‘മകളേ… നിന്നെ വേദനിപ്പിച്ചയാള്‍ ഇനി സ്വതന്ത്രനായി സൂര്യോദയം കാണില്ല’; ശ്രദ്ധ നേടി പോക്സോ കേസിലെ അതിജീവിതയ്ക്ക് ജഡ്ജി എഴുതിയ കത്ത്

ഡല്‍ഹി: പോക്സോ കേസിലെ അതിജീവിതയായ പത്തുവയസുകാരിയെ മകളേയെന്ന് വിളിച്ച് ചേര്‍ത്തുപിടിച്ച് ജഡ്ജി. പെണ്‍കുട്ടിയ്ക്ക് ഡല്‍ഹി രോഹിണിയിലെ പ്രത്യേക കോടതി ജഡ്ജി രജനി രംഗ എഴുതിയ കത്ത് ഏറെ ഹൃദയസ്പര്‍ശിയായി. ഏഴ് വയസുള്ളപ്പോഴാണ് പെണ്‍കുട്ടി പീഡനം നേരിട്ടത്.ക്രൂരമായി ഉപദ്രവിച്ച സുമിത് ശാക്യയ്ക്ക് ജീവപര്യന്തം തടവുശിക്ഷയാണ് കോടതി വിധിച്ചത്. ധീരയെന്ന് കൊച്ചുപെണ്‍കുട്ടിയെ വിശേഷിപ്പിച്ച് ന്യായാധിപ എഴുതിയ ആ കത്തിലെ വരികള്‍ ആരുടേയും ഹൃദയത്തെ തൊടുന്നതായിരുന്നു.

‘മകളേ, നീ അങ്കിള്‍ എന്നു വിളിച്ചിരുന്ന അയാള്‍ ഇനിയൊരിക്കലും സ്വതന്ത്രനായി പുറത്തിറങ്ങി നടക്കരുതെന്നു വിധിച്ചിരിക്കുന്നു. വാര്‍ധക്യംവരെ അയാള്‍ തടവറയിലായിരിക്കും. അതിനുള്ളില്‍ കിടന്നു മരിക്കും. പിന്നെയോ നിന്റെ കുഞ്ഞനുജത്തിയെയോ മറ്റൊരു കുട്ടിയെയോ ഉപദ്രവിക്കാന്‍ അയാള്‍ ഇനി വരില്ല. ഈ കോടതി കണ്ടതിലുവെച്ച് ഏറ്റവും ധൈര്യശാലിയാണ് നീ. പേടിച്ചു മിണ്ടാതിരുന്നില്ല, ഉപദ്രവിച്ചയാളെ ചൂണ്ടിക്കാട്ടി നീ സത്യം പറഞ്ഞു. നഷ്ടപ്പെട്ട നിന്റെ ബാല്യം തിരിച്ചു നല്‍കാനാകില്ല. പക്ഷേ ഒന്നുറപ്പു തരാം, നിന്നെ വേദനിപ്പിച്ചയാള്‍ ഇനി സ്വതന്ത്രനായി സൂര്യോദയം കാണില്ല.
ഇനി നീ സ്കൂളില്‍ പോകണം. കൂട്ടുകാരെ കണ്ടെത്തണം. ചിരിക്കണം. സ്വപ്നങ്ങളില്‍ മുഴുകണം. നിന്റെ ധൈര്യം ഈ കോടതി എന്നുമോര്‍ക്കും’.
