പ്രതികരണവുമായി കാന്തപുരം: ‘ആത്മീയ ചർച്ചകളെ ബോധപൂർവ്വം വിവാദങ്ങളിലേക്കും വിഭാഗീയതയിലേക്കും വഴിതിരിച്ചുവിടുന്നു; ദുഷ്ടലാക്കുകളെ തികഞ്ഞ ജാഗ്രതയോടെ വേണം നാം സമീപിക്കാൻ’

കോഴിക്കോട് : കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ തൻ്റെ സംഘടനാ കീഴ് ഘടകങ്ങൾക്ക് നൽകിയ സർക്കുലറിൻ മേൽ വിവാദം കൊടിമ്പിരി കൊള്ളുന്നതിനിടെ പ്രതികരണവുമായി കാന്തപുരം. ഫേസ്ബുക്കിലൂടെയാണ് തൻ്റെ പ്രതികരണം കാന്തപുരം വ്യക്തമാക്കിയത്.

സിപിഎം നേതാവ് ശ്രീമതി ടീച്ചർ തുടങ്ങി വച്ച് എസ് എഫ് ഐ , ഡി വൈ എഫ് ഐ , കോൺഗ്രസും മുഖ്യമന്ത്രിയും ഏറ്റു പിടിച്ച വിവാദം ഒടുവിൽ ബിജെപി മഹിളാസംഘടന കാന്തപുരത്തിൻ്റെ കോലം കത്തിക്കലിൽ വരെ എത്തിയ സാഹചര്യത്തിലാണ് നിലപാട് വ്യക്തമാക്കി കാന്തപുരം രംഗത്ത് വന്നത്.
കാന്തപുരത്തിൻ്റെ ഫേസ് ബുക്ക് കുറിപ്പിൻ്റെ പൂർണ രൂപം :

സംവാദങ്ങൾ ആശയങ്ങളെ നിഷ്പക്ഷമായി വിലയിരുത്താനും പുതിയ കാര്യങ്ങൾ പഠിക്കാനുമുള്ള ആരോഗ്യകരമായ വേദികളാകണം. അതേസമയം, ഇത്തരം ആത്മീയ ചർച്ചകളെ ബോധപൂർവ്വം വിവാദങ്ങളിലേക്കും വിഭാഗീയതയിലേക്കും വഴിതിരിച്ചുവിടാൻ ശ്രമിക്കുന്നവരുടെ നിക്ഷിപ്ത താത്പര്യങ്ങൾ നാം കൃത്യമായി തിരിച്ചറിയുകയും വേണം. അറിവന്വേഷണങ്ങളെ അട്ടിമറിച്ച്, സമൂഹത്തിൽ ഭിന്നത വളർത്താനുള്ള ഇത്തരം ദുഷ്ടലാക്കുകളെ തികഞ്ഞ ജാഗ്രതയോടെ വേണം നാം സമീപിക്കാൻ. പ്രവർത്തകർ യാതൊരുവിധ പ്രകോപനങ്ങൾക്കും വശംവദരാകാൻ പാടില്ല. ഇത്തരം സാഹചര്യങ്ങളിൽ ഒട്ടും വൈകാരികമായി പ്രതികരിക്കാതെ, തികഞ്ഞ പക്വതയോടെയും വിവേകത്തോടെയും മാത്രമേ നാം ഇടപെടാവൂ. നാളിതുവരെയും ഏതു തിന്മകളെയും നന്മ കൊണ്ടു മാത്രം എതിരിട്ട സംസ്കാരമാണ് പാരമ്പര്യ സുന്നി വിശ്വാസികളുടേത്. നമ്മുടെ അടിസ്ഥാന ലക്ഷ്യങ്ങളിൽ നിന്ന് വ്യതിചലിക്കാതെ, അച്ചടക്കത്തോടെയും സംയമനത്തോടെയും മുന്നോട്ടു പോകണം. അല്ലാഹു എല്ലാവർക്കും നന്മകൾക്കു തൗഫീഖ് നൽകട്ടെ.
