കാലിക്കറ്റ് സര്‍വ്വകലാശാല; രണ്ട് ഒഴിവുകളിലും നിയമിക്കുന്നത് ഡിവൈഎഫ്‌ഐ നേതാക്കളുടെ ഭാര്യമാരെ

മലപ്പുറം: കാലിക്കറ്റ് സര്‍വ്വകലാശാലയുടെ എഡ്യൂക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ അസിസ്റ്റന്റ് പ്രൊഫസറുടെ ഒഴിവുകളിലേക്ക് നിയമിക്കുന്നത് ഡിവൈഎഫ്‌ഐ നേതാക്കളുടെ ഭാര്യമാരെ. കഴിഞ്ഞ ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ നടന്ന ഇന്റര്‍വ്യൂവില്‍ ഒന്നാമത്തെ റാങ്ക് മുന്‍ എസ് എഫ് ഐ നേതാവും ഇപ്പോള്‍ ഡി.വൈ.എഫ്.ഐ മങ്കട ഏരിയ സെക്രട്ടറിയുമായ അബ്ദുല്ല കെ. നവാസിന്റെ ഭാര്യ റീഷ കാരളിക്കാണ്. എന്‍ എം ഷംസീര്‍ എംഎല്‍എയുടെ ഭാര്യ ഷഹാല ഷംസീറിനാണ് രണ്ടാം റാങ്ക് നല്‍കിയിട്ടുള്ളത്. രണ്ട് ഒഴിവുകളാണ് ഈ വകുപ്പില്‍ ഉള്ളത്. ഒന്നാമത്തെ റാങ്ക് മെരിറ്റിലും രണ്ടാമത്തെ റാങ്ക് മുസ്ലിം സംവരണാടിസ്ഥാനത്തിലുമാണ്.

എഴുപതോളം അപേക്ഷകരില്‍ നിന്ന് 40 പേരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കി. 38 പേരെ ഇന്റര്‍വ്യൂവിന് വിളിച്ചതില്‍ നിന്നാണ് ഡിവൈഎഫ്‌ഐ നേതാക്കളുടെ ഭാര്യമാരെ കൃത്യമായി കണ്ടെത്തി നിയമിക്കാന്‍ തീരുമാനിച്ചത്. ഉയര്‍ന്ന അക്കാദമികയോഗ്യതകളും, ഗവേഷണ പ്രസിദ്ധീകരണങ്ങളും സര്‍വകലാശാലകളിലും കോളേജുകളിലും അധ്യാപന പരിചയവുമുള്ള മറ്റ് അപേക്ഷകര്‍ക്ക് ഇന്റര്‍വ്യൂവില്‍ കുറഞ്ഞ മാര്‍ക്കുകള്‍ നല്‍കി അവരെ റാങ്ക് പട്ടികയില്‍ നിന്നും ഒഴിവാക്കിയാണ് നേതാക്കന്മാരുടെ ഭാര്യമാരുടെ നിയമനം ഉറപ്പിച്ചത്.

ഇന്‍ര്‍വ്യൂ ബോര്‍ഡില്‍ വേണ്ടപ്പെട്ടവരെ കയറ്റിയാണ് നേതാക്കളുടെ ഭാര്യമാര്‍ക്ക് ജോലി ഉറപ്പാക്കിയത്. ഷംസീറിന്റെ ഭാര്യയുടെ ഗവേഷണ പ്രബന്ധത്തിന്റെ മേല്‍നോട്ടം വഹിച്ച കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ മുന്‍ അധ്യാപകനായിരുന്ന ഡോക്ടര്‍. പി.കേളുവിനെ മുന്‍കൂട്ടി പ്ലാന്‍ ചെയ്താണ് ഇന്റര്‍വ്യൂ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയതെന്ന് ആരോപണമുണ്ട്.

യൂണിവേഴ്‌സിറ്റി എഡ്യൂക്കേഷന്‍ വകുപ്പ് മേധാവി തന്നെ ഇന്റര്‍വ്യൂ ബോര്‍ഡിലുള്ളപ്പോള്‍ അവിടെ നിന്ന് വിരമിച്ച അധ്യാപകനെ വിഷയ വിദഗ്ധന്‍ എന്ന നിലയിലാണ് ഇന്ററവ്യൂ ബോര്‍ഡില്‍ ഉള്‍പ്പെടുത്തിയത്.