Main Banner

അന്തർസംസ്ഥാന ലഹരി മാഫിയ സംഘത്തിലെ പ്രധാനികൾ ബിഹാറിലും ചെന്നൈയിലുമായി പിടിയിൽ; മഞ്ചേരി എം.ഡി.എം.എ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 13 ആയി

മലപ്പുറം: സംസ്ഥാനത്ത് രാസലഹരിയുടെ വിപണന ശൃംഖല തകർക്കുകയെന്ന ലക്ഷ്യത്തോടെ കേരള പോലീസ് നടപ്പാക്കുന്ന ‘ഓപ്പറേഷൻ തൂഫാൻ’ പദ്ധതിയിലൂടെ അന്തർസംസ്ഥാന ലഹരിമാഫിയയ്ക്ക് കനത്ത പ്രഹരം. മഞ്ചേരിയിൽ പത്ത് കോടിയോളം രൂപ വിലമതിക്കുന്ന 13 കിലോഗ്രാം എം.ഡി.എം.എ പിടികൂടിയ കേസിലെ മുഖ്യപ്രതികൾ ഉൾപ്പെടെ നാലുപേരെ പ്രത്യേക അന്വേഷണ സംഘം ബിഹാറിലെ ഭഗൽപൂരിൽ നിന്നും ചെന്നൈയിൽ നിന്നുമായി അറസ്റ്റ് ചെയ്തു. ഇതോടെ ഈ കേസിൽ പിടിയിലായവരുടെ എണ്ണം 13 ആയി ഉയർന്നു.

1 st paragraph

​മലപ്പുറം നടുവട്ടം സ്വദേശി മുഹമ്മദ് ഹാരിസ് (37), വയനാട് വടുവഞ്ചാൽ സ്വദേശി അഖിൽ ജോയി എന്ന ‘കിംഗ് മേക്കർ’ (32), പാലക്കാട് കൊപ്പം സ്വദേശി സലാഹുദ്ദീൻ (26) എന്നിവരെ ബിഹാറിലെ ഭഗൽപൂരിൽ നിന്നും തമിഴ്നാട് ഊട്ടി സ്വദേശി കാർത്തികിനെ (32) ചെന്നൈയിൽ നിന്നുമാണ് പ്രത്യേക അന്വേഷണ സംഘം വലയിലാക്കിയത്. ഇവരിൽ പലരും മുൻപ് കൊലപാതകം, ലഹരിക്കടത്ത്, കവർച്ച തുടങ്ങിയ കേസുകളിൽ ഉൾപ്പെട്ടവരാണ്.

സിനിമയെ വെല്ലുന്ന അന്വേഷണം

2nd paragraph

മൊബൈൽ ഫോൺ ഉപയോഗിക്കാതെ അതിവിദഗ്ധമായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികളെ കണ്ടെത്താൻ പത്തോളം സംസ്ഥാനങ്ങളിലായി ഒരാഴ്ചയോളം നീണ്ട രഹസ്യ നിരീക്ഷണമാണ് പോലീസ് നടത്തിയത്. പ്രതികൾ നേപ്പാൾ അടക്കമുള്ള അയൽരാജ്യങ്ങളിലേക്ക് കടക്കാൻ സാധ്യതയുണ്ടെന്ന വിവരത്തെ തുടർന്ന് അതിർത്തി സംസ്ഥാനങ്ങളിൽ ശക്തമായ നിരീക്ഷണം ഏർപ്പെടുത്തിയിരുന്നു. കണ്ണൂർ സിറ്റി ഡാൻസാഫ് നൽകിയ നിർണായക വിവരങ്ങളും അന്വേഷണത്തിന് വഴികാട്ടിയായി.

​ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മാഫിയയെ പൂട്ടാൻ മലപ്പുറം ജില്ലാ പോലീസ് മേധാവി ആർ. ചൈത്ര തെരേസ ജോണിന്റെ നേതൃത്വത്തിൽ മൂന്ന് പ്രത്യേക സംഘങ്ങളാണ് രൂപീകരിച്ചത്. ഡൽഹി, നോയിഡ, കൊൽക്കത്ത, ബെംഗളൂരു, ചെന്നൈ തുടങ്ങിയ നഗരങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ ഊർജിത അന്വേഷണത്തിനൊടുവിലാണ് ഒളിത്താവളങ്ങൾ കണ്ടെത്തിയത്. എഡിജിപി പി. വിജയൻ, നോഡൽ ഓഫീസർ ഐജി പുട്ട വിമലാദിത്യ, ഡിഐജി ടി. നാരായണൻ എന്നിവരുടെ നേരിട്ടുള്ള മേൽനോട്ടത്തിലായിരുന്നു നീക്കം.

വൻ റാക്കറ്റ്, ഞെട്ടിക്കുന്ന കണ്ടെത്തലുകൾ

നോയിഡ, ഡൽഹി, കൊൽക്കത്ത, ബെംഗളൂരു എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘം നിരവധി കാരിയർമാർ വഴിയാണ് കേരളത്തിലേക്ക് വൻതോതിൽ സിന്തറ്റിക് രാസലഹരി എത്തിച്ചിരുന്നത്. കേരളം, കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലെ ലഹരി വിതരണ ശൃംഖലയെക്കുറിച്ചുള്ള വ്യക്തമായ സൂചനകൾ പോലീസിന് ലഭിച്ചിട്ടുണ്ട്. പ്രതികൾ മലപ്പുറം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ, എറണാകുളം ജില്ലകളിലെ നിരവധി ലഹരിക്കേസുകളിൽ ഉൾപ്പെട്ടവരാണ്. പ്രതികൾക്ക് സാമ്പത്തിക ഇടപാടുകൾക്കായി ബാങ്ക് അക്കൗണ്ടുകൾ നൽകി സഹായിച്ചവർക്കെതിരെയും കർശന നടപടിയുണ്ടാകുമെന്ന് പോലീസ് വ്യക്തമാക്കി.