പോലീസ് സേനയുടെ ഭാഗമായത് 2279 പേര്‍ പരിശീലനം ഓൺലൈനിലൂടെ

തിരുവനന്തപുരം: പരിശീലനത്തിന്‍റെ നല്ലൊരു കാലവും ഓണ്‍ലൈനിലൂടെയാണ് പരിശീലനം നല്‍കിയത് ഇന്ത്യയില്‍ ഒരുപക്ഷെ ആദ്യമായിരിക്കാം. വിവിധ സംസ്ഥാനങ്ങളിലെ പോലീസ് പരിശീലനസ്ഥാപനങ്ങള്‍ക്ക് ഇക്കാര്യത്തില്‍ കേരളാ പോലീസ് മാതൃകയായി. സ്മാര്‍ട്ട് പോലീസിങ് എന്ന ആശയം പൂര്‍ണ്ണ അര്‍ഥത്തില്‍ നടപ്പാക്കാന്‍ കേരളാ പോലീസ് അക്കാദമിക്ക് കഴിഞ്ഞു.

പരിശീലനം തുടങ്ങിയശേഷം കോവിഡ് മഹാമാരി തടയുന്നതിന് ഈ ബാച്ചിലെ റിക്രൂട്ടുകളെ മാതൃപോലീസ് സ്റ്റേഷനുകളിലേയ്ക്ക് നിയോഗിച്ചിരുന്നു. സമൂഹത്തിലെ സാധാരണക്കാരുടെ ഇടയില്‍ കോവിഡ് പ്രതിരോധത്തെക്കുറിച്ച് അവബോധം പകരുന്നതിനാണ് ഇവരെ പോലീസ് സ്റ്റേഷനുകളിലേയ്ക്ക് നിയോഗിച്ചത്. ജനമൈത്രി പോലീസിന്‍റെ പ്രവര്‍ത്തനരീതികളും പോലീസ് സ്റ്റേഷന്‍റെ പ്രവര്‍ത്തനങ്ങളും ആദ്യഘട്ടത്തില്‍തന്നെ മനസ്സിലാക്കാന്‍ റിക്രൂട്ടുകള്‍ക്ക് കഴിഞ്ഞു.

പോലീസ് സ്റ്റേഷനുകളിൽ നിന്ന് തിരിച്ചെത്തിയശേഷം എല്ലാവിധ കോവിഡ് മാനദണ്ഡങ്ങളും പാലിച്ചാണ് പരിശീലനം നടത്തിയത്. തുടര്‍ന്നുള്ള എല്ലാ ക്ലാസ്സുകളും ഓണ്‍ലൈന്‍ മുഖേന മാത്രമായിരുന്നു. ക്ലാസ്സ് മുറികളുടെ എണ്ണം വര്‍ധിപ്പിക്കുകയും ക്ലാസ്സില്‍ പങ്കെടുക്കുന്ന കേഡറ്റുകളുടെ എണ്ണം പകുതിയായി കുറയ്ക്കുകയും ചെയ്തിരുന്നു. ഷിഫ്റ്റുകളുടെ എണ്ണവും കൂട്ടി.

പരിശീലനത്തിന്‍റെ പ്രധാന പ്രത്യേകതയെന്നുപറയുന്നത് ക്ലാസ്സിന്‍റെ ഒരു ഘട്ടത്തിലും അധ്യാപകര്‍ ക്ലാസ് മുറികളില്‍ പോയിട്ടില്ലെന്നതാണ്. അധ്യാപകര്‍ കേരള പോലീസ് അക്കാദമിയിലെ സ്റ്റുഡിയോയില്‍ ഇരുന്നാണ് ക്ലാസുകള്‍ കൈകാര്യം ചെയ്തിരുന്നത്. ഈ ക്ലാസ്സുകള്‍ കേഡറ്റുകള്‍ക്ക് അവരവരുടെ ക്ലാസ് മുറികളില്‍ ഇരുന്ന് കാണാന്‍ പ്രത്യേകം സൗകര്യം ഒരുക്കിയിരുന്നു.

കൂടാതെ, പ്രത്യേകം വാട്ട്സാപ്പ് ഗ്രൂപ്പുകള്‍ രൂപീകരിച്ചും ഇ-മെയില്‍ സന്ദേശങ്ങളിലൂടെയും സംശയനിവാരണത്തിന് തനതായ സംവിധാനം ഏര്‍പ്പെടുത്തി. സംശയനിവാരണത്തിന് മാത്രമായി പ്രത്യേകം ക്ലാസ്സുകളും സംഘടിപ്പിച്ചിരുന്നു. ഓണ്‍ലൈനായിത്തന്നെയാണ് സംശയങ്ങള്‍ക്ക് മറുപടി നല്‍കിയത്.
ഓണ്‍ലൈനായി നല്‍കുന്ന വീഡിയോ ക്ലാസുകള്‍ കേഡറ്റുകള്‍ കണ്ടെന്ന് ഉറപ്പു വരുത്തുന്നതിന് ക്ലാസ്സിനുശേഷം ഓണ്‍ലൈനിലൂടെ പ്രത്യേകം പരീക്ഷ ദിവസേന നടത്തുകയുണ്ടായി. ഇവയ്ക്ക് ഉത്തരം നല്‍കുന്നതിലൂടെ കേഡറ്റുകള്‍ വീഡിയോ കണ്ടുവെന്ന് അധികൃതര്‍ക്ക് ഉറപ്പാക്കാനായി.

ഔട്ട്ഡോര്‍ പരിശീലനത്തിനും സമാനമായ പരിശീലനരീതികള്‍ തന്നെയാണ് കൈക്കൊണ്ടത്. ആയുധപരീശീലനത്തിനും യോഗയ്ക്കും സഹായകമായ ക്ലാസുകള്‍ ഓണ്‍ലൈനില്‍തന്നെ നല്‍കി. പത്തു കേഡറ്റുകള്‍ അടങ്ങിയ ഓരോ ഗ്രൂപ്പിനും ഒരു ഹവില്‍ദാറെ മെന്‍ററായി നിയോഗിച്ച് ആവശ്യമായ പരിശീലനം നല്‍കി.
പതിവുപോലെ ഉന്നത വിദ്യാഭ്യാസയോഗ്യതയുള്ളവരാണ് ഇത്തവണയും കേരളാ പോലീസില്‍ എത്തിയിരിക്കുന്നത്. ഇത്തരക്കാരുടെ എണ്ണം സേനയില്‍ വര്‍ധിക്കുന്നത് സേനയുടെ ആത്മബലം വര്‍ധിപ്പിക്കുന്നതിനു മാത്രമല്ല, പോലീസിനുള്ളില്‍തന്നെ വൈദഗ്ധ്യം ആവശ്യമുള്ള വിവിധമേഖലകളില്‍ മനുഷ്യശേഷി ലഭ്യമാക്കുന്നതിനും ഉപകരിക്കും. എംടെക് ബിരുദധാരികളായ 19 പേരും എഞ്ചിനീയറിംഗ് ബിരുദമുള്ള 306 പേരും എം.ബി.എ ബിരുദധാരികളായ 26 പേരും ഇന്ന് കേരള പോലീസിന്‍റെ ഭാഗമായി. 182 ബിരുദാനന്തര ബിരുദധാരികളും 22 ബി.എ ബിരുദധാരികളും ഇവരോടൊപ്പമുണ്ട്.