ഫുട്ബാൾ കോച്ച് ഫൗസിയ മാമ്പറ്റ അന്തരിച്ചു

കബറടക്കം ഉച്ചക്ക് 11.30ന് ഈസ്റ്റ് വെള്ളിമാട്കുന്ന് ജുമാമസ്ജിദിൽ

കോഴിക്കോട്: 35 വ​ർ​ഷത്തിലധികമായി ക​ളി​ക്ക​ള​ത്തി​ൽ ജീ​വി​ച്ച ഫുട്ബാൾ താരവും പ്രമുഖ പ​രി​ശീ​ല​ക​യുമായ ഫൗസിയ മാമ്പറ്റ അന്തരിച്ചു. അർബുദരോഗ ബാധിതയായിരുന്നു. രാവിലെയാണ് അന്ത്യം സംഭവിച്ചത്. കബറടക്കം ഉച്ചക്ക് 11.30ന് ഈസ്റ്റ് വെള്ളിമാട്കുന്ന് ജുമാമസ്ജിദിൽ നടക്കും. നടക്കാവ് ഗവൺമെന്‍റ് ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിലെ കായിക പരിശീലകയായിരുന്നു. സ​ഹോ​ദ​രി​യു​ടെയും ഉ​മ്മ​യുടെയും കൂടെ വെള്ളിമാട്​കുന്നിലെ വീട്ടിലായിരുന്നു താ​മ​സം.

കോഴിക്കോട് മാമ്പറ്റ കുഞ്ഞിമൊയ്തു-ബിച്ചിവി ദമ്പതിമാരുടെ ആറുമക്കളിൽ നാലാമത്തെ കുട്ടിയായ ഫൗസിയ നടക്കാവ് സ്കൂളിൽ പഠിക്കുമ്പോഴാണ് കായിക രംഗത്തെത്തുന്നത്. തുടക്കം ഹാൻഡ്ബാളിലായിരുന്നു. പിന്നീട് പല കായിക ഇനങ്ങളിലും മാറ്റുരച്ചു. വെയ്റ്റ് ലിഫ്റ്റിങ്ങിൽ സംസ്ഥാന ചാമ്പ്യൻ, പവർ ലിഫ്റ്റിങ്ങിൽ സൗത്ത് ഇന്ത്യയിൽ മൂന്നാംസ്ഥാനം, ഹാൻഡ്ബാൾ സംസ്ഥാന ടീമംഗം, ജൂഡോയിൽ സംസ്ഥാന തലത്തിൽ വെങ്കലം, ഹോക്കി, വോളിബാൾ എന്നിവയിൽ ജില്ലാ ടീമംഗം ദേശീയ ഗെയിംസ് വനിതാ ഫുട്ബാളിൽ കേരളത്തിന്‍റെ ഗോൾകീപ്പറായിരുന്നു.

പെൺകുട്ടികൾക്ക്​ വിദ്യാഭ്യാസം പോലും വിലക്കപ്പെട്ട കാലത്ത്​ പഠനത്തോടൊപ്പം മൈതാനത്തിറങ്ങി കാൽപന്തുകളിയെ നെഞ്ചേറ്റി ഒരു തലമുറയെ ഫുട്​ബാളി​‍ന്‍റെ വഴിയിലേക്കെത്തിച്ച താരമാണ് ഫൗസിയ മാമ്പറ്റ.