പൊലീസുകാരെ ആക്രമിച്ച കേസിൽ നാലുവർഷമായി വിദേശത്തായിരുന്ന പ്രതിയെ പിടികൂടി.
തിരൂർ: പൊലീസുകാരെ ആക്രമിച്ച കേസിൽ നാലുവർഷമായി വിദേശത്തായിരുന്ന പ്രതിയെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പൊലീസ് പിടികൂടി. കേസിൽ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച പടിഞ്ഞാറെക്കര കോടാലീന്റെ പുരക്കൽ ഹർഷാദിനെയാണ് (30) ജില്ല പൊലീസ് മേധാവിയുടെ നിർദേശപ്രകാരം തിരൂർ സർക്കിൾ ഇൻസ്പെക്ടർ ടി.പി. ഫർഷാദിന്റെ നേതൃത്വത്തിൽ എസ്.ഐ ജീജോ, സി.പി.ഒമാരായ അഭിമന്യു, ലയണൽ ജോർജ് റോഡ്രിഗസ്, അജിത്ത് എന്നിവർ ചേർന്ന് പിടികൂടിയത്. 2013 ജനുവരി 30ന് പുലർച്ച പുറത്തൂർ പടിഞ്ഞാറെക്കരയിലാണ് കേസിനാസ്പദമായ സംഭവം.
അനധികൃതമായി മണൽ കടത്താനുപയോഗിച്ച വഞ്ചി പിടിച്ചെടുത്ത ലൂഷ്യസ്, മെർലിൻ എന്നീ പൊലീസുകാരെ പ്രതികളുടെ നേതൃത്വത്തിൽ കല്ല്, കുപ്പി, ഇരുമ്പ് ബക്കറ്റ് എന്നിവയുമായി എറിഞ്ഞ് അപായപ്പെടുത്താൻ ശ്രമിച്ചെന്നാണ് കേസ്. ഈ കേസിലെ മറ്റ് നാല് പ്രതികളെ 2017 ൽ മഞ്ചേരി സെഷൻസ് കോടതി അഞ്ചുവർഷം തടവും 75,000 രൂപ വീതം പിഴയും ശിക്ഷ വിധിച്ചിരുന്നു. എന്നാൽ, ഹർഷാദ് കേസിൽ വിധി പറയുന്നതിന് തൊട്ടുമുമ്പ് സൗദിയിലേക്ക് കടക്കുകയായിരുന്നു.