രാജ്യം കൊവിഡ് വ്യാപനത്തിന്റെ മൂർധന്യാവസ്ഥ പിന്നിട്ടതായി കേന്ദ്ര വിദഗ്ധ സമിതി. പ്രതിരോധ പ്രവർത്തനങ്ങൾ കൃത്യമായി പാലിച്ച് നിയന്ത്രണം കർശനമാക്കിയാൽ ഫെബ്രുവരിയോടെ കൊവിഡ് നിയന്ത്രണവിധേയമാക്കാമെന്ന് വിദഗ്ധസമിതി റിപ്പോർട്ടിൽ പറയുന്നു.
ഉത്സവകാലവും ശൈത്യകാലവും രോഗവ്യാപനം വർധിപ്പിക്കാൻ ഇടായാക്കും. സുരക്ഷാ മുൻകരുതലുകളിൽ ഇളവ് നൽകുന്നത് ഗുരുതരമായ പ്രതിസന്ധി സൃഷ്ടിക്കും. 2021 ഫെബ്രുവരിയോടെ രാജ്യത്ത് ഒരു കോടിയിലേറെ കൊവിഡ് കേസുകൾ ഉണ്ടായേക്കാമെന്നും റിപ്പോർട്ടിൽ പറയുന്നു.
നിലവിൽ 75 ലക്ഷത്തോളം പേർക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. 1.14 ലക്ഷം പേർ രോഗബാധിതരായി മരിച്ചു. കേരളത്തിൽ ഓണക്കാലത്ത് രോഗവ്യാപനം വർധിച്ചതായും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. ലോക്ക് ഡൗൺ ഇനി നടപ്പാക്കുന്നത് ഉചിതമല്ല. ചെറിയ പ്രദേശങ്ങളിൽ മാത്രമേ ലോക്ക് ഡൗൺ ഫലപ്രദമാകൂവെന്നും സമിതി അഭിപ്രായപ്പെടുന്നു.