മത്സ്യബന്ധനത്തിനു പോയ തോണി അജ്ഞാത ബോട്ടിടിച്ച് തകര്‍ന്നു; മത്സ്യത്തൊഴിലാളികെളെ അത്ഭുതകരമായി രക്ഷപ്പെടുത്തി.
ചാലിയം: ഒഴുക്കുവലയുമായി ചാലിയത്ത് നിന്നും മത്സ്യബന്ധനത്തിനു പോയ തോണി അജ്ഞാത ബോട്ടിടിച്ച് തകര്‍ന്നു. കടലില്‍ വീണ തൊഴിലാളികളെ മറ്റൊരു മത്സ്യബന്ധന വള്ളമെത്തി രക്ഷപ്പെടുത്തി. ഇന്ന് പുലര്‍ച്ചെ 3 മണിയോടെ പരപ്പനങ്ങാടി തീരത്താണ് സംഭവം. ചാലിയം പാണ്ടികശാല ജനീസിന്റെ ഉടമസ്ഥതയിലുള്ള തോണിയാണ് അപകടത്തില്‍പെട്ടത്. തൊഴിലാളികളായ പി കെ അഷറഫ്, പി കെ യൂസുഫ്, ചാലിയപ്പാടം സ്വദേശി ഹരീഷ്, എന്നിവരാണ് സമീപത്ത് മൽസ്യബന്ധനം നടത്തുകയായിരുന്ന തമിഴ് നാട് കുളച്ചൽ സ്വദേശികളുടെ അവസരോചിത ഇടപെടലിൽ രക്ഷപ്പെട്ടത്.
വലയിട്ട് കിടക്കുന്നതിനിടെ അതുവഴിയെത്തിയ കൂറ്റൻ മൽസ്യബന്ധന ബോട്ട് തോണിയേയും വലയേയും ബന്ധിപ്പിക്കുന്ന കയറില്‍ ഇടിക്കുകയായിരുന്നു. ഇതോടെ തോണി തലകീഴായി മറിഞ്ഞു. ബഹളം കേട്ടെത്തിയ കുളച്ചല്‍ സ്വദേശികളാണ് അപകടത്തില്‍പെട്ടവരെ രക്ഷപ്പെടുത്തിയത്. ഇന്നലെ ഉച്ചക്കാണ് അകടത്തില്‍പെട്ടവര്‍ കടലില്‍ പോയത്. അപകടമുണ്ടാക്കിയ ബോട്ട് ഇതുവരെ കണ്ടെത്താനായിട്ടില്ല. തോണിക്കും വലക്കും വേണ്ടി തിരച്ചില്‍ തുടരുകയാണ്. അപകടത്തില്‍പെട്ടവരില്‍ ആരുടെയും പരിക്ക് ഗുരുതരമല്ല.