ഹിന്ദു ഐക്യവേദി ധര്‍ണ്ണ നടത്തി
മലപ്പുറം : ജാതി സംവരണം ജാതികള്‍ക്കുള്ളത്. മതങ്ങള്‍ക്കുള്ളതല്ല. കാലാകാലങ്ങളായി സാമൂഹികമായും വിദ്യാഭ്യാസ പരമായും സാമ്പത്തികപരമായും പിന്നോക്കം പോയ ജാതികളെ മുന്നോക്കം കൊണ്ടുവരാന്‍ ഉദ്ദേശിച്ചുള്ളതാണ് സംവരണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി പി വി മുരളീധരന്‍ പറഞ്ഞു. ഒരു ഹിന്ദു മതം മാറിയാല്‍ ജാതി പേര്‍ നഷ്ടപ്പെടും. ന്യൂനപക്ഷ മത സമൂഹങ്ങള്‍ക്കിടയില്‍ ജാതി വ്യവസ്ഥയില്ല. ഹിന്ദു മതത്തില്‍ നിന്നും മതം മാറി സംവരണത്തിനായി ഹിന്ദു ജാതി പേര്‍ ഉപയോഗിക്കുന്നതും ഭരണഘടനാ വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. ക്രിസ്ത്യന്‍ ഇസ്ലാം സമൂഹത്തില്‍ ജാതിയില്ലെന്ന് 1936 ല്‍ മതസംഘടനകള്‍ സമര്‍പ്പിച്ച രേഖകള്‍ നിലനില്‍ക്കെ ജാതിയില്ലാത്ത മതത്തിന് ഭരണ ഘടന ഉറപ്പു നല്‍കുന്ന ജാതി സംവരണം എന്തിനു നല്‍കണമെന്നും അദ്ദേഹം ചോദിച്ചു.
സംവരണേതര ക്രൈസ്തവ നാടാര്‍ വിഭാഗങ്ങള്‍ക്ക് അനുവദിച്ചിട്ടുള്ള ഒ ബി സി സംവരണം പിന്‍വലിക്കുക എന്നാവശ്യപ്പെട്ട് ഹിന്ദു ഐക്യ വേദി സാമൂഹ്യ നീതി കര്‍മ്മ സമിതി മലപ്പുറം കലക്ട്രേറ്റിന് മുന്നില്‍ നടത്തിയ ധര്‍ണ്ണയില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.ഹിന്ദു ഐക്യവേദി ജില്ലാ അധ്യക്ഷന്‍ ടി വിജയരാഘവന്‍ അധ്യക്ഷത വഹിച്ചു. കേരള കളരിക്കുറുപ്പ് കളരിപ്പണിക്കര്‍ സംഘം സംസ്ഥാന സമിതി അംഗവും കളരി പാരമ്പര്യ സഭ സംസ്ഥാന സെക്രട്ടറിയുമായ കെ ബാബു പൂളമണ്ണ ഉദ്ഘാടനം ചെയ്തു. അയ്യങ്കാളി സര്‍വീസ് സൊസൈറ്റി സംസ്ഥാന സെക്രട്ടറി എ പി ഉണ്ണി , ആശാരി സമാജം സംസ്ഥാന പ്രസിഡന്റ് ജി. കെ. പാണ്ടിക്കാട്, മഹിളാ ഐക്യവേദി സംസ്ഥാന പ്രസിഡന്റ് പി. സൗദാമിനി എന്നിവര്‍ സംസാരിച്ചു. സാമൂഹ്യ നീതി കര്‍മ്മ സമിതി ജില്ലാ സംയോജകന്‍ പി കെ ശശി സ്വാഗതവും പ്രേംനാഥ് നിലമ്പൂര്‍ നന്ദിയും പറഞ്ഞു.