മുഖ്യമന്ത്രിക്കെതിരായ വ്യാജ വിവാഹ ആരോപണം: ആന്റോ അഗസ്റ്റിനെ വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും

കൊച്ചി: മുഖ്യമന്ത്രിക്കെതിരായ വ്യാജ വിവാഹ ആരോപണ കേസില്‍ ആന്റോ അഗസ്റ്റിനെ വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും. ഇന്നലെ മൂന്ന് മണിക്കൂര്‍ ചോദ്യം ചെയ്‌തെങ്കിലും മൊഴിയില്‍ വ്യക്തതക്കുറവ് ഉണ്ടെന്ന് പൊലീസ് വ്യക്തമാക്കി. രണ്ട് യുവാക്കളാണ് ഓഫിസില്‍ എത്തിയത്. വിവാഹത്തിന്റെ രേഖ മൊബൈലിലേക്ക് അയച്ചു നല്‍കി. ആ മൊബൈല്‍ ഫോണ്‍ റെയ്ഡില്‍ പിടിച്ചെടുത്തെന്നും ആന്റോ അഗസ്റ്റിന്‍ മൊഴി നല്‍കി. കോണ്‍ഗ്രസ് നേതാവ് രാജു പി നായര്‍ നല്‍കിയ പരാതിയില്‍ ഒന്നാം പ്രതിയാണ് ആന്റോ അഗസ്റ്റിന്‍.

കഴിഞ്ഞ തിങ്കളാഴ്ച ഹാജരാവാന്‍ ആവശ്യപ്പെട്ടെങ്കിലും ആന്റോ അഗസ്റ്റിന്‍ എത്തിയില്ല. അഞ്ചാം തിയതിക്ക് ശേഷം ഹാജരാവാമെന്ന് ആന്റോ ആവശ്യപ്പെട്ടെങ്കിലും ഇന്നലെ തന്നെ എത്തണമെന്ന് പൊലീസ് നിലപാട് എടുത്തു. ഇല്ലെങ്കില്‍ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുമെന്ന മുന്നറിയിപ്പും നല്‍കി. ഇതോടെയാണ് ആന്റോ അഗസ്റ്റിന്‍ ഇന്നലെ ചോദ്യം ചെയ്യലിന് ഹാജരായത്.
മുഖ്യമന്ത്രിക്കെതിരെ വ്യാജ വിവാഹ ആരോപണം ഉന്നയിച്ചെന്ന കേസില്‍ ഒന്നാം പ്രതിയാണ് ആന്റോ അഗസ്റ്റിന്‍. രേഖകളുമായി സമീപിച്ചെന്ന് പറയുന്നവര്‍ ആരെന്നതടക്കമുള്ള വിവരങ്ങള്‍ പൊലീസിന് കണ്ടെത്തേണ്ടതുണ്ട്. കേസിലെ രണ്ടും മൂന്നും പ്രതികള്‍ അജ്ഞാതരെന്നാണ് എഫ്‌ഐആറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

