മുതിർന്ന പൗരൻമാർക്കുള്ള കോവിഡ് വാക്സിനേഷൻ തിങ്കളാഴ്ച മുതൽ
ന്യൂഡൽഹി: മുതിർന്ന പൗരൻമാർക്കുള്ള കോവിഡ് വാക്സിനേഷൻ തിങ്കളാഴ്ച (മാർച്ച്) മുതൽ ആരംഭിക്കും. കോവിഡ് വാക്സിനേഷൻ യജ്ഞത്തിന്‍റെ രണ്ടാം ഘട്ടത്തിൽ സർക്കാർ ആശുപത്രികളിൽ വാക്സിനേഷൻ സൗജന്യമായിരിക്കുമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കർ പറഞ്ഞു.
60 വയസിന് മുകളിൽ പ്രായമായവർക്ക് പുറമേ മറ്റ് രോഗങ്ങളുള്ള 45 വയസിന് മുകളിൽ പ്രായമുള്ളവർക്കുമായിരിക്കും പ്രഥമ പരിഗണനയെന്ന് മന്ത്രി പറഞ്ഞു.
സ്വകാര്യ ആശുപത്രികളിലും വാക്സിൻ ലഭ്യമാക്കും. എന്നാൽ ഇവിടെ വാക്സിനേഷനുള്ള നിരക്ക് ഉടൻ തീരുമാനിക്കുമെന്ന് അദ്ദേഹം പറഞ്ഞു. 10000 സർക്കാർ ആശുപത്രികളും 20000 സ്വകാര്യ ആശുപത്രികളുമാണ് വാക്സിൻ സെന്‍ററുകളാകുന്നത്. 27 കോടിയാളുകൾ ഈ ഘട്ടത്തിൽ വാക്സിൻ സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നിലവിൽ ആരോഗ്യപ്രവർത്തകർ ഉൾപെടെയുള്ള കോവിഡ് പോരാളികൾക്കാണ് വാക്സിൻ നൽകി വരുന്നത്. നിലവിൽ രാജ്യത്ത് ഒന്നേകാൽ കോടിയാളുകൾ വാക്സിൻ സ്വീകരിച്ചു.