‘ക്രെഡിറ്റ് കാര്‍ഡ് ലോണ്‍ അപ്രൂവ്ഡ്’! ഫോണില്‍ ഇടക്കിടെ മെസേജ് വരാറുണ്ടോ? ഓടിച്ചാടി എടുക്കും മുൻപ് ഇക്കാര്യങ്ങള്‍ അറിയാം

ക്രെഡിറ്റ് കാർഡുകള്‍ ഇന്ന് വളരെ സാധാരണയായി ഉപയോഗിക്കുന്ന ഒരു ട്രെന്റ് കേരളത്തിലുണ്ട്. നേരത്തെയൊക്കെ ഷോപ്പിംഗിന് മാത്രം സ്വൈപ്പ് ചെയ്തിരുന്ന ക്രെഡിറ്റ് കാർഡുകള്‍ ഇന്ന് ലോണുകളെടുക്കാനും വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.

എന്നാല്‍, കൃത്യമായി ഇത് എങ്ങനെയാണ് ഉപയോഗപ്പെടുത്തേണ്ടതെന്ന ധാരണ ഇപ്പോഴും പലർക്കുമില്ല എന്നതാണ് വാസ്തവം. ക്രെഡിറ്റ് കാർഡ് ലോണുകള്‍ എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്നും അത് തിരിച്ചടയ്ക്കുന്നതിനുള്ള രീതികള്‍ എന്തൊക്കെയാണെന്നും കൃത്യമായി മനസിലാക്കുന്നത് ഭാവിയില്‍ സാമ്പത്തിക ബാധ്യതകള്‍ ഒഴിവാക്കാൻ സഹായിക്കും.
എന്താണ് ക്രെഡിറ്റ് കാർഡ് ലോണ്‍?

അർഹരായ കാർഡ് ഉടമകള്‍ക്കായി ക്രെഡിറ്റ് കാർഡ് കമ്പനികള്‍ നല്‍കുന്ന മുൻകൂട്ടി അനുമതി ലഭിച്ച (Pre-approved) വായ്പാ സൗകര്യമാണ് ക്രെഡിറ്റ് കാർഡ് ലോണ്‍. കാർഡ് ഉടമയുടെ ക്രെഡിറ്റ് ലിമിറ്റ്, ക്രെഡിറ്റ് സ്കോർ, മുൻകാല തിരിച്ചടവ് ചരിത്രം, തിരിച്ചടവ് ശേഷി എന്നിവ കണക്കിലെടുത്താണ് വായ്പ തുക നിശ്ചയിക്കുന്നത്.
സാധാരണ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് സാധനങ്ങള്‍ വാങ്ങുന്നതില്‍ നിന്നും വ്യത്യസ്തമാണ് ക്രെഡിറ്റ് കാർഡ് ലോണുകള്‍. ഇതില്‍ വായ്പ തുക ഒന്നിച്ച് (Lump sum) ലഭിക്കുകയും, നിശ്ചിത കാലാവധിക്കുള്ളില്‍ കൃത്യമായ ഇ.എം.ഐ (EMI) കളായി തിരിച്ചടയ്ക്കുകയും വേണം. ഇതൊരു അണ്‍സെക്യൂർഡ് ലോണ്‍ (Unsecured loan) ആയതിനാല്‍ ഈട് നല്‍കുകയോ, മറ്റ് പേപ്പർ വർക്കുകളോ അപേക്ഷാ ഫോമുകളോ സമർപ്പിക്കേണ്ടി വരില്ല.
പ്രധാന സവിശേഷതകളും നേട്ടങ്ങളും
പെട്ടെന്നുണ്ടാകുന്ന മെഡിക്കല്‍ അടിയന്തിരാവസ്ഥകള്‍, യാത്രകള്‍, വീട് പുതുക്കിപ്പണിയല്‍ അല്ലെങ്കില്‍ മറ്റ് അപ്രതീക്ഷിത ചെലവുകള്‍ എന്നിവ നേരിടാൻ വേഗത്തില്‍ പണം ലഭ്യമാക്കുക എന്നതാണ് ക്രെഡിറ്റ് കാർഡ് ലോണുകളുടെ ലക്ഷ്യം. ഇതിന്റെ അപ്രൂവല്‍ നടപടികളും വളരെ വേഗത്തിലായിരിക്കും. ക്രെഡിറ്റ് കാർഡ് ലോണുകളുടെ മേന്മകള്‍ നോക്കാം.
അപേക്ഷിച്ച ഉടൻ തന്നെ തുക ബാങ്ക് അക്കൗണ്ടിലോ കാർഡ് അക്കൗണ്ടിലോ എത്തും.
അധികം പേപ്പർ വർക്കുകള്‍ ആവശ്യമില്ല. അധിക രേഖകള്‍ സമർപ്പിക്കേണ്ടതില്ല.
ഫ്ലെക്സിബിള്‍, സൗകര്യപ്രദമായ ഇ.എം.ഐ കാലാവധികള്‍ തിരഞ്ഞെടുക്കാം.
നെറ്റ് ബാങ്കിംഗ്, മൊബൈല്‍ ആപ്പുകള്‍ വഴി എളുപ്പത്തില്‍ വായ്പ ലഭ്യമാക്കാം.
കൃത്യസമയത്തുള്ള തിരിച്ചടവ് ക്രെഡിറ്റ് സ്കോർ മെച്ചപ്പെടുത്താൻ സഹായിക്കും.
അപകടസാധ്യതകള്‍
ഉയർന്ന പലിശ നിരക്ക്: സാധാരണ വ്യക്തിഗത വായ്പകളെ (Personal Loans) അപേക്ഷിച്ച് ക്രെഡിറ്റ് കാർഡ് ലോണുകള്‍ക്ക് പലിശ നിരക്ക് വളരെ കൂടുതലാണ്. കൃത്യമായി കൈകാര്യം ചെയ്തില്ലെങ്കില്‍ ഇത് വലിയ കടക്കെണിയിലേക്ക് നയിക്കാം.
ക്രെഡിറ്റ് ലിമിറ്റ് കുറയുന്നു: നിങ്ങള്‍ എടുക്കുന്ന ലോണ്‍ തുക നിങ്ങളുടെ കാർഡിന്റെ ആകെ ക്രെഡിറ്റ് ലിമിറ്റുമായി ബന്ധപ്പെട്ടിരിക്കുന്നു. വായ്പ എടുക്കുന്നതോടെ ലഭ്യമായ ക്രെഡിറ്റ് ലിമിറ്റ് കുറയുകയും. ഇത് നിത്യജീവിതത്തിലെ കാർഡ് പർച്ചേസുകളെ ബാധിക്കുകയും ചെയ്യും.
കടം കുന്നുകൂടാനുള്ള സാധ്യത: പണം എളുപ്പത്തില്‍ ലഭ്യമാകുന്നത് പരിധിയില്‍ കൂടുതല്‍ കടം എടുക്കാൻ ആളുകളെ പ്രേരിപ്പിച്ചേക്കാം. ഇത് ഒരേസമയം ഒന്നിലധികം സാമ്പത്തിക ബാധ്യതകള്‍ വരുത്തിവെക്കും.
ക്രെഡിറ്റ് പ്രൊഫൈലിനെ ബാധിക്കുന്നു: ഏതെങ്കിലും ഒരു ഇ.എം.ഐ തിരിച്ചടവ് മുടങ്ങുകയോ വൈകുകയോ ചെയ്താല്‍ അത് നിങ്ങളുടെ ക്രെഡിറ്റ് സ്കോറിനെ സാരമായി ബാധിക്കും. ഇത് ഭാവിയില്‍ മറ്റ് വായ്പകള്‍ ലഭിക്കുന്നതിനുള്ള സാധ്യത ഇല്ലാതാക്കും.
അധിക ചാർജുകളും പിഴകളും: കൃത്യസമയത്ത് തിരിച്ചടയ്ക്കാതിരുന്നാല്‍ വൻ തുക ലേറ്റ് ഫീസായും മറ്റ് പെനാല്‍റ്റികളായും നല്‍കേണ്ടി വരും. ഇത് വായ്പാ ബാധ്യത ഇരട്ടിയാക്കും.
ഒരു സാമ്പത്തിക ഉപദേശം: ഉയർന്ന തുകകള്‍ വായ്പയായി ആവശ്യമുള്ളപ്പോള്‍, കുറഞ്ഞ പലിശ നിരക്കും വലിയ വായ്പാ പരിധിയുമുള്ള പേഴ്സണല്‍ ലോണുകള്‍ തിരഞ്ഞെടുക്കുന്നതായിരിക്കും സാമ്പത്തികമായി കൂടുതല്‍ ലാഭകരം. ഏതൊരു വായ്പയും എടുക്കുന്നതിന് മുൻപ് ഒരു സർട്ടിഫൈഡ് ഫിനാൻഷ്യല്‍ അഡ്വൈസറുമായി സംസാരിക്കുന്നത് നിങ്ങളുടെ സമ്പാദ്യത്തെ ബാധ്യതകളില്ലാതെ സംരക്ഷിക്കാൻ സഹായിക്കും.