ആനയെ തീ കൊളുത്തി കൊന്ന സംഭവം; 55 റിസോര്‍ട്ടുകള്‍ പൂട്ടി

ഇന്നും പരിശോധന തുടരും. ലൈസന്‍സും മറ്റു അനുമതികളും ഇല്ലാതെ പ്രവര്‍ത്തിച്ചവയാണ് പൂട്ടിയത്

ചെന്നൈ: ആനയെ ടയറില്‍ തീ കൊളുത്തി കൊന്ന സംഭവത്തില്‍ കര്‍ശന നടപടിയുമായി തമിഴ്‌നാട് നീലഗിരി ജില്ലാ ഭരണകൂടം. റിസോര്‍ട്ടുകളുടെ ലൈസന്‍സ് പരിശോധിക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.

ആന ചരിഞ്ഞ മസിനഗുഡിയില്‍ ഒരു ദിവസത്തെ പരിശോധനയില്‍ 55 റിസോര്‍ട്ടുകള്‍ പൂട്ടി. ഇന്നും പരിശോധന തുടരും. ലൈസന്‍സും മറ്റു അനുമതികളും ഇല്ലാതെ പ്രവര്‍ത്തിച്ചവയാണ് പൂട്ടിയത്. ആനയെ കൊന്ന റിസോര്‍ട്ടിന് ലൈസന്‍സ് ഇല്ലായിരുന്നുവെന്ന് കണ്ടെത്തതിനെ തുടര്‍ന്നാണ് നടപടി.

കഴിഞ്ഞ നവംബറിലാണ് ആനയെ തീകൊളുത്തിയതെന്നു കരുതുന്നതായി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നു. ചികിത്സ തുടരുന്നതിനിടെ ജനുവരി 19നാണ് ആന ചരിഞ്ഞത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് ആനയെ തീകൊളുത്തിയതാണെന്ന് വ്യക്തമായത്.