ഭര്‍ത്താവ് സ്വകാര്യ ദൃശ്യങ്ങള്‍ വിറ്റെന്ന പരാതി; കുട്ടിയുടെ മുന്നില്‍ വച്ച് ലൈംഗിക വൈകൃതം കാണിച്ചെന്ന പരാതിയില്‍ സിഡബ്ല്യുസിയുടെ ഇടപെടല്‍

കൊല്ലം: സ്വകാര്യ ദൃശ്യങ്ങള്‍ ചിത്രീകരിച്ച് ഭര്‍ത്താവ് അശ്ലീല സൈറ്റുകള്‍ക്ക് വിറ്റെന്ന യുവതിയുടെ പരാതിയില്‍ സിഡബ്ല്യുസിയുടെ ഇടപെടല്‍. നാല് വയസുകാരിയായ മകളുടെ മുന്നില്‍ വച്ച് പ്രതി ലൈംഗിക വൈകൃതം കാണിച്ചെന്ന പരാതിയിലാണ് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ഇടപെട്ടത്. കുട്ടിയ്ക്ക് കൗണ്‍സിലിങ് നല്‍കി മൊഴി രേഖപ്പെടുത്താനാണ് നിര്‍ദേശം.

ഭര്‍ത്താവിനെതിരെ പോക്‌സോ വകുപ്പ് ചുമത്തണമെന്നായിരുന്നു യുവതിയുടെ ആവശ്യം. എന്നാല്‍ ഇതിന് പൊലീസ് തയ്യാറാകാത്തതിനെ തുടര്‍ന്ന് യുവതി പരാതി നല്‍കുകയും സിഡബ്ല്യുസി കേസില്‍ ഇടപെടുകയുമായിരുന്നു. കുഞ്ഞിന്റെ മൊഴി ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിന്റെ സഹായത്തോടെ രേഖപ്പെടുത്താനാണ് സിഡബ്ല്യുസി നിര്‍ദേശം നല്‍കിയിരിക്കുന്നത്. കൊല്ലം ജില്ലാ ആശുപത്രി സൂപ്രണ്ടിനാണ് നിര്‍ദേശം. എന്നാല്‍ യുവതി ആരോപിച്ച കാര്യങ്ങള്‍ സാധിക്കുന്ന ഒരു വിവരങ്ങളും കുട്ടിയില്‍ നിന്ന് ലഭിച്ചില്ലെന്നായിരുന്നു പൊലീസ് വിശദീകരിച്ചിരുന്നത്.
നാല് വയസുകാരി മകളുടെ മുന്നില്‍ വെച്ച് ലൈംഗിക വൈകൃതങ്ങള്‍ കാട്ടുകയും അത് ചിത്രീകരിക്കുകയും ചെയ്തുവെന്നതാണ് ഗുരുതരമായ ആരോപണം. ഡിജിപിക്കും പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്കും കഴിഞ്ഞ ദിവസം പരാതി നല്‍കിയിരുന്നു. കൊല്ലം കമ്മിഷണര്‍ അവധി ആയതിനാലാണ് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയത്.

സംഭവത്തില്‍ പൊലീസ് ഇന്നലെ കേസെടുത്തിരുന്നു. BNS 77, 118(1), 115(2), ഐടി ആക്ട് എന്നിവ ചുമത്തിയാണ് കേസ്. പ്രതി ഭാര്യയുടെ നഗ്‌നചിത്രങ്ങള്‍ പകര്‍ത്തിയത് 2022 മുതല്‍ ഉള്ള കാലയളവിലാണ്. അശ്ലീല ദൃശ്യങ്ങള്‍ ഈ വര്‍ഷം വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്തു. നാട്ടിലെത്തിയ ശേഷം പരാതിക്കാരിയെ ഭര്‍ത്താവ് മര്‍ദിച്ചത് കുട്ടിക്ക് മുന്നില്‍ ലൈംഗിക വൈകൃതം നടത്തിയത് ചോദ്യം ചെയ്തതിനാണ്. ഒളിവിലുള്ള പ്രതിക്കായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.
