നടി ആക്രമിക്കപ്പെട്ട കേസ്: അതിജീവിതയുടെ ഹർജി ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ബെഞ്ച് പരിഗണിക്കും

കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ , അതിജീവിതയുടെ ഹർജി ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ബെഞ്ച് പരിഗണിക്കും. മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ ചോർന്നതിൽ അടക്കം പുനരന്വേഷണം ആവശ്യപ്പെട്ടാണ് അതിജീവിത ഹർജി നൽകിയത്. ഹർജി നാളെ പരിഗണിക്കും. കഴിഞ്ഞദിവസം കേസ് പരിഗണിക്കുന്നതിൽ നിന്ന് ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ പിന്മാറിയിരുന്നു. മെമ്മറി കാർഡുമായി ബന്ധപ്പെട്ട പരാതി മുമ്പ് താൻ ജുഡീഷ്യൽ രജിസ്ട്രാറായിരിക്കെ സ്വകരിച്ചെന്ന കാരണം ചൂണ്ടിക്കാട്ടിയായിരുന്നു പിന്മാറ്റം.

മെമ്മറി കാർഡ് നിയമവിരുദ്ധമായി തുറന്നു പരിശോധിച്ചെന്ന വിഷയത്തിൽ എറണാകുളം ജില്ലാ സെഷൻസ് ജഡ്ജി സമർപ്പിച്ച റിപ്പോർട്ടിനെതിരെയാണ് അതിജീവിത ഹർജി നൽകിയിരിക്കുന്നത്. സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷക വൃന്ദ ഗ്രോവർ മുഖേനയാണ് അതിജീവിത വീണ്ടും ഹൈക്കോടതിെയ സമീപിച്ചത്.
കോടതികളുടെ കസ്റ്റഡിയിലിരിക്കെ മൂന്നു തവണ മെമ്മറി കാർഡ് തുറന്നുപരിശോധിച്ചതായി ഫൊറൻസിക് പരിശോധനയിൽ കണ്ടെത്തിയിരുന്നു. 2017 ഫെബ്രുവരിയിലാണ് അതിജീവിതയായ നടി ആക്രമിക്കപ്പെടുന്നതും പ്രതികൾ ഇതിന്റെ ദൃശ്യങ്ങൾ പകർത്തുന്നതും. കേസിൽ കേസിലെ എട്ടാം പ്രതിയായിരുന്ന നടൻ ദിലീപ് ഉൾപ്പെടെ നാലു പേരെ വെറുതെ വിട്ടിരുന്നു. ആദ്യ 6 പ്രതികളെ ശിക്ഷിക്കുകയും ചെയ്തിരുന്നു.
