കേരളത്തിലെ വവ്വാലുകളില്‍ 28 ശതമാനം നിപ വൈറസ് സാന്നിധ്യം; സാമ്പിളുകള്‍ ശേഖരിച്ചത് കോഴിക്കോട്, വയനാട് ജില്ലകളില്‍ നിന്ന്

കോഴിക്കോട്: സംസ്ഥാനത്ത് തുടർച്ചയായി നിപ ഭീതി ഉയരുന്ന പശ്ചാത്തലത്തില്‍, വവ്വാലുകളില്‍ നടത്തിയ പഠന റിപ്പോർട്ട് ആശങ്കയിടയാക്കുന്നു.

കേരളത്തിലെ വവ്വാലുകളില്‍ 28 ശതമാനം വരെ നിപ വൈറസിന്റെ സാന്നിധ്യമുണ്ടെന്നാണ് ഏറ്റവും പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നത്. മനുഷ്യരില്‍ കണ്ടെത്തിയ വൈറസിന് സമാനമായ വൈറസുകളെത്തന്നെയാണ് വവ്വാലുകളിലും കണ്ടെത്തിയിട്ടുള്ളത്. വവ്വാലുകളില്‍ നിന്നാണ് മനുഷ്യരിലേക്ക് നിപ പടരുന്നതെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ വവ്വാലുകളുടെ സാന്നിധ്യമുള്ള ഇടങ്ങളില്‍ ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു.
ഫെബ്രുവരി മുതല്‍ സെപ്റ്റംബർ വരെ വൈറസ് സാന്നിധ്യം വർദ്ധിക്കുന്നു

വർഷത്തില്‍ ഫെബ്രുവരി മുതല്‍ സെപ്റ്റംബർ വരെയുള്ള മാസങ്ങളില്‍ വവ്വാലുകളില്‍ നിപ വൈറസിന്റെ സാന്നിധ്യം വൻതോതില്‍ വർദ്ധിക്കുന്നതായാണ് കണ്ടെത്തല്‍.
ഫെബ്രുവരിയില്‍ 9% വൈറസ് സാന്നിധ്യം (പരിശോധിച്ച 88 സാമ്പിളുകളില്‍ 8 എണ്ണം പോസിറ്റീവ് ആയിരുന്നു)
ജൂലൈയില്‍: 24% വൈറസ് സാന്നിധ്യം (പരിശോധിച്ച 74 സാമ്പിളുകളില്‍ 18 എണ്ണം പോസിറ്റീവ്)
സെപ്റ്റംബറില്‍: 28% വൈറസ് സാന്നിധ്യം (പരിശോധിച്ച 110 സാമ്പിളുകളില്‍ 31 എണ്ണം പോസിറ്റീവ്)
നാഷണല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി (NIV) 2023-ല്‍ ശേഖരിച്ച സാമ്പിളുകള്‍ വിശകലനം ചെയ്തപ്പോഴാണ് ഈ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. മുൻവർഷങ്ങളായ 2019-ലും 2021-ലും നടത്തിയ പരിശോധനകളില്‍ വവ്വാലുകളിലെ വൈറസ് സാന്നിധ്യം 20 മുതല്‍ 21 ശതമാനം വരെയായിരുന്നു.
കോഴിക്കോട് ജില്ലയില്‍ രോഗബാധ സ്ഥിരീകരിച്ച സ്ഥലങ്ങളുടെ 40-60 കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശങ്ങളില്‍ നിന്നാണ് വവ്വാല് സാമ്പിളുകള്‍ ശേഖരിച്ചത്.
പ്രധാന കേന്ദ്രങ്ങള്‍
ഫെബ്രുവരിയില്‍: പേരാമ്പ്ര (കോഴിക്കോട്), മാനന്തവാടി (വയനാട്)
ജൂലൈയില്‍: മണാശ്ശേരി, പേരാമ്പ്ര, കുറ്റ്യാടി (കോഴിക്കോട്)
സെപ്റ്റംബറില്‍: കല്ലാട്, തളീക്കര, കുറ്റ്യാടി, പേരാമ്പ്ര (കോഴിക്കോട്), സുല്‍ത്താൻ ബത്തേരി, മാനന്തവാടി (വയനാട്)
പഴങ്ങളുടെ വിളവെടുപ്പുകാലവും പ്രജനനവും; പ്രതിരോധം അനിവാര്യം
കേരളത്തില്‍ നാട്ടുപഴങ്ങളുടെ വിളവെടുപ്പ് കാലവും വവ്വാലുകളുടെ പ്രജനന കാലവും ഒരേ സമയത്താണ് വരുന്നത് എന്നത് രോഗവ്യാപന സാധ്യത വർദ്ധിപ്പിക്കുന്നു. വവ്വാലുകളില്‍ നിന്ന് മനുഷ്യരിലേക്ക് വൈറസ് എങ്ങനെയാണ് നേരിട്ട് പടർന്നതെന്ന് പൂർണ്ണമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, വവ്വാലുകള്‍ കടിച്ചിട്ട പഴങ്ങളിലൂടെയാകാം ഇതെന്നാണ് പ്രധാന അനുമാനം.
ആരോഗ്യവകുപ്പിന്റെ പ്രധാന നിർദ്ദേശങ്ങള്‍
വവ്വാലുകള്‍ കടിച്ചതോ അവയുടെ സ്രവങ്ങള്‍ പുരണ്ടതോ ആയ പഴങ്ങള്‍ യാതൊരു കാരണവശാലും കഴിക്കരുത്.
വവ്വാലുകളുടെ ആവാസവ്യവസ്ഥയെ തകർക്കുന്ന രീതിയില്‍ അവയെ പ്രകോപിപ്പിക്കാൻ ശ്രമിക്കരുത്.
വവ്വാലുകള്‍ ധാരാളമായുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവർ പ്രത്യേകം മുൻകരുതലുകള്‍ സ്വീകരിക്കണം.