സംസ്ഥാനത്ത് എട്ട് എം.ജി.എല്‍.സികള്‍ എല്‍.പി സ്‌കൂളുകളാക്കി ഉയര്‍ത്തി

സംസ്ഥാനത്ത് പ്രവര്‍ത്തിച്ചുവന്നിരുന്ന എട്ട് ഏകാധ്യാപക വിദ്യാലയങ്ങളെ (എം.ജി.എല്‍.സി.) സര്‍ക്കാരിന്റെ ആദ്യ നൂറു ദിന കര്‍മപരിപാടിയുടെ ഭാഗമായി ഗവ. ലോവര്‍ പ്രൈമറി സ്‌കൂളുകളായി ഉയര്‍ത്തുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം മലപ്പുറം കിഴിശ്ശേരി മേല്‍മുറി ബദല്‍ സ്‌കൂളില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്‍. ഷംസുദ്ധീന്‍ നിര്‍വഹിച്ചു. ചടങ്ങില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ. ബഷീര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാനത്ത് ഇനി ഏകാധ്യാപക വിദ്യാലയങ്ങള്‍ എന്ന സംവിധാനം ഉണ്ടാകില്ലെന്നും കാലാനുസൃതമായ അടിസ്ഥാന സൗകര്യങ്ങളും അധ്യാപകരുമുള്ള പൂര്‍ണ്ണ സജ്ജമായ എല്‍.പി സ്‌കൂളുകളായി ഇവയെല്ലാം പ്രവര്‍ത്തിക്കുമെന്നും മന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ വ്യക്തമാക്കി.

പിന്നാക്ക-മലയോര-ആദിവാസി മേഖലകളിലുള്ള മലപ്പുറം ജില്ലയിലെ അരിമംഗലം, താനൂര്‍ കാളംതുരുത്തി, വണ്ടൂര്‍ അരിമണല്‍, മഞ്ചേരി തരികുളം എന്നിങ്ങനെ അഞ്ചു ബദല്‍ സ്‌കൂളുകളും കാസര്‍കോട് ജില്ലയിലെ ആലൂര്‍, ഇടുക്കി കുറത്തികുടി, കണ്ണൂര്‍ കാലാങ്കി എന്നിങ്ങനെ എട്ട് ഏകാധ്യാപക വിദ്യാലയങ്ങളെയാണ് എല്‍.പി സ്‌കൂളുകളാക്കി ഉയര്‍ത്തിയത്. ഈ വിദ്യാലയങ്ങളിലെല്ലാം ക്ലാസ് മുറികളും പ്രധാനാധ്യാപകന്റെ മുറിയും ആവശ്യമായ അധ്യാപക തസ്തികകളും ഉടന്‍ ഉറപ്പാക്കുമെന്നും മേല്‍മുറി സ്‌കൂളിലേക്ക് പ്രിയങ്ക ഗാന്ധി എം.പിയുടെ ഫണ്ടില്‍നിന്ന് വാഹനം ഉറപ്പാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
പൊതുവിദ്യാഭ്യാസ രംഗത്ത് വലിയ നവീകരണ പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നതെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തെ 6,000 എല്‍.പി, യു.പി സ്‌കൂളുകളില്‍ ‘ഡിജിറ്റല്‍ സ്‌ക്വയര്‍’ വഴി സ്മാര്‍ട്ട് ക്ലാസ് സൗകര്യങ്ങള്‍ കൊണ്ടുവരുന്നതിനും ഹൈസ്‌കൂളുകളില്‍ നിര്‍മ്മിതബുദ്ധി, റോബോട്ടിക്‌സ് എന്നിവ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിനുമുള്ള പദ്ധതികള്‍ പുരോഗമിക്കുകയാണ്. കൂടാതെ മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി പരിഹരിക്കാന്‍ 120 അധിക ബാച്ചുകള്‍ അനുവദിച്ചതിലൂടെയും സ്‌പെഷ്യല്‍ ഉത്തരവുകളിലൂടെയും പതിനായിരത്തോളം കുട്ടികള്‍ക്ക് തുടര്‍പഠനത്തിന് അവസരം നല്‍കാനായി. സ്‌കൂളുകളില്‍ കായിക അധ്യാപകരുടെ തസ്തികയ്ക്ക് നിലവിലുണ്ടായിരുന്ന 500 വിദ്യാര്‍ത്ഥികള്‍ എന്ന മാനദണ്ഡം 300 ആയി കുറച്ചതായും കൂടുതല്‍ സമഗ്രമായ മാറ്റങ്ങള്‍ക്കായി വിദഗ്ധ സമിതിയെ നിയോഗിച്ചതായും മന്ത്രി അറിയിച്ചു.

ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ.ജബ്ബാര്‍ ഹാജി, അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.ആയിഷ, കുഴിമണ്ണ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.ടി.മഹ്‌മൂദ്, സ്ഥിരം സമിതി അധ്യക്ഷന്‍ ലത്തീഫ് മുതീരി, കുഴിമണ്ണ ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ബാലത്തില്‍ ബാപ്പു, അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷൈജു കാവുംതൊടി, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ സലാവുദ്ദീന്‍ പുല്ലത്ത്, സമഗ്ര ശിക്ഷ മലപ്പുറം ഡി.പി.സി. ഡോ.എം.പി.ഷാഹുല്‍ ഹമീദ്, കിഴിശ്ശേരി എ.ഇ.ഒ. സൈതലവി അന്നാരത്തൊടിക, പി.ടി.എ.പ്രസിഡന്റ് എം.അബ്ദുല്ല, വിവിധ പഞ്ചായത്ത് പ്രസിഡന്റുമാര്‍, രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍, പൊതുജനങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
