ജില്ലയില്‍ ഹരിത പോളിംഗ് ബൂത്തുകള്‍ സജ്ജം

നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയില്‍ മുഴുവന്‍ പോളിംഗ് ബൂത്തുകളും ഹരിത ചട്ടങ്ങള്‍ പാലിച്ച് പ്രവര്‍ത്തിക്കുന്നതിനുള്ള സമഗ്ര തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായി. ഓരോ ബൂത്തും നൂറ് ശതമാനം ഗ്രീന്‍ പ്രോട്ടോകോള്‍ പാലിച്ച് കൊണ്ട് ഹരിത ബൂത്തുകളായി പ്രവര്‍ത്തിക്കും.

പരിസ്ഥിതി സൗഹൃദ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ജില്ലാ ഭരണകൂടവും ശുചിത്വ മിഷനും ചേര്‍ന്നാണ് സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുള്ളത്. എല്ലാ ബി.എല്‍.ഒമാര്‍ക്കും ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. പോളിംഗ് ദിവസം മുഴുവന്‍ ഹരിതകര്‍മ്മസേന പ്രവര്‍ത്തകരും ബൂത്തുകളില്‍ സേവനം നടത്തുകയും മാലിന്യങ്ങള്‍ തരംതിരിച്ച് ശേഖരിക്കുകയും ചെയ്യും. പ്ലാസ്റ്റിക് ഉപയോഗം പൂര്‍ണ്ണമായും ഒഴിവാക്കുന്നതിന് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. വാട്ടര്‍ ക്യാനുകള്‍, സ്റ്റീല്‍ കുപ്പികള്‍, ഗ്ലാസ് ഗ്ലാസുകള്‍, സെറാമിക് പ്ലേറ്റുകള്‍ എന്നിവയാണ് ഉപയോഗിക്കുക. പോളിംഗ് ഉദ്യോഗസ്ഥര്‍ക്കുള്ള ഭക്ഷണം കുടുംബശ്രീ മുഖേനയാണ് ഒരുക്കുന്നത്. കൂടാതെ, മൊബൈല്‍ ഫോണ്‍ സൂക്ഷിക്കാന്‍ തുണിസഞ്ചികളും മാലിന്യ വേര്‍തിരിക്കാനായി പ്രത്യേക ബിന്നുകളും എല്ലാ ബൂത്തുകളിലും സജ്ജമാക്കുകയും പോളിങ് കിറ്റുകളില്‍ പ്രകൃതി സൗഹൃദ സാമഗ്രികളാണെന്ന് ഉറപ്പുവരുത്തുകയും ചെയ്യും.
മാതൃകാ ഹരിത ബൂത്തുകള്‍ സജ്ജീകരിക്കുന്നതിനായി ബി.എല്‍.ഒമാര്‍ക്ക് ”ഇക്കോ ബൂത്ത് ചലഞ്ച്” മത്സരം ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ ജില്ലയില്‍ നടക്കുന്നുണ്ട്. മികച്ച രീതിയില്‍ ഹരിത മാനദണ്ഡങ്ങള്‍ പാലിക്കുന്ന ബി.എല്‍.ഒമാര്‍ക്ക് പാരിതോഷികങ്ങളും നല്‍കും.

തടി, മുള, ഓല, കയര്‍ തുടങ്ങി പൂര്‍ണമായും പ്രകൃതി സൗഹൃദ ഉത്പന്നങ്ങളാണ് ബൂത്ത് നിര്‍മിക്കാന്‍ ഉപയോഗിക്കുന്നത്. ഹരിത ചട്ടങ്ങളെക്കുറിച്ചുള്ള ബോധവത്ക്കരണത്തിനായി ശുചിത്വ മിഷന്‍ന്റെ നേതൃത്വത്തില്‍ സിവില്‍ സ്റ്റേഷനില്‍ മാതൃകാ ഹരിത പോളിംഗ് ബൂത്ത് ഒരുക്കിയിട്ടുണ്ട്.
