പഴയ വാഹനങ്ങള്‍ക്ക് ‘ദയാവധം’ വിധിച്ച് കേന്ദ്ര ബജറ്റ്.
ന്യൂഡല്‍ഹി: പഴയ വാഹനങ്ങള്‍ക്ക് ‘ദയാവധം’ വിധിച്ച് കേന്ദ്ര ബജറ്റ്. കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള വെഹിക്കിള്‍ സ്‌ക്രാപ്പിങ്ങ് പോളിസിക്ക് കേന്ദ്ര ബജറ്റില്‍ ഇടം നല്‍കി. സ്വകാര്യ വാഹനങ്ങള്‍ക്ക് 20 വര്‍ഷവും വാണിജ്യ വാഹനങ്ങള്‍ക്ക 15 വര്‍ഷവും ആയുസ്സ് നിശ്ചയിച്ച് പൊളിക്കാന്‍ നിര്‍ദേശിക്കുന്നതാണ് കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ചിട്ടുള്ള വെഹിക്കിള്‍ സ്‌ക്രാപ്പിങ്ങ് പോളിസി.
15 വര്‍ഷം പഴക്കമുള്ള വാണിജ്യ വാഹനങ്ങളും 20 വര്‍ഷം പഴക്കമുള്ള സ്വകാര്യ വാഹനങ്ങളും ഓട്ടോമാറ്റിക് ഫിറ്റ്‌നെസ് സെന്ററുകളുടെ സഹായത്തോടെ പരിശോധനയ്ക്ക് വിധേയമാക്കും. ഈ പരിശോധന ഫലത്തിന്റെ അടിസ്ഥാനത്തിലായിരിക്കും പഴയ വാഹനങ്ങള്‍ പൊളിക്കുക. സ്‌ക്രാപ്പിങ്ങ് പോളിസി സംബന്ധിച്ച നിര്‍ദേശങ്ങള്‍ ഇതുമായി ബന്ധപ്പെട്ട മന്ത്രാലത്തിന് നല്‍കിയിട്ടുണ്ടെന്നും ധനമന്ത്രി നിര്‍മല സീതാരാന്‍ ബജറ്റ് അവതരണത്തില്‍ അറിയിച്ചു. ഇന്ത്യയില്‍ സ്‌ക്രാപ്പിങ്ങ് പോളിസി നടപ്പാക്കുന്നതിന്റെ ആദ്യ പടിയായി 2022 ഏപ്രില്‍ ഒന്നിന് 15 വര്‍ഷം പഴക്കമെത്തിയ സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനങ്ങളുടെ വാഹനങ്ങള്‍ പൊളിച്ച് നീക്കണമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം കഴിഞ്ഞ ദിവസം നിര്‍ദേശം നല്‍കിയിരുന്നു. കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ ഉടമസ്ഥതയിലുള്ള വാഹനങ്ങള്‍ക്ക് ഈ നിര്‍ദേശം ബാധകമായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്.