കാവേരി നദീജലത്തെ ചൊല്ലി തർക്കം; കർണാടകയിൽ സി ജോസഫ് വിജയ്ക്കെതിരെ പ്രതിഷേധം

കാവേരി നദീജല വിഷയത്തിൽ കർണാടകയിൽ തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്ക്കെതിരെ പ്രതിഷേധം. കാവേരി നദി ജലം വിട്ടു നൽകുന്നതിനെതിരെയാണ് കർഷകരുടെയും കന്നഡ സംഘടനകളുടെയും പ്രതിഷേധം. മാണ്ഡ്യയിൽ സി ജോസഫ് വിജയ് അഭിനയിച്ച ജനനായകൻ സിനിമയുടെ പോസ്റ്റർ വലിച്ചുകീറി.സിനിമ പ്രദർശിപ്പിക്കാൻ അനുവദിയ്ക്കില്ലെന്നും പ്രതിഷേധക്കാർ വ്യക്തമാക്കി.

ആഗസ്റ്റ് മൂന്നിന് കാവേരി വിഷയത്തിൽ മുഖ്യമന്ത്രി സി ജോസഫ് വിജയും കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാറും തമ്മിൽ ബംഗളൂരുവിൽ ചർച്ച നടക്കാനിരിയ്ക്കെയാണ് പ്രതിഷേധം ശക്തമാകുന്നത്. നേരത്തെ, തമിഴ്നാടിന് അടുത്ത 15 ദിവസത്തേയ്ക്ക് 3500 ക്യുസെക്സ് വീതം ജലം നൽകാൻ കാവേരി വാട്ടർ റഗുലേഷൻ കമ്മിറ്റി നിർദേശം നൽകിയിരുന്നു. എന്നാൽ ഇത് നടപ്പാക്കാൻ കർണാടക തയ്യാറായില്ല. സംസ്ഥാനത്ത് വരൾച്ചയാണെന്നും ജലം വിട്ടുനൽകാൻ സാധിയ്ക്കില്ലെന്നും കാണിച്ച്, കാവേരി വാട്ടർ മാനേജ്മെന്റ് അതോറിറ്റിയ്ക്ക് പരാതി നൽകിയെങ്കിലും, ഇന്ന് ചേർന്ന സിഡബ്ള്യുഎംഎ യോഗം കർണാടകയുടെ പരാതി തള്ളി.
