Main Banner

അതിജീവനത്തിന്റെ പ്രതീകമായി ബുഷറ കോട്ടക്കൽ: ജില്ലയിലെ ഏറ്റവും പ്രായം കുറഞ്ഞ സാക്ഷരത മിഷൻ തുല്യത പഠിതാവിന് ആദരം

മലപ്പുറം: പ്രാരാബ്ധങ്ങൾ കാരണം എൽ.കെ.ജി. ക്ലാസ്സിൽ വെച്ച് അവസാനിപ്പിക്കേണ്ടി വന്ന പഠനം നിശ്ചയദാർഢ്യത്തിന്റെ കരുത്തിൽ പത്താം തരം തുല്യത വരെയെത്തിച്ച കോട്ടക്കൽ സ്വദേശിയായ ബുഷറയെ ജില്ലാ സാക്ഷരത മിഷന്റെ നേതൃത്വത്തിൽ ആദരിച്ചു. സാക്ഷരത മിഷന്റെ ജില്ലയിലെ ഏറ്റവും പ്രായം കുറഞ്ഞ തുല്യത പഠിതാവാണ് ഇരുപത്തിരണ്ടുകാരിയായ ബുഷ്‌റ. പ്രതിസന്ധികളോട് പൊരുതി മുന്നേറുന്ന ഈ മിടുക്കി ഇന്ന് സംസ്ഥാന സാക്ഷരതാ മിഷന്റെ അഭിമാനതാരമാണ്.

1 st paragraph

എൽ.കെ.ജിയിൽ വെച്ച് ഔപചാരിക വിദ്യാഭ്യാസം നിന്നുപോയ ബുഷ്‌റയ്ക്ക് അറിവിന്റെ പുതിയൊരു ലോകം തുറന്നുനൽകിയത് സാക്ഷരതാ മിഷന്റെ അനൗപചാരിക വിദ്യാഭ്യാസ പദ്ധതികളാണ്. അക്ഷരങ്ങളോടുള്ള അടങ്ങാത്ത മോഹം മനസ്സിൽ സൂക്ഷിച്ച ബുഷ്‌റ, 2018-ൽ നാലാം തരം തുല്യതാ പരീക്ഷ മികച്ച വിജയത്തോടെ പൂർത്തിയാക്കി. തുടർന്ന് ഏഴാം തരം തുല്യതയും കടന്ന് നിലവിൽ പത്താം തരം തുല്യതാ പരീക്ഷയ്ക്കുള്ള തീവ്ര പരിശീലനത്തിലാണ് ഈ മിടുക്കി.

കോട്ടക്കൽ തോക്കാംപാറ ബ്രദേർസ് ക്വാർട്ടേഴ്സിൽ പരേതനായ എ. ശിഹാബുദ്ദീന്റെയും സുലൈഖയുടെയും ഏക മകളാണ് ബുഷ്‌റ. ഭർത്താവിന്റെ വേർപാടിനു ശേഷം സൂപ്പർ മാർക്കറ്റിൽ ജോലി ചെയ്താണ് മകളുടെ പഠനസ്വപ്നങ്ങൾക്ക് എല്ലാവിധ പിന്തുണയും നൽകി അമ്മ കൂടെ നിൽക്കുന്നത്.

2nd paragraph

കോട്ടപ്പടി ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ പത്താം തരം തുല്യതാ പഠന കേന്ദ്രത്തിലാണ് ബുഷ്‌റ പഠിക്കുന്നത്. തുല്യതാ പഠന കേന്ദ്രത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ സാക്ഷരതാ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ പി.വി. ശാസ്ത പ്രസാദ് പൊന്നാട അണിയിച്ച് ആദരിച്ചു.

ചടങ്ങിൽ ഹിന്ദി ഭാഷാ അധ്യാപിക പി. ദേവി, സെന്റർ കോ-ഓർഡിനേറ്റർ വി. ഹേമലത, ക്ലാസ് ലീഡർമാരായ സി.ടി. ഷെബീറലി, പി. തസ്മിയ എന്നിവർ സംസാരിച്ചു.