രാഷ്ട്രപതിയെ കാണാൻ ഇന്ത്യാസഖ്യം നേതാക്കൾക്ക് അനുമതി; രാത്രി എട്ടുമണിക്ക് കൂടിക്കാഴ്ച നടത്തും

ഡൽഹി: മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ്കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം തുടരുന്നതിനിടെ, രാഷ്ട്രപതി ദ്രൗപദി മുർമുവിനെ കാണാൻ ഇന്ത്യാസഖ്യം നേതാക്കൾക്ക് അനുമതി. രാത്രി എട്ടുമണിക്ക് പത്ത് എംപിമാർക്കാണ് കൂടിക്കാഴ്ചയ്ക്ക് അനുമതി. ഉച്ചതിരിഞ്ഞ് മൂന്ന് മണിക്ക് പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ എത്തിച്ചേരാൻ പ്രതിപക്ഷ എംപിമാരോട് എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ ആഹ്വാനം ചെയ്തിരുന്നു.

രാഷ്ട്രപതി ഭവനിലേക്ക് വൈകിട്ട് പ്രതിപക്ഷ എംപിമാരുടെ നേതൃത്വത്തിൽ മാർച്ച് നടത്തും. വിവിധ മന്ത്രാലയങ്ങളും പാർലമെൻറ്റുമടക്കം അതീവ സുരക്ഷാ മേഖലയിലേക്കാണ് ഇന്ത്യ സഖ്യത്തിന്റെ മാർച്ച്. വൈകിട്ട് മൂന്ന് മണിയോടെ പാർലമെന്റിന്റെ സെൻടർ ഹോളിലേക്ക് എത്താൻ എംപിമാർക്ക് നിർദ്ദേശം നൽകി. അവിടെ നിന്ന് പുറത്തേക്ക് കാൽനടയായി പ്രതിഷേധ സംഘം നീങ്ങും. പൊലീസ് അനുമതി നൽകില്ല എന്ന് ഉറപ്പായതിനാൽ പ്രതിഷേധത്തിന് അനുമതി നേടിയിട്ടുമില്ല. ഇരുപതിനായിരത്തിലധികം കേന്ദ്രസേന ഉദ്യോഗസ്ഥരെ അടക്കം വിന്യസിച്ചാണ് ഈ മേഖലയിൽ സുരക്ഷ ഒരുക്കിയിരിക്കുന്നത്. സമരക്കാരെ പാർലമെന്റ് പുറത്തുതന്നെ തടയാനാണ് സാധ്യത. അങ്ങനെ വന്നാൽ ഇരുപക്ഷത്തു നിന്നും പല പ്രയോഗത്തിന് സാധ്യതയുണ്ട്.
തുടർച്ചയായി നാലാം ദിനമാണ് എംപിമാർ വമ്പൻ പ്രതിഷേധത്തിന് ഒരുങ്ങുന്നത്. സുപ്രീംകോടതിയും ഇന്ത്യ ഗേറ്റ് മടക്കം മേഖലകളിലേക്ക് പ്രതിഷേധിക്കുന്നതും ഇന്നലെ രാത്രി നടന്ന ചർച്ചയിൽ ഇന്ത്യാസഖ്യം ആലോചിച്ചിരുന്നു. ഗ്യാനേഷ് കുമാറിനെതിരായ കുറ്റപത്രം എന്ന പേരിൽ വിശദമായ ഒരു രേഖയും രാഷ്ട്രപതിക്ക് സമർപ്പിക്കാൻ തയ്യാറാക്കി വച്ചിട്ടുണ്ട്. ഇന്നലെ രാജഖട്ടിലെ ഗാന്ധി സ്മൃതിയിൽ എംപിമാർ പ്രാർത്ഥനയോഗം നടത്തിയിരുന്നു. രാഷ്ട്രീയ സമരം എന്നതിനപ്പുറത്തേക്ക് രാജ്യത്തിൻറെ ജനാധിപത്യത്തെയും ഭരണഘടനയും സംരക്ഷിക്കാനുള്ള പോരാട്ടം എന്ന സന്ദേശം നൽകാനുള്ള നീക്കത്തിന്റെ ഭാഗമായായിരുന്നു ഇത്.

