ഒടിടി പ്ലാറ്റ്ഫോമുകളിൽ നിയന്ത്രണം വേണമെന്ന് സുപ്രീം കോടതി.

താണ്ഡവ് എന്ന വെബ് സീരിസ് മതവികാരങ്ങളെ വ്രണപ്പെടുത്തി എന്നാരോപിച്ച് കനത്ത വിവാദങ്ങൾ ഉയർന്നിരുന്നു.

ന്യൂഡൽഹി: ഒടിടി പ്ലാറ്റ്ഫോമുകളിൽ നിയന്ത്രണം വേണമെന്ന് സുപ്രീം കോടതി. നെറ്റ്ഫ്ലിക്സ്- ആമസോൺ അടക്കം ഒടിടി പ്ലാറ്റ്ഫോമുകളിലെ സിനിമാ- സീരിസുകൾ പ്രദർശനത്തുന്നതിന് മുമ്പ് തന്നെ സ്ക്രീനിംഗ് വേണമെന്നാണ് കോടതി അറിയിച്ചിരിക്കുന്നത്. ഇത്തരം പ്ലാറ്റ്ഫോമുകളിൽ ലൈംഗിക ഉള്ളടക്കങ്ങൾ വരെ കാണാൻ സാധിക്കുന്നുണ്ട് അതുകൊണ്ട് തന്നെ ഒരു തുലനാവസ്ഥ നിലനിർത്തേണ്ട ആവശ്യമുണ്ടെന്നാണ് ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ ബഞ്ച് വാക്കാൽ പരാമർശിച്ചത്.

‘ആമസോൺ, നെറ്റ്ഫ്ലിക്സ് തുടങ്ങി ഒടിടി പ്ലാറ്റ്ഫോമുകളിലെ സിനിമകൾക്കും സീരിസുകൾക്കും പ്രദർശനത്തിന് മുമ്പ് തന്നെ സ്ക്രീനിംഗ് ആവശ്യമുണ്ട്. ചില സിനിമകളിൽ പോണോഗ്രഫി വരെയുണ്ട്’ എന്നായിരുന്നു കോടതിയുടെ പരാമർശം. ഇതിന് പുറമെ ഇക്കാര്യത്തിൽ കേന്ദ്രസർക്കാരിന്‍റെ പ്രതികരണവും കോടതി ചോദിച്ചിട്ടുണ്ട്. ഒടിടി പ്ലാറ്റ്ഫോമുകളിലെ ഉള്ളടക്കം നിയന്ത്രിക്കാന്‍ സർക്കാർ അടുത്തിടെ രൂപപ്പെടുത്തിയ നിയമങ്ങൾ സംബന്ധിച്ച് കോടതിയെ അറിയിക്കണമെന്നും നിർദേശമുണ്ട്.


ആമസോൺ പ്രൈമിൽ പ്രദർശിപ്പിച്ച താണ്ഡവ് എന്ന വെബ് സീരിസുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കവെയാണ് ഒടിടി പ്ലാറ്റ്ഫോമുകളിലെ ലൈംഗിക ഉള്ളടക്കം സംബന്ധിച്ച് സുപ്രീം കോടതിയുടെ പരാമർശം. താണ്ഡവ് എന്ന വെബ് സീരിസ് മതവികാരങ്ങളെ വ്രണപ്പെടുത്തി എന്നാരോപിച്ച് കനത്ത വിവാദങ്ങൾ ഉയർന്നിരുന്നു. പരാതി ഉയര്‍ന്ന സാഹചര്യത്തിൽ ഇതിന്‍റെ അണിയറ പ്രവർത്തകരെ അറസ്റ്റ് ചെയ്യണമെന്നും ഉത്തരവ് വന്നിരുന്നു. മുൻകൂർ ജാമ്യാപേക്ഷ തേടി ആമസോൺ പ്രൈം വീഡിയോ ഇന്ത്യ ഹെഡ് അപർണ പുരോഹിത് അലഹബാദ് ഹൈക്കോടതിയിൽ സമര്‍പ്പിച്ച ഹർജി തള്ളിയിരുന്നു. ഇത് ചോദ്യം ചെയ്ത് കൊണ്ടുള്ള ഹർജി പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ നിരീക്ഷണം.
പബ്ലിസിറ്റിക്ക് വേണ്ടിയാണ് ആളുകൾ ഇത്തരത്തിലെ കേസുകൾ നൽകുന്നതെന്നാണ് അപര്‍ണയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ മുകുൾ റോത്തഗി കോടതിയെ അറിയിച്ചത്.