‘സഞ്ജുവിനെ വീണ്ടും ചിത്രത്തിലെത്തിച്ചത് ആ സാഹചര്യം, എല്ലാം ദൈവനിശ്ചയം’; മനസ് തുറന്ന് ബാറ്റിങ് കോച്ച്

2026 ടി20 ലോകകപ്പില്‍ ഇന്ത്യയുടെ ചരിത്രവിജയത്തിന് പിന്നില്‍ നിർണായക പങ്കുവഹിച്ച താരമാണ് മലയാളികളുടെ അഭിമാനതാരം സഞ്ജു സാംസണ്‍.ടൂര്‍ണമെന്റിന്റെ തുടക്കത്തില്‍ പ്ലേയിങ് ഇലവനില്‍ സ്ഥാനം ലഭിക്കാതിരുന്ന സഞ്ജു പിന്നീട് ഇലവനിലേക്ക് തിരിച്ചെത്തി നിർണായക പ്രകടനം പുറത്തെടുക്കുകയും ഇന്ത്യയെ കിരീടത്തിലേക്ക് നയിക്കുകയും ചെയ്തു. സഞ്ജുവിനെയാണ് ടൂർണമെന്റിലെ താരമായി തിരഞ്ഞെടുത്തത്.
ഇപ്പോഴിതാ സഞ്ജു സാംസണ്‍ ഇന്ത്യൻ ഇലവനിലേക്ക് തിരിച്ചെത്തിയതിനെ കുറിച്ച് സംസാരിക്കുകയാണ് ഇന്ത്യയുടെ ബാറ്റിങ് കോച്ച് സിതാൻഷു കോട്ടക്. മിന്നും ഫോമില്‍ കളിക്കുന്ന ഇഷാൻ കിഷനെ ഓപ്പണിങ്ങില്‍ നിന്ന് മാറ്റി സഞ്ജുവിനെ ടീം മാനേജ്മെന്റ് കൊണ്ടുവന്നതിന് പിന്നിലെ തന്ത്രമാണ് കോട്ടക് വെളിപ്പെടുത്തിയത്. എതിരാളികള്‍ ഒരുക്കിയ ‘ഓഫ്-സ്പിൻ’ കെണിയില്‍ നിന്ന് രക്ഷപ്പെടാനാണ് സഞ്ജുവിനെ ടീം മാനേജ്‌മെന്‍റ് വീണ്ടും പ്ലേയിംഗ് ഇലവനില്‍ എടുത്തതെന്നും ഇപ്പോള്‍ നോക്കുമ്പോള്‍ അത് ദൈവനിശ്ചയമാണെന്നാണ് തോന്നുന്നതെന്നും കോട്ടക് ക്രിക്ബസിനോട് പറഞ്ഞു.
‘ആദ്യ ഓവറുകളില്‍ എതിരാളികള്‍ ഓഫ് സ്പിന്നുമായി ആക്രമിക്കാൻ വരുമ്പോള്‍ നമുക്ക് വെല്ലുവിളിയായത് ടോപ് 3 ബാറ്റിങ് പൊസിഷനില്‍ മൂന്ന് പേരും ഇടംകയ്യന്മാരാണ് എന്നതാണ്. എന്നാല്‍ ഒരു ഘട്ടമെത്തിയപ്പോള്‍ ഈ കടുംപിടിത്തം വേണ്ട എന്ന നിലയിലേക്ക് കാര്യങ്ങളെത്തി. നാല് മത്സരങ്ങളിലും ആദ്യ ഓവറില്‍ നമുക്ക് വിക്കറ്റുകള്‍ നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായി. ആ സമയമാണ് ഞങ്ങള്‍ വ്യത്യസ്തമായി ചിന്തിച്ചത്. ചിലപ്പോള്‍ നമുക്കതിനെ ദൈവത്തിന്റെ പ്ലാൻ എന്ന് പറയാൻ പറ്റും. സഞ്ജുവിനെ ഉപയോഗപ്പെടുത്തി ഈ ഓഫ് സ്പിൻ ആക്രമണത്തെ പ്രതിരോധിക്കാനാവും എന്ന് ഞങ്ങള്‍ ചിന്തിച്ചു’

‘എട്ടാം സ്ഥാനത്ത് ബാറ്റിങ്ങിന് ഇറങ്ങുന്ന റിങ്കു സിങ്ങിനും അധികം അവസരങ്ങള്‍ ലഭിക്കുന്നുണ്ടായില്ല. ഇതോടെയാണ് ടോപ് 3ല്‍ മൂന്ന് ഇടംകയ്യന്മാർ എന്ന കോമ്പിനേഷൻ മാറ്റാൻ തീരുമാനിച്ചതും സഞ്ജു വീണ്ടും ചിത്രത്തിലേക്ക് വന്നതും. പ്ലേയിങ് ഇലവനില്‍ രണ്ട് വിക്കറ്റ് കീപ്പർമാരെയും ഉള്‍പ്പെടുത്താൻ ഞങ്ങള്‍ തീരുമാനിക്കുകയായിരുന്നു. അതൊന്നും ഒരു പ്രശ്നമായി ഞങ്ങള്‍ കണ്ടില്ല. സഞ്ജുവിന് വിക്കറ്റ് കീപ്പിങ്ങിലും ഇഷാന് നന്നായി ഫീല്‍ഡ് ചെയ്യാനും സാധിക്കും. ഫീല്‍ഡില്‍ നില്‍ക്കാൻ ഇഷാന് തയ്യാറുമായിരുന്നു. എല്ലാം ശരിയായ വഴിയില്‍ തന്നെ വരികയായിരുന്നു’
‘സഞ്ജു ഓപ്പണറായതോടെ ഇടംകൈ-വലംകൈ ബാറ്റിങ് കോമ്പിനേഷൻ വന്നു. മൂന്നാമതായി ഇഷാൻ കിഷനും ഇറങ്ങി. പിന്നെ വരുന്ന ബാറ്റിങ് പൊസിഷനിലെ ഫ്ളെക്സിബിളിറ്റി നമുക്ക് കൂടുതല്‍ മുൻതൂക്കം നല്‍കി. സഞ്ജുവിന്റെ നേതൃപാഠവവും അവസാന മൂന്ന് കളിയിലെ പ്രകടനവും അവിശ്വസനീയമാണ്. സഞ്ജുവിന്റെ പ്രാപ്തി എത്രമാത്രമുണ്ടെന്ന് ഞങ്ങള്‍ക്ക് നന്നായി അറിയാം. അതുകൊണ്ടുതന്നെയാണ് ആളുകള്‍ സഞ്ജുവിനെ പിന്തുണയ്ക്കുന്നത്,” സിതാൻഷു കോട്ടക് കൂട്ടിച്ചേർത്തു.

