്ത്യ സെമി ടിക്കറ്റെടുക്കില്ലെന്ന് ഉറപ്പിച്ചത്.
എന്നാല്‍ മലയാളി താരം സഞ്ജു സാംസണിന്റെ ഇന്നിങ്സിന്റെ ബലത്തില്‍ വിൻഡീസിനെ തോല്‍പ്പിച്ച് ഇന്ത്യ സെമിയിലെത്തി. എന്നിട്ടും ആമിർ പ്രവചനം നിർത്താൻ തയ്യാറായിരുന്നില്ല. സെമിയില്‍ ഇംഗ്ലണ്ടിനെതിരേയും ഇന്ത്യ ജയിക്കില്ലെന്ന് പ്രവചിച്ചു. അതും പാളി. ഇപ്പോഴിതാ പ്രവചനത്തെ ന്യായീകരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ആമിർ.
ഇന്ത്യയുടെ വിജയത്തിന് ശേഷവും ആമിർ തന്റെ നിലപാടില്‍ ഉറച്ചുനിന്നു. താൻ നടത്തിയത് മികച്ച പ്രവചനമാണെന്നും എന്നാല്‍ ക്യാച്ചുകള്‍ കൈവിട്ടതാണ് ഇംഗ്ലണ്ടിന് തിരിച്ചടിയായതെന്നും അദ്ദേഹം പറഞ്ഞു. ഞാൻ ക്രിക്കറ്റിനെക്കുറിച്ചാണ് സംസാരിക്കുന്നത്. ഈ മത്സരത്തില്‍ ഇന്ത്യ മികച്ച ക്രിക്കറ്റ് കളിച്ചു. അവരുടെ കളിയെ അംഗീകരിക്കുന്നു. ഞാൻ മികച്ച പ്രവചനമാണ് നടത്തിയത്. പക്ഷെ മൈതാനത്ത് ക്യാച്ച് നഷ്ടപ്പെടുത്തുന്നത് എന്റെ കയ്യിലുള്ള കാര്യമല്ല. ഫോമിലുള്ള ഒരു ബാറ്ററുടെ ക്യാച്ച് നഷ്ടപ്പെടുത്തിയാല്‍ ഇങ്ങനെ സംഭവിക്കും. – ആമിർ പറഞ്ഞു.
ഇന്ത്യ ടി20 ലോകകപ്പ് കിരീടം നേടില്ലെന്ന് പ്രതികരിച്ചതിന് പിന്നാലെയാണ് ആമിർ, സെമിയില്‍ ഇംഗ്ലണ്ടിനാണ് സാധ്യത കൂടുതലെന്ന് പറഞ്ഞത്. ഇന്ത്യ ഒന്ന് രണ്ട് കളിക്കാരെ മാത്രം ആശ്രയിക്കുന്നു. ബാറ്റിങ്ങില്‍ ഭൂരിഭാഗം പേരും ഫോമിലല്ല. ഇപ്പോള്‍ ഒന്ന് രണ്ട് കളിക്കാർ മാത്രമാണ് ടീമിനെ താങ്ങി നിർത്തുന്നത്. ഒന്ന് രണ്ട് കളിക്കാരെ മാത്രം ആശ്രയിക്കുമ്പോള്‍ ആധിപത്യം പുലർത്താൻ കഴിയില്ല. അതുകൊണ്ട് ഇന്ത്യക്കെതിരെ ഇംഗ്ലണ്ടിനാണ് സാധ്യതയെന്നും ആമിർ അന്ന് പറഞ്ഞു. എന്നാല്‍ മത്സരത്തില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് ഇന്ത്യ ഫൈനലിലെത്തി.

മത്സരത്തില്‍ ഇന്ത്യൻ ഇന്നിങ്സിന്റെ മൂന്നാം ഓവറിലാണ് ബ്രൂക്ക് സഞ്ജുവിനെ വിട്ടുകളയുന്നത്. പേസർ ജോഫ്ര ആർച്ചറിൻ്റെ ആദ്യ ഓവറില്‍ ഫോറും സിക്സും നേടി സഞ്ജു തകർപ്പൻ തുടക്കമിട്ടതിന് പിന്നാലെയാണ് സംഭവം.
