പാസ്‌പോര്‍ട്ട് പൗരത്വത്തിന് തെളിവല്ല; ഇന്ത്യൻ പൗരത്വം സ്ഥാപിക്കുന്ന രേഖകള്‍ ഏതെല്ലാം?

ഡല്‍ഹി: പാസ്‌പോർട്ട് ഇന്ത്യൻ പൗരത്വം തെളിയിക്കുന്ന രേഖയല്ലെന്ന് വിദേശകാര്യ മന്ത്രാലയം (എംഇഎ) വ്യക്തമാക്കിയതോടെ ഇന്ത്യൻ പൗരത്വം സ്ഥാപിക്കുന്ന രേഖകള്‍ ഏതൊക്കെയാണെന്ന ചോദ്യം സജീവമാണ്.

പൗരത്വത്തിനും സർക്കാർ ആനുകൂല്യങ്ങള്‍ക്കും യോഗ്യത തെളിയിക്കുന്നതിനായി പാസ്‌പോർട്ട് വ്യാപകമായി ഉപയോഗിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്ര സർക്കാരിൻ്റെ പുതിയ പ്രസ്താവനയുണ്ടായത്.
പാസ്‌പോർട്ടുകള്‍ വിദേശ യാത്ര സാധ്യമാക്കുകയും വിദേശ രാജ്യങ്ങളില്‍ ഇന്ത്യക്കാരൻ്റെ ഐഡന്റിറ്റി സ്ഥാപിക്കുകയും ചെയ്യുക എന്നതാണ് പാസ്പോർട്ടിൻ്റെ പ്രാഥമിക ലക്ഷ്യമെന്ന് ഉദ്യോഗസ്ഥർ ഊന്നിപ്പറഞ്ഞു. ഇന്ത്യൻ പൗരത്വത്തിന്റെയും സർക്കാർ ആനുകൂല്യങ്ങള്‍ക്കുള്ള യോഗ്യതയുടെയും തെളിവായി പാസ്‌പോർട്ടുകള്‍ ഉപയോഗിക്കുന്നതിനെക്കുറിച്ചുള്ള പൊതുജനങ്ങളുടെ ആശയക്കുഴപ്പത്തിനിടയിലാണ് ഈ വിശദീകരണം.

ജനനം കൊണ്ട് ഇന്ത്യക്കാരായ ഭൂരിഭാഗം പേർക്കും ജനന സർട്ടിഫിക്കറ്റാണ് പൗരത്വം തെളിയിക്കുന്ന അടിസ്ഥാന രേഖ. ഇന്ത്യൻ പൗരത്വ നിയമങ്ങള്‍ പ്രകാരം 1950 ജനുവരി 26നും 1987ജൂലൈ ഒന്നിനും ഇടയില്‍ ഇന്ത്യയില്‍ ജനിച്ച ആളുകളെ ജനനം കൊണ്ട് പൗരന്മാരായി കണക്കാക്കും. മാതാപിതാക്കളുടെ പൗരത്വം പരിഗണിക്കാതെ ഇന്ത്യയില്‍ ജനിച്ചു എന്നത് മാത്രമാണ് അക്കാലത്ത് പൗരത്വത്തിനുള്ള അടിസ്ഥാനം.
1987 ജൂലൈ ഒന്നിമും 2004 ഡിസംബർ മൂന്നിനും ഇടയില്‍ ജനിച്ചവർക്ക് മാതാപിതാക്കളില്‍ ഒരാളെങ്കിലും ഇന്ത്യൻ പൗരനായിരിക്കണം. 2004 ഡിസംബർ മൂന്നിനോ അതിനുശേഷമോ ജനിച്ചവർക്ക് മാതാപിതാക്കള്‍ രണ്ടുപേരും ഇന്ത്യൻ പൗരന്മാരാണെങ്കില്‍ അല്ലെങ്കില്‍ മാതാപിതാക്കളില്‍ ഒരാള്‍ ഇന്ത്യൻ പൗരനാണെങ്കിലും മറ്റൊരാള്‍ നിയമവിരുദ്ധ കുടിയേറ്റക്കാരനല്ലെങ്കില്‍ മാത്രമേ ജനനം കൊണ്ട് പൗരന്മാരാകാൻ യോഗ്യതയുള്ളൂ. ഇതുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കേണ്ടതുണ്ട്.
ഇന്ത്യയിലെ പൗരത്വ രേഖകളെക്കുറിച്ച് സമീപ കാലങ്ങളില്‍ ചർച്ചകളും ആശങ്കകളും ശക്തമാണ്. ഈ വർഷം ആദ്യം വോട്ടർ പട്ടികയുടെ സ്‌പെഷ്യല്‍ ഇന്റൻസീവ് റിവിഷൻ (എസ്‌ഐആർ) സംബന്ധിച്ച വാദം കേള്‍ക്കലില്‍ ആധാർ കേവലം ഒരു തിരിച്ചറിയല്‍ രേഖയാണെന്നും പൗരത്വത്തിന്റെ നിർണായക തെളിവല്ലെന്നും സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു. വോട്ടർ ഐഡി കാർഡുകള്‍ പ്രധാനമായും തെരഞ്ഞെടുപ്പ് ആവശ്യങ്ങള്‍ക്കും താമസസ്ഥലത്തിന്റെ തെളിവിനും വേണ്ടിയുള്ളതാണ്. വോട്ടർ കാർഡ് കൈവശം വയ്ക്കുന്നത് ഇന്ത്യൻ പൗരത്വം സ്ഥാപിക്കുന്നല്ല രേഖയല്ല.
അതേസമയം, രാജ്യത്ത് പാസ്‌പോർട്ട് സേവനങ്ങള്‍ വ്യാപിക്കുകയാണ്. ഇന്ത്യയില്‍ നിലവില്‍ 545 പാസ്‌പോർട്ട് സേവന കേന്ദ്രങ്ങളുണ്ട്. മുൻപ് 77 പാസ്പോർട്ട് കേന്ദ്രങ്ങള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. അതേസമയം ചിപ്പ് – സജ്ജീകരിച്ച ഇ – പാസ്‌പോർട്ടുകളുടെ വിതരണവും രാജ്യത്ത് അതിവേഗം പുരോഗമിക്കുകയാണ്.
