‘പ്രതിപക്ഷം പ്രവർത്തിക്കുന്നത് നുണകളെ ആശ്രയിച്ച്; വിഡി സതീശൻ എന്ത് വൃത്തികേടും പറയുന്ന ഗൂഢ സംഘത്തെ പ്രോത്സാഹിപ്പിക്കുന്നയാൾ’; മുഖ്യമന്ത്രി

പ്രതിപക്ഷത്തെയും വിഡി സതീശനെയും രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. തെരഞ്ഞെടുപ്പ് ആകുമ്പോൾ വിമർശനങ്ങൾ സ്വാഭാവികമാണ്. എന്നാൽ അത്തരം വിമർശനങ്ങൾ ഉന്നയിക്കാൻ പോലും പ്രതിപക്ഷത്തിന് സാധിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിഡി സതീശൻ എന്ത് വൃത്തികേടും പറയുന്ന ഗൂഢ സംഘത്തെ പ്രോത്സാഹിപ്പിക്കുന്നയാളാണെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. നുണകളെ ആശ്രയിച്ചാണ് പ്രതിപക്ഷം പ്രവർത്തിക്കുന്നത്. പ്രൊഫഷണൽ ഏജൻസികളെ വെച്ച് നുണ പ്രചരിപ്പിക്കുകയാണെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

തിരഞ്ഞെടുപ്പിന് തൊട്ടു മുൻപുള്ള നിയമസഭാ സമ്മേളനങ്ങൾ സാധാരണ എരി പിരികൊള്ളിക്കാറുണ്ട്. എന്നാല്‍ പ്രതിപക്ഷം കാര്യമായ എതിർപ്പ് ഉന്നയിച്ചില്ല. അത്തരമൊരു അവസരം ലഭിച്ചിട്ടും പ്രതിപക്ഷം ഒന്നും ചെയ്തില്ല. കാരണം ഒന്നും പറയാൻ പ്രതിപക്ഷത്തിനില്ല. സാധാരണ മന്ത്രിമാർക്കെതിരെ എഴുതിക്കൊടുത്ത് വിമർശനമുന്നയിക്കാറുണ്ട്. അതുമുണ്ടായില്ല. സാധാരണ ഒരു കുറ്റപത്രം സർക്കാരിനെതിരെ അവതരിപ്പിക്കാറുണ്ട്. വസ്തുത വച്ചുകൊണ്ട് ഗവൺമെന്റിനെ എതിർക്കാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ ഇന്നും പ്രതിപക്ഷനേതാവിനെ മുഖ്യമന്ത്രി വിമർശിച്ചു. എന്ത് വൃത്തികേടും വിളിച്ചു പറയുന്ന ഗൂഢസംഘത്തെ പ്രോത്സാഹിപ്പിച്ച ആളാണ് പ്രതിപക്ഷ നേതാവ്. പ്രതിപക്ഷ നേതാവിന്റെ അനുയായിക്കെതിരെ ആരോപണം വന്നപ്പോൾ ഇരകളെ അധിക്ഷേപിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷ നേതാവിന്റെ കൂടി അനുമതിയോടുകൂടിയാണ് അത് നടന്നത്. പ്രതിപക്ഷനേതാവ് ഉപദേശിക്കുമ്പോൾ ജനം അതിനെ ഉൾച്ചിരിയോടെയാണ് കാണുകയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിന് സംസ്കാരത്തിനൊത്ത നിലപാടാണ് സർക്കാർ സ്വീകരിക്കുന്നത്. കിഫ്ബിയെ കുറിച്ചുള്ള പ്രതിപക്ഷ നേതാവിന്റെ ആക്ഷേപത്തിന് രമേശ് ചെന്നിത്തല തന്നെ മറുപടി നൽകിയിട്ടുണ്ട്. ഹരിപ്പാട് കിഫ്ബി നടത്തിയ വികസനത്തെക്കുറിച്ച് രമേശ് ചെന്നിത്തല തന്നെ പറഞ്ഞു. ഖജനാവിന്റെ ശേഷിക്ക് പുറത്ത് വികസനം വേണ്ട സാഹചര്യത്തിലാണ് കിഫ്ബിയെ പുനരുജീവിപ്പിച്ചത്. പ്രതിപക്ഷ നേതാവിന്റെ മണ്ഡലത്തിൽ ഉൾപ്പെടെ കിഫ്ബി പദ്ധതികൾ ഉണ്ട്. എന്നാല്‍ അതിനെ അപകീർത്തിപ്പെടുത്താൻ ആണ് ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
റബ്ബർ കൃഷി മേഖലയിൽ വലിയ പ്രതിസന്ധി ഉണ്ട്. ഇതിന് കാരണം ദേശീയ നയങ്ങൾ ആണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ബിജെപി തുടരുന്ന നയം നേരത്തെ കോൺഗ്രസ് സ്വീകരിച്ചതാണ്. കോൺഗ്രസ് നയത്തിൽ നിന്നും ബിജെപിക്കും ഒരു വ്യത്യാസവും ഇല്ല. എന്നാല്‍ സംസ്ഥാന സർക്കാർ റബ്ബർ കർഷകരെ സംരക്ഷിക്കുന്ന നിലപാടാണ്. കർഷകർക്ക് താങ്ങുവില നൽകുന്ന ഏക സംസ്ഥാനം കേരളമാണ്. താങ്ങുവില 150 രൂപയിൽ നിന്നും 200 രൂപയാക്കിയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
