തുലാമാസപൂജകൾക്കായി ശബരിമലക്ഷേത്രനട തുറന്നു.
ശബരിമല: വെള്ളിയാഴ്ച വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തിൽ മേൽശാന്തി എ.കെ. സുധീർ നമ്പൂതരി നട തുറന്ന് ദീപം തെളിയിച്ചു. മറ്റ് പ്രത്യേക പൂജകളൊന്നും ഉണ്ടായില്ല.
ആറുമാസത്തെ ഇടവേളയ്ക്ക് ശേഷം ശനിയാഴ്ച പുലർച്ചെ മുതൽ ഭക്തർ സന്നിധാനത്ത് ദർശനത്തിനായി എത്തും. ഉഷഃപൂജയ്ക്ക് ശേഷം എട്ടുമണിയോടെ അടുത്ത വർഷത്തേക്കുള്ള ശബരിമല – മാളികപ്പുറം മേൽശാന്തിമാരെ നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് നടക്കും.
പന്തളം കൊട്ടാരത്തിൽനിന്നും നിശ്ചയച്ച കൗഷിക്ക് കെ. വർമ്മ, റിഷികേശ് വർമ്മ എന്നീ കുട്ടികളാണ് നറുക്കെടുക്കുന്നത്. കടുത്ത കോവിഡ് നിയന്ത്രണങ്ങളോടെയാണ് ആറുമാസത്തിന് ശേഷം സന്നിധാനത്തേക്ക് ഭക്തരെ അനുവദിക്കുന്നത്.
ആരെയും സന്നിധാനത്ത് തങ്ങാൻ അനുവദിക്കില്ല. ദർശനം കഴിഞ്ഞാലുടൻ മടങ്ങണം. അഞ്ച് ദിവസം നീളുന്ന തീർഥാടന കാലയളവിൽ 1250 പേർ അയ്യപ്പനെ തൊഴും. പൂജകൾ പൂർത്തിയാക്കി 21 -ന് രാത്രി 7.30-ന് ഹരിവരാസനം പാടി നട അടയ്ക്കും