Main Banner

സുനാമിയെത്തിയാല്‍ എങ്ങനെ അതിജീവിക്കാം; വെളിയംകോട് തീരത്ത് മോക് ഡ്രില്ലിലൂടെ പരിശീലനം

 

സുനാമി പോലുള്ള കടല്‍ദുരന്തങ്ങളെ നേരിടുന്നതിനുള്ള തയ്യാറെടുപ്പും രക്ഷാപ്രവര്‍ത്തനങ്ങളുടെ ഏകോപനവും പരിശോധിച്ച് വിലയിരുത്തുന്നതിനായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ വെളിയംകോട് തണ്ണിത്തുറ സെന്ററില്‍ സുനാമി മോക് ഡ്രില്‍ സംഘടിപ്പിച്ചു. വെളിയങ്കോട് ഗ്രാമപഞ്ചായത്തിലെ 18-ാം വാര്‍ഡിലാണ് മോക് ഡ്രില്‍ നടന്നത്.

1 st paragraph

സുനാമി മുന്നറിയിപ്പ് ലഭിക്കുന്നതു മുതല്‍ ജനങ്ങളെ സുരക്ഷിത മേഖലയിലേക്ക് മാറ്റുന്നതും രക്ഷാപ്രവര്‍ത്തനങ്ങളും അടിയന്തര ചികിത്സയും ദുരന്താനന്തര പ്രവര്‍ത്തനങ്ങളും ഏകോപിപ്പിക്കുന്നതിന്റെ പ്രായോഗിക പരിശീലനമാണ് മോക് ഡ്രില്ലിലൂടെ നടത്തിയത്.
രാവിലെ 9.45-ന് വിവിധ വകുപ്പുകളിലെ ജീവനക്കാരും വാഹനങ്ങളും വെളിയംകോട് നയാര പെട്രോൾ പമ്പിന് സമീപം അണിനിരന്നു. ഇന്ത്യാനേഷ്യയിലെ വടക്കന്‍ സുമാത്രയില്‍ റിക്ടര്‍ സ്കെയിലിൽ 8.8 രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായ അറിയിപ്പ് രാവിലെ 10-ന് വന്നതോടെ തീരദേശ ജില്ലകളില്‍ ജാഗ്രത പ്രഖ്യാപിച്ചു കൊണ്ടുള്ള ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ് വന്നു. ഇതോടെ ജനങ്ങള്‍ക്കുള്ള മുന്നറിയിപ്പ് അനൗണ്‍സ്‌മെന്റുകള്‍ വന്നുതുടങ്ങി. 10.30 ഓടെ സുനാമിത്തിരകള്‍ വെളിയംകോട് എത്തുമെന്ന സന്ദേശം വന്നു. സമയോചിതമായി ഇടപെട്ട പൊലീസ്, ഫയര്‍ ഫോഴ്സ്, തീരദേശ സേന, സിവില്‍ ഡിഫെന്‍സ് ഓഫീസര്‍മാര്‍ എന്നിവര്‍ തീരദേശത്തുള്ള കുടുംബങ്ങളെ മാറ്റിത്താമസിപ്പിച്ചു. മോട്ടോര്‍ വാഹന വകുപ്പ് രക്ഷാപ്രവര്‍ത്തനത്തിനായി മാര്‍ഗതടസങ്ങള്‍ ഒഴിവാക്കി.

വീടുകളില്‍ കുടുങ്ങിക്കിടന്ന കിടപ്പുരോഗികള്‍, കടലിൽ കുടുങ്ങിയവർ, വീടിനു മുകളിലും മരത്തിലുമായി കുടുങ്ങിയവർ എന്നിവരെ ദുരിതാശ്വാസ ക്യാമ്പായി സജ്ജീകരിച്ച മീറത്തുൽ ആംബിയ മദ്രസയിൽ എത്തിച്ചു. വൈദ്യസഹായം ആവശ്യമുള്ളവർക്ക് ചികിത്സ നല്‍കി. ഉച്ചയ്ക്ക് 12.00 ന് ജാഗ്രതാ നിര്‍ദേശം പിന്‍വലിച്ചതോടെ മോക്ക് ഡ്രില്‍ അവസാനിച്ചതായി ദുരന്ത നിവാരണ അതോറിറ്റി പ്രഖ്യാപിച്ചു.
പൊന്നാനി താലൂക്ക് എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്ററില്‍ പ്രവര്‍ത്തിച്ച ഇന്‍സിഡന്റ് കമാന്‍ഡ്മെന്റ് സംവിധാനത്തിലൂടെയാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്. ദുരന്തനിവാരണ വകുപ്പ്, പൊലീസ്, ഫയര്‍ഫോഴ്‌സ്, ആരോഗ്യം, ഫിഷറീസ്, കോസ്റ്റ് ഗാര്‍ഡ്, മോട്ടോര്‍ വാഹന വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പ്, വിദ്യാഭ്യാസ വകുപ്പ് തുടങ്ങിയ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സിവില്‍ ഡിഫന്‍സ്, ആപ്ത മിത്ര, ആശ, കുടുംബശ്രീ പ്രവര്‍ത്തകരും പൊതുജനങ്ങളും മോക് ഡ്രില്ലില്‍ പങ്കാളികളായി.മോക് ഡ്രില്ലിന്റെ ഭാഗമായി ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നതിനുള്ള നടപടികള്‍, രക്ഷാപ്രവര്‍ത്തനം, പ്രഥമശുശ്രൂഷ, ആശയവിനിമയം, ഗതാഗത നിയന്ത്രണം, ദുരന്തബാധിതര്‍ക്ക് ആവശ്യമായ സഹായം ലഭ്യമാക്കല്‍ തുടങ്ങിയ വിവിധ ഘട്ടങ്ങള്‍ പരിശോധിച്ചു. ദുരന്തസാഹചര്യത്തില്‍ വിവിധ വകുപ്പുകള്‍ തമ്മിലുള്ള ഏകോപനം ഉറപ്പാക്കുന്നതിനും അടിയന്തര പ്രതികരണ സംവിധാനങ്ങളുടെ കാര്യക്ഷമത വിലയിരുത്തുന്നതിനും ഡ്രില്‍ സഹായകമായി.

2nd paragraph

മോക് ഡ്രില്ലിന് ശേഷം ചേര്‍ന്ന അവലോകനയോഗത്തില്‍ പൊന്നാനി തഹസില്‍ദാര്‍ പ്രമോദ് പി. ലാസറസ്, ഡെപ്യൂട്ടി തഹസില്‍ദാര്‍ , കെ.കെ. ഗോപാലകൃഷ്ണൻ, വെളിയംകോട് പഞ്ചായത്ത് പ്രസിഡന്റ് ബബിത നൗഫൽ, പൊന്നാനി, തിരൂര്‍ ഫയര്‍ സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥര്‍, പൊലീസ് ഉദ്യോഗസ്ഥര്‍, ആരോഗ്യം, കോസ്റ്റ് ഗാര്‍ഡ്, സിവില്‍ ഡിഫെന്‍സ്, തുടങ്ങിയ വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

മോക് ഡ്രില്ലിന് മുന്നോടിയായി ടേബിള്‍ ടോപ് എക്‌സര്‍സൈസും പൊതുജനങ്ങള്‍ക്കും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ക്കുമായി ബോധവത്ക്കരണ ക്ലാസുകളും സംഘടിപ്പിച്ചിരുന്നു. തീരശോഷണം നേരിടുന്ന മേഖലയായതിനാലാണ് വെളിയങ്കോട് തീരപ്രദേശം സുനാമി മോക് ഡ്രില്ലിനായി തെരഞ്ഞെടുത്തത്.

യുനെസ്‌കോയുടെ നിയന്ത്രണത്തിലുള്ള ഇന്റര്‍നാഷണല്‍ ഓഷ്യനോഗ്രാഫിക് കമ്മീഷന്റെ സുനാമി റെഡി പ്രോഗ്രാമിന്റെ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ട തീരപ്രദേശങ്ങളിലാണ് ഇത്തരം മോക് ഡ്രില്ലുകള്‍ സംഘടിപ്പിക്കുന്നത്. സുനാമി ഉള്‍പ്പെടെയുള്ള തീരദേശ ദുരന്തങ്ങളെ നേരിടുന്നതിനുള്ള സമൂഹത്തിന്റെ തയ്യാറെടുപ്പ് ശക്തിപ്പെടുത്തുകയും ദുരന്തസാധ്യതകളെക്കുറിച്ച് പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കുകയും ചെയ്യുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം.