പോലീസിനെ ആക്രമിച്ച കേസിൽ മുഹമ്മദ് റിയാസിന് ജ്യാമ്യം
തിരൂർ: ഡി.വൈ.എഫ്.ഐ. അഖിലേന്ത്യാ പ്രസിഡന്റും പിണറായി വിജയന്റെ മരുമകനും കൂടിയായ പി.എ. മുഹമ്മദ് റിയാസ് തിരൂർ കോടതിയിൽ ഹാജരായി ജാമ്യമെടുത്തു. ഉമ്മൻചാണ്ടി സർക്കാരിന്റെ നിയമന നിരോധനത്തിനെതിരേ 2014-ൽ ഇടതുപക്ഷ യുവജനസംഘടനകൾ മലപ്പുറം കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ച് അക്രമാസക്തമായ സംഭവത്തിലാണ് മാർച്ച് ഉദ്ഘാടനംചെയ്ത റിയാസ് പ്രതിയായത്. കണ്ടാലറിയുന്ന 300-ഓളം പേർക്കെതിരേയായിരുന്നു മലപ്പുറം പോലീസ് കേസെടുത്തത്. അഞ്ചാംപ്രതിയായ റിയാസ് ഇതുവരെ കോടതിയിലെത്തി ജാമ്യം തേടിയിരുന്നില്ല.
മലപ്പുറം ഒന്നാംക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റിന്റെ ചുമതലയുള്ള തിരൂർ മുൻസിഫ് മജിസ്ട്രേറ്റ് ജംഗിഷ് നാരായണൻ മുമ്പാകെ ഹാജരായ റിയാസ് ഡി.വൈ.എഫ്.ഐ. ജില്ലാകമ്മിറ്റിയംഗം കെ.വി.എ. ഖാദറിന്റെയും കോട്ടയ്ക്കൽ ബ്ലോക്ക് ജോ. സെക്രട്ടറി ഫൈസലിന്റെയും ആൾജാമ്യത്തിലാണ് ഇറങ്ങിയത്.
ഡി.വൈ.എഫ്.ഐ. ജില്ലാസെക്രട്ടറി ടി.കെ. മുബഷീർ, ജില്ലാ ട്രഷറർ അഡ്വ. കെ. മുഹമ്മദ് ഷെരീഫ്, സംസ്ഥാനകമ്മിറ്റിയംഗം പി. മുനീർ എന്നിവരും റിയാസിനൊപ്പം കോടതിയിൽ എത്തിയിരുന്നു. മേയ് 22-ന് റിയാസ് വീണ്ടും കോടതിയിൽ ഹാജരാകണം.