കഠ്​​വ -ഉന്നാവ്​ സഹായ ഫണ്ട്; വിശദീകരണവുമായി മുസ് ലിം യൂത്ത് ലീഗ്.

കോഴിക്കോട്: കഠ്​​വ -ഉന്നാവ്​ സഹായ ഫണ്ട് സംബന്ധിച്ച് ദേശീയ സമിതി മുൻ അംഗമായ യൂസഫ്​ പടനിലം ഉയർത്തിയ ആരോപണത്തിൽ വിശദീകരണവുമായി മുസ് ലിം യൂത്ത് ലീഗ്. ഫണ്ട് വകമാറ്റിയിട്ടില്ലെന്ന് സി.കെ. സുബൈർ വ്യക്തമാക്കി. ആരോപണത്തിന് പിന്നിൽ ആസൂത്രിതനീക്കമുണ്ടെന്നും സുബൈർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

സുതാര്യമായ ഫണ്ട് കൈമാറ്റത്തെ തെറ്റായി വ്യാഖ്യാനിച്ചു. കഠ് വ കുടുബത്തിന് തുക കൈമാറി. നിയമ നടപടിക്കും പണം വിനിയോഗിക്കുന്നുണ്ടെന്നും സുബൈർ ചൂണ്ടിക്കാട്ടി. സഹായ ഫണ്ട് കൈമാറുന്നതിന്‍റെ ചിത്രങ്ങളും വാർത്താസമ്മേളനത്തിൽ പ്രദർശിപ്പിച്ചു.

പികെ ഫിറോസ്

സംസ്ഥാന സെക്രട്ടറി പി.കെ. ഫിറോസിനെതിരായ ആരോപണത്തിന് പിന്നിൽ രാഷ്ട്രീയ താൽപര്യമാണെന്നും ഏത് അന്വേഷത്തെയും സ്വാഗതം ചെയ്യുന്നതായും സുബൈർ വ്യക്തമാക്കി.

ആരോപണം ശരിയാണെന്ന തരത്തിൽ പ്രതികരിച്ച ദേശീയ വൈസ്​ പ്രസിഡന്‍റും പാണക്കാട്​ ഹൈദരലി തങ്ങളുടെ മകനുമായ​ മുഈനലി തങ്ങൾ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. കണക്കുകൾ പരിശോധിച്ച് വ്യക്തത വരുത്തിയെന്ന് മുഈനലി തങ്ങൾ പറഞ്ഞു.
യൂത്ത്​ ലീഗ്​ പിരിച്ച കഠ്​​വ ഫണ്ട്​ സംബന്ധിച്ച കണക്കുകൾ വ്യക്​തമല്ലെന്നാണ്​ മുഇൗനലി തങ്ങൾ ഇന്നലെ പ്രതികരിച്ചത്. ഫണ്ട്​ സംബന്ധിച്ച കണക്കുകൾ വ്യക്​തമാക്കണമെന്ന്​ പി.കെ. കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടിരുന്നു. എന്നിട്ടും അതുണ്ടായില്ല. എം.എസ്​.എഫും ഇതിനായി ഫണ്ട്​ പിരിച്ചിരുന്നുവെന്നും അതിനും കണക്കുകളില്ലെന്നും​ മുഇൗനലി തങ്ങൾ മാധ്യമങ്ങളോട്​ വ്യക്തമാക്കിയിരുന്നു.

 

2018 ഏപ്രിൽ 20ന്​ വെള്ളിയാഴ്​ച പള്ളികളിൽ നടത്തിയ ഫണ്ട്​ സമാഹരണത്തിലൂടെയും വിദേശനാടുകളിൽ നിന്നടക്കം പണപ്പിരിവ്​ നടത്തിയും ഒരു കോടിയോളം രൂപ സമാഹരിച്ചിട്ടുണ്ടെന്നാണ് യൂത്ത് ലീഗ് ദേശീയ സമിതിയംഗം ​യൂസഫ് പടനിലം ആരോപിക്കുന്നത്. എന്നാൽ, ഇതു സംബന്ധിച്ച കണക്കുകൾ കമ്മിറ്റികളിൽ അവതരിപ്പിക്കാൻ നേതൃത്വം തയാറായിട്ടില്ല. ചോദിച്ചപ്പോൾ 48 ലക്ഷം രൂപ സമാഹരിച്ചതായി അനൗദ്യോഗികമായി അറിയിക്കുകയാണ്​ ഉണ്ടായത്.