വൈദ്യുതി ഉപയോഗം കുതിച്ചുയര്‍ന്നു; ഇന്നലെ രേഖപ്പെടുത്തിയത് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന ഉപഭോഗം

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം കുതിച്ചുയര്‍ന്നു. ഇന്നലെ നിയന്ത്രണം വേണ്ടിവന്നില്ലെങ്കിലും ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വൈദ്യുതി ഉപഭോഗം ആയിരുന്നു ഇന്നലെ. കെഎസ്ഇബി ചെയര്‍മാനും ഡയറക്ടറും അടക്കമുള്ള ഉദ്യോഗസ്ഥര്‍ മറ്റു സംസ്ഥാനങ്ങളില്‍ ചര്‍ച്ചകള്‍ നടത്തിയെങ്കിലും വൈദ്യുതി ലഭിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. പവര്‍ എക്സ്ചേഞ്ചില്‍ നിന്നടക്കം വൈദ്യുതി ലഭിച്ചാല്‍ മാത്രമേ ഇന്നത്തെ നിയന്ത്രണം ഒഴിവാക്കാന്‍ കഴിയു.

99.87 ദശലക്ഷം യൂണിറ്റ് ആയിരുന്നു ഇന്നലെ വൈദ്യുതി ഉപയോഗം. പീക്ക് ടൈമിലെ വൈദ്യുതിയുടെ ആവശ്യകത 5305 ആയി ഉയര്‍ന്നു. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വൈദ്യുതി ഉപഭോഗ കണക്കായിരുന്നു ഇത്. നിയന്ത്രണം ഒഴിവാക്കാന്‍ കഴിഞ്ഞെങ്കിലും ഇന്ന് ഭാഗിക നിയന്ത്രണം വേണ്ടി വന്നേക്കും. 900 മെഗാ വാട്ടിന്റെ കുറവ് അനുഭവപ്പെടാന്‍ സാധ്യതയുണ്ട്. റിയല്‍ ടൈം മാര്‍ക്കറ്റില്‍ നിന്ന് വൈദ്യുതി ലഭിച്ചാല്‍ മാത്രമേ പ്രതിസന്ധി ഒഴിവാക്കാന്‍ ആകൂ. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വൈദ്യുതി എത്തിക്കാനുള്ള ശ്രമവും ഊര്‍ജ്ജിതമായി നടക്കുന്നു.
17 ദിവസത്തിനിടെ രണ്ടാം തവണ ഇന്നലെ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം വേണ്ടിവന്നില്ല. പവര്‍ എക്സ്ചേഞ്ചില്‍ നിന്ന് കേരളത്തിന് അര്‍ഹമായ വൈദ്യുതി ലഭിച്ചത് നിയന്ത്രണം ഒഴിവാക്കാന്‍ കാരണമായി. അയല്‍ സംസ്ഥാനങ്ങളായ കര്‍ണാടകയിലും തമിഴ്നാട്ടിലും വൈദ്യുതി ഉപഭോഗത്തില്‍ കാര്യമായ കുറവും ഉണ്ടായി.

ചെയര്‍മാനും ഡയറക്ടറും അടക്കമുള്ളവര്‍ വിവിധ സംസ്ഥാനങ്ങളില്‍ ചര്‍ച്ച നടത്തിയെങ്കിലും ഉടന്‍ വൈദ്യുതി എത്തിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. സോളാര്‍ എനര്‍ജി കോര്പ്പറേഷന് ഓഫ് ഇന്ത്യ ലിമിറ്റഡുമായി കെഎസ്ഇബി കരാര്‍ ഒപ്പിട്ടെങ്കിലും 2028 മുതല്‍ മാത്രമേ വൈദ്യുതി ലഭിച്ചു തുടങ്ങു. ആറുരൂപ നിരക്കില്‍ പീക്ക് ടൈമില്‍ 300 മെഗാവാട്ട് വൈദ്യുതി ലഭിക്കുന്ന 25 വര്‍ഷത്തേക്കുള്ള കരാറാണ് ഒപ്പിട്ടത്.
