AAK

കോട്ടക്കൽ എം എൽ എ ആബിദ് ഹുസൈൻ തങ്ങൾ  മനസ്സ് തുറക്കുന്നു: അഭിമുഖം

അധ്യാപനത്തിന്റെ കരുതലും രാഷ്ട്രീയക്കാരന്റെ കൃത്യതയും ഒത്തുചേരുന്ന പ്രൊഫസർ ആബിദ് ഹുസൈൻ തങ്ങൾ MLA സിറ്റി സ്കാനുമായി സംസാരിക്കുന്നു.
ക്ലാസ് മുറികളിലെ അറിവിന്റെ വെളിച്ചത്തിൽ നിന്ന് കോട്ടക്കൽ മണ്ഡലത്തിന്റെ ജനപ്രതിനിധിയായുള്ള പ്രൊഫസർ ആബിദ് ഹുസൈൻ തങ്ങളുടെ യാത്ര സമാനതകളില്ലാത്തതാണ്. അക്കാദമിക് ലോകത്തെ സൗമ്യസാന്നിധ്യം രാഷ്ട്രീയ ഗോദയിൽ കരുത്തുറ്റ പോരാളിയായി മാറിയ അഞ്ച് വർഷങ്ങൾ. വാഗ്ദാനങ്ങളുടെ പളപളപ്പിനേക്കാൾ പ്രായോഗികമായ വികസനത്തിന് മുൻഗണന നൽകുന്ന അദ്ദേഹത്തിന്റെ ശൈലി കോട്ടക്കലിന്റെ രാഷ്ട്രീയ ഭൂപടത്തിൽ വേറിട്ടുനിൽക്കുന്നു.
നിയമസഭയിലെ ബൗദ്ധികമായ ഇടപെടലുകൾ മുതൽ മണ്ഡലത്തിലെ ഓരത്തുള്ള മനുഷ്യന്റെ വേദനകൾ വരെ – കഴിഞ്ഞ അഞ്ച് വർഷക്കാലം തങ്ങൾ കോട്ടക്കലിന് നൽകിയത് എന്തൊക്കെയാണ്? ഹെൽത്ത് സിറ്റി എന്ന സ്വപ്നത്തിലേക്കും, മികച്ച അടിസ്ഥാന സൗകര്യങ്ങളിലേക്കും മണ്ഡലം എത്രത്തോളം അടുത്തു? രാഷ്ട്രീയ വിവാദങ്ങൾക്കിടയിലും വികസനത്തിന്റെ തുരുത്തായി കോട്ടക്കലിനെ നിലനിർത്താൻ അദ്ദേഹത്തിന് കഴിഞ്ഞോ?
മണ്ഡലത്തിലെ അഞ്ച് വർഷത്തെ പ്രവർത്തനങ്ങളെയും വരാനിരിക്കുന്ന ലക്ഷ്യങ്ങളെയും കുറിച്ച് പ്രൊഫസർ ആബിദ് ഹുസൈൻ തങ്ങൾ MLA സിറ്റി സ്കാനോട് മനസ്സ് തുറക്കുന്നു.

 

1 st paragraph

1: കോട്ടക്കൽ മണ്ഡലത്തിലെ അഞ്ച് വർഷത്തെ കാലാവധി പൂർത്തിയാക്കുമ്പോൾ, താങ്കൾ ഏറ്റെടുത്തതിൽ ഏറ്റവും അഭിമാനകരമായ പദ്ധതി ഏതാണ്?

മറുപടി: ഒരു ജനപ്രതിനിധി എന്ന നിലയിൽ മണ്ഡലത്തിലെ ഓരോ വികസനവും എനിക്ക് പ്രിയപ്പെട്ടതാണ്. എങ്കിലും, സാധാരണക്കാരുടെ ജീവനെ സ്പർശിക്കുന്ന ആരോഗ്യ-കുടിവെള്ള പദ്ധതികൾക്കാണ് ഞാൻ പ്രഥമ പരിഗണന നൽകിയത്. അതിൽ ഏറ്റവും അഭിമാനകരമായി തോന്നുന്നത് കുറ്റിപ്പുറം ഗവ. താലൂക്ക് ആശുപത്രിയുടെ മാസ്റ്റർ പ്ലാൻ യാഥാർത്ഥ്യമാക്കുന്നതാണ്. 17.85 കോടി രൂപയുടെ ഈ പദ്ധതി പൂർത്തിയാകുന്നതോടെ പാവപ്പെട്ടവർക്ക് മികച്ച ചികിത്സാ സൗകര്യം ഉറപ്പാക്കാം. കൂടാതെ, സംസ്ഥാനത്ത് തന്നെ ആദ്യമായി എല്ലാ വില്ലേജ് ഓഫീസുകളും സ്മാർട്ട് ആക്കി ‘സമ്പൂർണ്ണ സ്മാർട്ട് വില്ലേജ് മണ്ഡലം’ എന്ന പദവിയിലേക്ക് കോട്ടക്കലിനെ എത്തിക്കാൻ കഴിഞ്ഞതും വലിയ സംതൃപ്തി നൽകുന്നു.

2nd paragraph

2: കോട്ടക്കൽ നഗരത്തിലെയും മണ്ഡലത്തിലെയും ഗതാഗതക്കുരുക്ക് വലിയൊരു പ്രശ്നമായിരുന്നു. ഇത് പരിഹരിക്കാൻ കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ സാധിച്ചോ?

മറുപടി: തീർച്ചയായും. ഗതാഗത സൗകര്യം മെച്ചപ്പെടുത്താൻ മാത്രം 301.12 കോടി രൂപയുടെ പദ്ധതികളാണ് നാം നടപ്പിലാക്കിയത്. മൂടാൽ കഞ്ഞിപ്പുര ബൈപ്പാസ് നിർമ്മാണം പൂർത്തിയാക്കാൻ സാധിച്ചു. 22 പൊതുമരാമത്ത് റോഡുകൾ റബ്ബറൈസ് ചെയ്യുകയും 640 ഗ്രാമീണ റോഡുകൾ നവീകരിക്കുകയും ചെയ്തു. റോഡുകൾക്ക് പുറമെ രണ്ട് വലിയ പാലങ്ങളുടെ നിർമ്മാണത്തിന് ഫണ്ട് പാസാക്കാനും സാധിച്ചു.

3: കോട്ടക്കലിനെ ഒരു ‘ഹെൽത്ത് സിറ്റി’ അല്ലെങ്കിൽ ‘മെഡിക്കൽ ടൂറിസം’ ഹബ്ബായി ഉയർത്താനുള്ള താങ്കളുടെ കാഴ്ചപ്പാടുകൾ എത്രത്തോളം യാഥാർത്ഥ്യമായി?

മറുപടി: കോട്ടക്കലിന് ലോകോത്തരമായ ഒരു പാരമ്പര്യമുണ്ട്. അത് ആധുനിക സൗകര്യങ്ങളുമായി ബന്ധിപ്പിക്കാനാണ് ഞാൻ ശ്രമിച്ചത്. കോട്ടക്കലിലെ ആയൂർവേദ മെഡിക്കൽ, ടൂറിസം മേഖലയെ ദിനംപ്രതി വിദേശികളടക്കം നിരവധി പേരാണ് ആശ്രയിക്കുന്നത്. ആയൂർവേദ സർവകലാശാല അനുവദിക്കുന്നതിന് നിയമസഭയിൽ ആവശ്യമായ ഇടപെടൽ നടത്താൻ സാധിച്ചു. ആരോഗ്യ മേഖലയിൽ മാത്രം 30.33 കോടി രൂപയുടെ പദ്ധതികളാണ് നാം പൂർത്തിയാക്കിയത്. താലൂക്ക് ആശുപത്രിയിലെ കണ്ണ് രോഗ ചികിത്സാ കെട്ടിടം, ഫിസിയോതെറാപ്പി യൂണിറ്റ് എന്നിവ ഇതിന്റെ ഭാഗമാണ്. മണ്ഡലത്തിലെ എല്ലാ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളും വൈകുന്നേരം വരെ ഡോക്ടറുടെ സേവനം ലഭ്യമാകുന്ന കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റി. ഈ അടിസ്ഥാന സൗകര്യങ്ങൾ കോട്ടക്കലിനെ ഒരു ഹെൽത്ത് ഹബ്ബാക്കി മാറ്റുന്നതിൽ നിർണ്ണായക പങ്ക് വഹിക്കുന്നു. ഹെൽത്ത് ടൂറിസം പദ്ധതി നടപ്പിലാക്കുന്നതിന് ഏഴ് കോടി രൂപ വകയിരുത്തിയിട്ടുണ്ട്.

4: താങ്കൾ ഒരു പ്രൊഫസർ കൂടിയാണല്ലോ. വിദ്യാഭ്യാസ രംഗത്ത് നടത്തിയ ഇടപെടലുകളെക്കുറിച്ച്?

മറുപടി: അധ്യാപനം എന്റെ ഹൃദയത്തോട് ചേർന്നതാണ്. അതുകൊണ്ട് തന്നെ 45 കോടി രൂപയുടെ പദ്ധതികളാണ് വിദ്യാഭ്യാസ മേഖലയിൽ നടപ്പിലാക്കിയത്. 27 സ്കൂളുകൾക്ക് പുതിയ കെട്ടിടം നിർമ്മിച്ചു. 16 സർക്കാർ സ്കൂളുകൾക്ക് എം.എൽ.എ ഫണ്ടിൽ നിന്ന് ബസുകൾ നൽകി. കെട്ടിടങ്ങൾക്കപ്പുറം ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പാക്കാൻ ‘സ്റ്റെപ്സ്’ (STEPS) എന്ന സമഗ്ര വിദ്യാഭ്യാസ പരിശീലന പദ്ധതി നാം ആവിഷ്കരിച്ചു. ഇതിലൂടെ കരിയർ കൗൺസിലിംഗും മത്സര പരീക്ഷാ പരിശീലനവും കുട്ടികൾക്ക് നൽകി വരുന്നു.

5: മണ്ഡലത്തിൽ സ്കിൽ ഡെവലപ്‌മെന്റ് സെന്ററുകളോ സ്റ്റാർട്ടപ്പ് സംരംഭങ്ങളോ തുടങ്ങാൻ കഴിഞ്ഞോ?

മറുപടി: കാർഷിക രംഗത്ത് ‘കേരഗ്രാമം’ പോലുള്ള പദ്ധതികൾ വഴി സ്വയം തൊഴിൽ കണ്ടെത്തുന്നവരെ സഹായിക്കാൻ 4.76 കോടി വിനിയോഗിച്ചു. ഇരിമ്പിളിയം പഞ്ചായത്തിൽ നബാർഡ് സഹായത്തോടെ സ്മാർട്ട് കൃഷിഭവൻ വരുന്നത് ഈ മേഖലയിലെ സംരംഭകർക്ക് വലിയ കരുത്താകും. വരും വർഷങ്ങളിൽ ഐടി-സ്കിൽ ഹബ്ബുകൾ സ്ഥാപിക്കാനുള്ള ആലോചനയിലാണ് ഞങ്ങൾ.

6: പ്രതിപക്ഷ എംഎൽഎ എന്ന നിലയിൽ സർക്കാരിൽ നിന്ന് ഫണ്ട് നേടിയെടുക്കുന്നതിൽ നേരിട്ട വെല്ലുവിളികൾ എന്തൊക്കെയായിരുന്നു?

മറുപടി: ഭരണപക്ഷത്തല്ലാത്തത് ചില പ്രായോഗിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കാറുണ്ട്. എങ്കിലും കൃത്യമായ പ്രൊപ്പോസലുകളും നിരന്തരമായ സമ്മർദ്ദവും വഴി കോട്ടക്കലിന് അർഹമായത് നേടിയെടുക്കാൻ എനിക്ക് സാധിച്ചു. ഇറിഗേഷൻ ഡിപ്പാർട്ട്മെന്റിൽ നിന്ന് മാത്രം 116 കോടി രൂപയുടെ പദ്ധതികൾ കൊണ്ടുവരാനായി. കുറ്റിപ്പുറം കാങ്കക്കടവ് റഗുലേറ്റർ കം ബ്രിഡ്ജിനായി 107 കോടി രൂപ നേടിയെടുത്തത് ഒരു വലിയ പോരാട്ടമായിരുന്നു.

7: മലപ്പുറം ജില്ലയ്ക്കും ലീഗിനുമെതിരെ ഉയരുന്ന ആരോപണങ്ങളെ താങ്കൾ എങ്ങനെ കാണുന്നു?

മറുപടി: മലപ്പുറം സ്നേഹത്തിന്റെയും ഐക്യത്തിന്റെയും നാടാണ്. ചിലർ രാഷ്ട്രീയ ലാഭത്തിനായി ജില്ലയെയും മുസ്ലീം ലീഗിനെയും മോശമായി ചിത്രീകരിക്കാൻ ശ്രമിക്കുന്നുണ്ട്. എന്നാൽ ഇവിടുത്തെ വികസനവും ജനങ്ങളുടെ സാഹോദര്യവും അത്തരം നുണപ്രചാരണങ്ങളെ അതിജീവിക്കും. ക്രിയാത്മകമായ രാഷ്ട്രീയത്തിനാണ് ഞങ്ങൾ പ്രാധാന്യം നൽകുന്നത്.

8 : പ്രൊഫസർ പദവിയിൽ നിന്ന് എംഎൽഎ ആയപ്പോൾ വന്ന മാറ്റങ്ങൾ? വായനയ്ക്ക് ഇപ്പോൾ സമയം കിട്ടുന്നുണ്ടോ?

മറുപടി: അധ്യാപകനായിരുന്നപ്പോൾ സമയം ക്ലാസ് റൂമിലായിരുന്നെങ്കിൽ, ഇപ്പോൾ അത് മണ്ഡലത്തിലെ വഴികളിലും ജനങ്ങൾക്കിടയിലുമാണ്. എങ്കിലും ഓരോ ദിവസവും രാത്രി അല്പസമയം ഞാൻ വായനയ്ക്കായി മാറ്റിവെക്കാറുണ്ട്. അറിവ് നിരന്തരം പുതുക്കാതെ ഒരു ജനപ്രതിനിധിക്കും മുന്നോട്ട് പോകാനാകില്ല.

10: വരും വർഷങ്ങളിൽ കോട്ടക്കൽ മണ്ഡലത്തിൽ പൂർത്തിയാക്കാൻ ആഗ്രഹിക്കുന്ന ‘ഡ്രീം പ്രോജക്ട്’ എന്താണ്?

മറുപടി: കോട്ടക്കലിനെ ഒരു ‘കംപ്ലീറ്റ് ഗ്രീൻ ആൻഡ് സ്മാർട്ട് സിറ്റി’ ആയി മാറ്റുക എന്നതാണ് സ്വപ്നം. ശുദ്ധജല വിതരണത്തിനായി ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന 378.02 കോടി രൂപയുടെ വിവിധ ജലജീവൻ പദ്ധതികൾ പൂർത്തിയാക്കി ഓരോ വീട്ടിലും വെള്ളമെത്തിക്കുക എന്നതാണ് ഏറ്റവും അടുത്ത ലക്ഷ്യം. മണ്ഡലത്തിൽ ഗവൺമെൻ് കോളേജ് സ്ഥാപിക്കുക എന്നതും ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങൾ സ്ഥാപിക്കുക എന്നതും പ്രധാന ഡ്രീം പ്രൊജക്റ്റുകളാണ്.

11: ഈ ലക്കം മുതൽ ‘സിറ്റി സ്കാൻ’ കോട്ടക്കൽ എഡിഷന് കൂടി തുടക്കം കുറിക്കുകയാണ്, വായനക്കാരോടും നാട്ടുകാരോടും പറയാനുള്ളത്?

മറുപടി: പ്രാദേശിക മാധ്യമ രംഗത്ത് നൂതനമായ സംഭാവനകൾ നൽകി മുന്നേറുന്ന സിറ്റി സ്കാൻ മീഡിയക്ക് എന്റെ എല്ലാ ആശംസകളും. കഴിഞ്ഞ അഞ്ച് വർഷം നിങ്ങൾ നൽകിയ പിന്തുണയും സ്നേഹവുമാണ് ഈ വികസന നേട്ടങ്ങൾക്കെല്ലാം പിന്നിൽ. ഒരു എംഎൽഎ എന്നതിലുപരി നിങ്ങളുടെ കുടുംബാംഗമായി കൂടെ നിൽക്കാനാണ് ഞാൻ ശ്രമിച്ചത്. ആ ബന്ധം ഇനിയും തുടരും.

12: കേരളത്തിൽ ഭരണമാറ്റം ഉണ്ടാകുമോ? ഇത്തവണ താങ്കളുടെ മത്സര രംഗത്തേക്ക് ഉള്ള സാധ്യത? വിദ്യാഭ്യാസ മന്ത്രിയായി പ്രതീക്ഷിക്കാമോ?

മറുപടി: (ചിരിച്ചുകൊണ്ട്) കേരളത്തിൽ ഒരു മാറ്റം ജനങ്ങൾ ആഗ്രഹിക്കുന്നുണ്ട്. യുഡിഎഫ് വലിയ ഭൂരിപക്ഷത്തോടെ അധികാരത്തിൽ വരും. മുസ്ലീം ലീഗ് അതിന്റെ എക്കാലത്തെയും മികച്ച വിജയം നേടും. സ്ഥാനാർത്ഥിത്വവും മന്ത്രിസ്ഥാനവുമെല്ലാം പാർട്ടിയാണ് തീരുമാനിക്കുന്നത്. പാർട്ടി ഏൽപ്പിക്കുന്ന ഏത് ഉത്തരവാദിത്തവും പൂർണ്ണമനസ്സോടെ ഏറ്റെടുക്കാൻ ഞാൻ തയ്യാറാണ്.