മലപ്പുറം ജില്ലാ പഞ്ചായത്തിന് 180.03 കോടിയുടെ ചെലവ് പ്രതീക്ഷിക്കുന്ന വാര്‍ഷിക ബജറ്റ്
ഉത്പാദന മേഖലയുടെ വികാസവും സേവന പുരോഗതിയും ബഹുജന ക്ഷേമവും ലക്ഷ്യം
മലപ്പുറം: പ്രാദേശികമായ ആവശ്യങ്ങള്‍ പരിഗണിച്ചുള്ള വികസന പദ്ധതികള്‍ക്കും ഉത്പാദന, സേവന മേഖലകളില്‍ ആനുകാലിക ഇടപെടലുകളുമായി മലപ്പുറം ജില്ലാ പഞ്ചായത്ത് 2021-22 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് അവതരിപ്പിച്ചു. 181,35,17,366 രൂപ വരവും 180,03,40,000 രൂപ ചെലവും പ്രതീക്ഷിക്കുന്ന 1,31,77,366 രൂപയുടെ മിച്ച ബജറ്റാണ് ജില്ലാ പഞ്ചായത്ത് ഉപാധ്യക്ഷന്‍ ഇസ്മയില്‍ മൂത്തേടം അവതരിപ്പിച്ചത്. കോവിഡിന് ശേഷം ജില്ല അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നങ്ങള്‍ക്ക് പരമാവധി പരിഹാരം ഉറപ്പാക്കുന്നതിനുള്ള വിവിധ പദ്ധതികള്‍ ബജറ്റില്‍ ഇടം പിടിച്ചു.
ആഭ്യന്തര ഉത്പാദനവും ആളോഹരി വരുമാനവും വര്‍ധിപ്പിക്കാന്‍ ഉത്പാദന മേഖലയില്‍ 23.03 കോടി രൂപയാണ് വകയിരുത്തിയത്. വ്യവസായ മേഖലക്ക് 11.6 കോടി രൂപയും കുടിവെള്ളത്തിന് 5.65 കോടി രൂപയും വിദ്യാഭ്യാസ മേഖലക്കായി 20.80 കോടി രൂപയും ബജറ്റില്‍ നീക്കിവച്ചു. ആരോഗ്യ മേഖലയിലെ വിവിധ പദ്ധതികള്‍ക്കായി 12.73 കോടി രൂപ വകയിരുത്തിയപ്പോള്‍ ഭൂരഹിത – ഭവന രഹിതരുടെ പുനരധിവാസത്തിന് 13.49 കോടി രൂപ, ലിംഗ സമത്വം – വനിതാ ശാക്തീകരണം എന്നീ മേഖലക്ക് 6.93 കോടി രൂപ, ശുചിത്വം – മാലിന്യ നിര്‍മാര്‍ജന പദ്ധതികള്‍ക്ക് 12.55 കോടി രൂപ, സാമൂഹ്യ സുരക്ഷാ പദ്ധതികള്‍ക്ക് 9.55 കോടി രൂപ എന്നിങ്ങനെയാണ് നീക്കിവച്ചിരിക്കുന്നത്. കായിക മേഖലയില്‍ ആറ് കോടി രൂപയുടെ പദ്ധതികളും ബജറ്റില്‍ ഇടം പിടിച്ചു. ജില്ലയിലെ മുഴുവന്‍ പ്രദേശങ്ങളിലും കുടിവെള്ളമെത്തിക്കുന്ന പദ്ധതിക്ക് ഒരു കോടി രൂപയും എസ്.സി കോളനികള്‍ക്കായുള്ള കുടിവെള്ള പദ്ധതികള്‍ക്ക് 5.65 കോടി രൂപയും സാന്ത്വന പരിചരണത്തിന് 4.82 കോടി രൂപയും റോഡുകളുടെ പുനരുദ്ധാരണത്തിന് 31.09 കോടി രൂപയും നീക്കിവച്ചു.
ബജറ്റ് അവതരണ യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ അധ്യക്ഷയായി. സ്ഥിരം സമിതി അധ്യക്ഷരായ എന്‍.എ. കരീം, ഷറീന ഹസീബ്, ജമീല ആലിപ്പറ്റ, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എ. അബ്ദുള്‍ റഷീദ് തുടങ്ങിയവര്‍ സംബന്ധിച്ചു. തുടര്‍ന്ന് ബജറ്റ് ചര്‍ച്ചയും നടന്നു.