നന്ദകുമാറിനെ തുഞ്ചൻ പറമ്പിൽ നിന്നും പുറത്താക്കണം: മുസ്‌ലിം ലീഗ്

തിരൂർ:മലപ്പുറം ജില്ലക്കെതിരെ തീർത്തും നിരർഥകമായ പ്രസ്താവന നടത്തി സമൂഹത്തെയാകെ അവഹേളിച്ച മുൻ എം.എൽ എയും തുഞ്ചൻ സ്മാരക ട്രസ്റ്റ് ജനറൽ സെക്രട്ടറിയുമായ പി.നന്ദകുമാറിനെ തൽസ്ഥാനത്ത് നിന്ന് നീക്കണമെന്ന് തിരൂർ നിയോജക മണ്ഡലം മുസ്‌ലിം ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു.

മൈത്രി മാത്രം വിളംബരം ചെയ്യുന്ന ഒരുമയുടെ വിളനിലമായ തുഞ്ചൻ സ്മാരക മന്ദിരത്തിൻ്റെ നേതൃസ്ഥാനത്ത് നിൽക്കുന്ന ഒരാളിൽ നിന്നും ഒരിക്കലും ഉണ്ടാവാൻ പാടില്ലാത്ത അബദ്ധജഡിലമായ പ്രസ്താവനയാണുണ്ടായത്. എം.ടി വാസുദേവൻ നായർ ജീവിച്ചിര രുന്ന സമയമായിരുന്നെങ്കിൽ അദ്ദേഹത്തിൽ നിർബന്ധിച്ച് രാജി എഴുതിപ്പിച്ച് വാങ്ങി തുഞ്ചൻ പറമ്പിൽ നിന്നും പുറത്താക്കി പടിയടക്കുമായിരുന്നു.
തുഞ്ചൻ പറമ്പിനെ പൂർണമായും മതേതരത്വത്തിൻ്റെ മഹിതഗേഹമായി കാത്ത് നിർത്തിയതിനുൾപ്പെടെ മലപ്പുറത്തെ പരസ്പര സ്‌നേഹത്തിന് ഒഴിവാക്കാനാവാത്ത പങ്കുണ്ട്.

ജില്ലയുടെ പൈതൃകവും സംസ്കാരവും മറന്ന് പെരുമാറിയത് പൊന്നാനിയുടെ മുൻ ജനപ്രതിനിധിയാണെന്നതും അങ്ങേയറ്റം ലജ്ജാകരമാണ്. അത് കൊണ്ട് തന്നെ പി. നന്ദകുമാറിന് ഇനി തുഞ്ചൻ പറമ്പിൻ്റെ നേതൃസ്ഥാനത്തിരിക്കാൻ യാതൊരു യോഗ്യതയുമില്ലെന്നും യോഗം വിലയിരുത്തി.
കോട്ടയിൽ അബ്ദുൽ കരീം അധ്യക്ഷനായി. ഭാരവാഹികളായ വെട്ടം ആലിക്കോയ,ഫൈസൽ എടശ്ശേരി,പി.സി. ഇസ്‌ഹാഖ്,മയ്യേരി കുഞ്ഞഹമ്മദ് മാസ്റ്റർ,കണ്ടാത്ത് കുഞ്ഞിപ്പ,വി. കുഞ്ഞാവ,എ.കെ. സൈതാലിക്കുട്ടി,പാറയിൽ അലി,അഡ്വ : ലാഹിഖ്,ഷഫീഖ് കുന്നത്ത്,സി.കെ. ഹമീദ് നിയാസ് പ്രസംഗിച്ചു.
