Main Banner

മലയാള സർവകലാശാല ജാതി അതിക്ഷേപം: മൂന്ന് പേർക്കെതിരെ ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ട് എസ്.സി/എസ്.ടി.കമ്മീഷന്‍ 

മലപ്പുറം ജില്ലാ തല സിറ്റിംഗിൽ 37 പരാതികള്‍ പരിഗണിച്ചു

മലപ്പുറം: സംസ്ഥാന എസ്.സി/എസ്.ടി കമ്മീഷന്റെ മലപ്പുറം ജില്ലാതല സിറ്റിങ് കമ്മീഷനംഗങ്ങളായ ടി.കെ.വാസു, അഡ്വ. സേതു നാരായണന്‍ എന്നിവരുടെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫ്രറന്‍സ് ഹാളില്‍ ചേര്‍ന്നു. അദാലത്തില്‍ 37 പരാതികളാണ് പരിഗണിച്ചത്. ഇതില്‍ 33 പരാതികള്‍ പൂര്‍ണമായും പരിഹരിച്ചു. നാലു പരാതികള്‍ അടുത്ത അദാലത്തില്‍ പരിഗണിക്കും.

1 st paragraph

പ്രധാനമായും ഭൂമി സംബന്ധമായ പരാതികളാണ് അദാലത്തില്‍ ഉയര്‍ന്നത്. മുന്‍ അദാലത്തുകളിലെ നിര്‍ദ്ദേശമനുസരിച്ച് കാഷ്വല്‍ ലേബറായി ജോലി ചെയ്തിരുന്ന തൊഴിലാളിക്ക് മഞ്ചേരി നഗരസഭയില്‍ താത്ക്കാലിക ശുചീകരണ ജീവനക്കാരിയായി സ്ഥിര നിയമനം നല്‍കാന്‍ കഴിഞ്ഞുവെന്ന് കമ്മീഷന്‍ വ്യക്തമാക്കി. കൂടാതെ, മലയാള സര്‍വ്വകലാശാലയില്‍ ഗവേഷണ വിദ്യാര്‍ഥി ജാതി അധിക്ഷേപത്തിന് ഇരയായ കേസില്‍ കമ്മീഷന്റെ ഇടപെടലിനെ തുടര്‍ന്ന് ഉന്നത അധികാരികള്‍ ഉള്‍പ്പെടെ മൂന്നു പേര്‍ക്കെതിരെ ജുഡീഷ്യല്‍ അന്വേഷണത്തിനും ഉത്തരവായിട്ടുണ്ട്.

സ്വാതന്ത്ര്യത്തിന് മുന്‍പ് പരാതിക്കാരിയുടെ കുടുംബത്തിന് അവകാശപ്പെട്ട ഭൂമി 1986 മുതല്‍ മറ്റു സ്വകാര്യ വ്യക്തികളുടെ കൈവശമെത്തിയ വിഷയത്തില്‍ നേരിട്ട് അന്വേഷണം നടത്തി ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കമ്മീഷന്‍ ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടു. അതോടൊപ്പം, പട്ടിക വിഭാഗങ്ങള്‍ മാത്രം താമസിക്കുന്ന പ്രദേശത്ത് കുടിവെള്ളം എത്തിക്കുന്നില്ലെന്ന പരാതിയില്‍ കേരള വാട്ടര്‍ അതോറിറ്റി പ്രശ്‌നം പരിഹരിച്ച് റിപ്പോര്‍ട്ട് നല്‍കിയതായും കമ്മീഷന്‍ അറിയിച്ചു.

2nd paragraph

മലപ്പുറം ജില്ലയില്‍ കമ്മീഷന്റെ മൂന്നാമത്തെ അദാലത്തായിരുന്നു ഇത്. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലായി നടന്ന രണ്ട് അദാലത്തുകളിലായി 246 പരാതികളാണ് പരിഗണിച്ചിരുന്നത്. ഇതില്‍ 196 പരാതികള്‍ അന്നുതന്നെ തീര്‍പ്പാക്കുകയും 50 പരാതികള്‍ മാറ്റിവെക്കുകയുമായിരുന്നു. ഇതോടെ ജില്ലയില്‍ നടന്ന അദാലത്തുകളിലായി കമ്മീഷന്‍ പരിഗണിച്ച ആകെ പരാതികളുടെ എണ്ണം 283 ആയി.

 

ഇന്നത്തെ (ബുധന്‍) അദാലത്തില്‍ ലഭിച്ച 37 പരാതികളില്‍ 11 എണ്ണം റവന്യൂ വകുപ്പുമായി ബന്ധപ്പെട്ടവയായിരുന്നു. തദ്ദേശ സ്വയംഭരണ വകുപ്പ് (10), പോലീസ് (9), ഹെല്‍ത്ത് (1), വാട്ടര്‍ അതോറിറ്റി (1), ബാങ്ക് (1), കെ.എസ്.ആര്‍.ടി.സി (1), കൃഷി വകുപ്പ് (1), സര്‍വ്വകലാശാല (1), ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ (1) എന്നിങ്ങനെയാണ് മറ്റ് വകുപ്പുകളിലെ പരാതികളുടെ കണക്ക്.

 

ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോണ്‍, എ.ഡി.എം. പി.ഒ.സാദിഖ്, എസ്.സി.ഡവലപ്‌മെന്റ് ഓഫീസര്‍ ഇന്‍ ചാര്‍ജ് ജിസ്.കെ.ജോസ് എന്നിവര്‍ അദാലത്തില്‍ സന്നിഹിതരായിരുന്നു.