സമാധാനത്തിനായി ഇനി പന്ത് തട്ടാം: സമാധാന കരാറിൽ ധാരണയായ ഘട്ടത്തിൽ അമേരിക്കയിലെത്തി ഇറാനിയൻ ഫുട്ബോൾ ടീം

ലോസ് ആഞ്ചലസ്: ഫിഫ ലോകകപ്പിലെ ആദ്യ മത്സരം കളിക്കാനായി ഇറാൻ ദേശീയ ഫുട്ബോൾ ടീം ജൂൺ 15-ന് അമേരിക്കയിലെത്തി. ന്യൂസിലൻഡിനെതിരായ ഉദ്ഘാടന മത്സരത്തിന് മണിക്കൂറുകൾ മാത്രം ബാക്കിയിരിക്കെയാണ് ടീം അമേരിക്കൻ മണ്ണിൽ കാല്കുത്തിയത്. അമേരിക്കയും ഇറാനും തമ്മിൽ സമാധാന കരാർ പ്രഖ്യാപിക്കപ്പെട്ടതോടെ അമേരിക്കയിലെത്തിയ ഇറാനിയൻ ടീം ലോകത്തിൻ്റെ ശ്രദ്ധാകേന്ദ്രമാകുകയാണ്. മെക്സിക്കോയിലെ ടിജുവാനയിലെ പരിശീലന ക്യാംപിൽ നിന്നാണ് ഇറാനിയൻ ടീം ലോസ് അഞ്ചലസിലെത്തിയത്. പ്രത്യേകം തയ്യാറാക്കിയ ചെറുവിമാനത്തിലായിരുന്നു ടീം ലോസ് ആഞ്ചലസിലെത്തിയത്. അമേരിക്കയിൽ ഇറാൻ ടീം കളിക്കുന്നതുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന അനിശ്ചിതത്വങ്ങൾക്ക് കൂടിയാണ് ഇതോടെ അന്ത്യമായിരിക്കുന്നത്.

ഇതിനിടെ അമേരിക്കയിലെത്തിയ ഇറാനിയൻ ടീം താമസിക്കുന്ന ഹോട്ടലിന് ചുറ്റുമുള്ള സുരക്ഷ പൊലീസ് ശക്തമാക്കിയിരുന്നു. ഹോട്ടലിന് സമീപത്തെ ചില റോഡുകൾ അടച്ചിടുകയും ഹോട്ടലിന് മുന്നിൽ സുരക്ഷാ ബാരിക്കേഡുകൾ ശക്തമായി ക്രമീകരിക്കുകയും ചെയ്തിട്ടുണ്ട്. വൈകുന്നേരം ഇറാൻ്റെ മുഖ്യപരിശീലകൻ അമീർ ഘലനോയിയും (Amir Ghalenoei) സൂപ്പർ താരം മെഹ്ദി താരെമിയും (Mehdi Taremi) മാധ്യമങ്ങളെ കാണുമെന്ന് അറിയിച്ചിട്ടുണ്ട്. ഇറാൻ ടീം അമേരിക്കയിൽ എത്തിയതിന് പിന്നാലെയായിരുന്നു അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന കരാറിൻ്റെ അന്തിമധാരണ ഇരുപക്ഷവും അംഗീകരിച്ചതായ വാർത്തകൾ പുറത്ത് വന്നത്. ഏറെ അനിശ്ചിതത്വങ്ങൾക്ക് ശേഷം ലോകകപ്പ് വേദിയിലെത്തിയ ഇറാനിയൻ ടീമിനെ സംബന്ധിച്ചും പുതിയ സാഹചര്യം ഗുണകരമാണെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഇതിനിടെ ലോസ് ആഞ്ചലസ് സ്റ്റേഡിയത്തിന് സമീപം ഇറാൻ സർക്കാരിനെ വിമർശിച്ചും ജനാധിപത്യ പരിഷ്കാരങ്ങൾ ആവശ്യപ്പെട്ടും പ്രതിഷേധക്കാർ ഒത്തുകൂടിയിരുന്നു. ഇറാനിൽ സമീപകാല കലാപങ്ങളിൽ അറസ്റ്റിലായതോ കൊല്ലപ്പെട്ടതോ ആണെന്ന് അവകാശപ്പെടുന്ന വ്യക്തികളുടെ ചിത്രങ്ങളും പ്രതിഷേധക്കാരിൽ ചിലർ പ്രദർശിപ്പിച്ചിരുന്നു. അതേസമയം “ടീം മെല്ലി” എന്നറിയപ്പെടുന്ന ഇറാൻ ടീമിന് ശക്തമായ ആരാധക പിന്തുണയും ലഭിച്ചിരുന്നു. ടിജുവാനയിൽ നിന്ന് പുറപ്പെടുന്നതിന് മുമ്പ് നൂറുകണക്കിന് ഇറാനിയൻ ആരാധകർ ടീം താമസിക്കുന്ന ഹോട്ടലിന് പുറത്ത് ഒത്തുകൂടി പതാകകൾ വീശിയും മുദ്രാവാക്യങ്ങൾ മുഴക്കിയുമാണ് താരങ്ങളെ യാത്രയാക്കിയത്. “ഇറാൻ നിങ്ങൾ ഒരിക്കലും ഒറ്റപ്പെടില്ല, മെക്സിക്കോ നിങ്ങളോടൊപ്പമുണ്ട്” എന്നെഴുതിയ ബാനറും ഒത്തുകൂടിയവർ പ്രദർശിപ്പിച്ചിരുന്നു.

നേരത്തെ ഫിഫ ലോകകപ്പ് ഫുട്ബോൾ ടൂർണ്ണമെൻ്റിലെ മത്സരങ്ങൾക്കായി അമേരിക്കയിൽ എത്താൻ ഇറാൻ ദേശീയ ഫുട്ബോൾ ടീമിന് മുന്നിൽ അമേരിക്ക കർശന ഉപാധികൾ വെച്ചിരുന്നു. മത്സരദിവസം രാവിലെ മാത്രമേ ഇറാനിയൻ ഫുട്ബോൾ ടീമിന് അമേരിക്കയിൽ കാല് കുത്താൻ അനുവാദമുള്ളു. മത്സരത്തിൻ്റെ ഫൈനൽ വിസിൽ മുഴങ്ങിയ ഉടൻ തന്നെ ഇറാൻ ടീം രാജ്യം വിടണമെന്ന കർശന വ്യവസ്ഥയും അമേരിക്ക മുന്നോട്ട് വെച്ചിരുന്നു.
ന്യൂസിലാൻഡ്, ബെൽജിയം, ഈജിപ്റ്റ് എന്നീ രാജ്യങ്ങൾക്കൊപ്പം ഗ്രൂപ്പ് ജിയിലാണ് ഇറാൻ ഇടംപിടിച്ചിരിക്കുന്നത്. ജൂൺ 16ന് ലോസ് ഏഞ്ചൽസിൽ ന്യൂസിലാൻഡിനെതിരെയാണ് ഇറാൻ്റെ ആദ്യ മത്സരം. ജൂൺ 22ന് ഇതേ സ്റ്റേഡിയത്തിൽ ബെൽജിയത്തിനെ ഇറാൻ നേരിടും. ജൂൺ 27ന് വാഷിംഗ്ടണിലെ സിയാറ്റിൽ സ്റ്റേഡിയത്തിൽ ഇറാൻ ഈജിപ്തിനെ നേരിടും. ന്യൂസിലാൻഡ്, ബെൽജിയം, ഈജിപ്റ്റ് എന്നീ രാജ്യങ്ങൾക്കൊപ്പം ഗ്രൂപ്പ് ജിയിലാണ് ഇറാൻ ഇടംപിടിച്ചിരിക്കുന്നത്. ജൂൺ 16ന് ലോസ് ഏഞ്ചൽസിൽ ന്യൂസിലാൻഡിനെതിരെയാണ് ഇറാൻ്റെ ആദ്യ മത്സരം. ജൂൺ 22ന് ഇതേ സ്റ്റേഡിയത്തിൽ ബെൽജിയത്തിനെ ഇറാൻ നേരിടും. ജൂൺ 27ന് വാഷിംഗ്ടണിലെ സിയാറ്റിൽ സ്റ്റേഡിയത്തിൽ ഇറാൻ ഈജിപ്തിനെ നേരിടും.