പൊതു തെരഞ്ഞെടുപ്പിന് ആവേശം പകര്‍ന്ന് ക്രിക്കറ്റും മീഡിയ ഇലവനെതിരെ കലക്ടറേറ്റ് ഇലവന് അഞ്ച് വിക്കറ്റ് വിജയം
പൊതു തെരഞ്ഞെടുപ്പില്‍ പരമാവധി വോട്ടര്‍മാരുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനായുള്ള വിവിധ പ്രചരണ പരിപാടികളുടെ ഭാഗമായി മലപ്പുറത്ത് നടന്ന സൗഹൃദ ക്രിക്കറ്റ് മത്സരം ആവേശമായി. ജില്ലയിലെ മാധ്യമ പ്രവര്‍ത്തകരുടെ മീഡിയ ഇലവനും കലക്ടറേറ്റ് ജീവനക്കാരുടെ കലക്ടറേറ്റ് ഇലവനും തമ്മില്‍ മലപ്പുറം എം.എസ്.പി എല്‍.പി. സ്‌കൂള്‍ മൈതാനത്തായിരുന്നു മത്സരം. 15 ഓവര്‍ മത്സരത്തില്‍ അസിസ്റ്റന്റ് കലക്ടര്‍ പി. വിഷ്ണുരാജ് നയിച്ച കലക്ടറേറ്റ് ഇലവന് അഞ്ച് വിക്കറ്റിന് വിജയിച്ചു.
ടോസ് നേടിയ മീഡിയ ഇലവന്‍ ക്യാപ്റ്റന്‍ കെ. ഷമീര്‍ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. നിശ്ചിത 15 ഓവറില്‍ എഴ് വിക്കറ്റ് നഷ്ടത്തില്‍ 89 റണ്‍സാണ് മാധ്യമ പ്രവര്‍ത്തകരുടെ മീഡിയ ഇലവന്‍ നേടിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ കലക്ടറേറ്റ് ഇലവന്‍ രണ്ട് ഓവര്‍ ബാക്കി നില്‍ക്കെ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 91 റണ്‍സ് നേടി വിജയം സ്വന്തമാക്കി. ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍, പ്രസ്‌ക്ലബ് സെക്രട്ടറി കെ.പി.എം. റിയാസ് തുടങ്ങിയവര്‍ കളിക്കാര്‍ക്ക് പ്രോത്സാഹനവുമായി ഗ്യാലറിയിലുണ്ടായിരുന്നു. മാധ്യമ പ്രവര്‍ത്തകര്‍, വിവിധ വകുപ്പ് ജീവനക്കാര്‍, യുവ കൂട്ടായ്മാ പ്രവര്‍ത്തകര്‍, നാട്ടുകാര്‍ തുടങ്ങി നിരവധി പേരാണ് കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് സൗഹൃദ മത്സരം കാണാനെത്തിയത്.
യുവ വോട്ടര്‍മാരെ ആകര്‍ഷിക്കുന്നതിനായി വൈവിധ്യമാര്‍ന്ന പരിപാടികള്‍ ജില്ലയില്‍ നടപ്പിലാക്കി വരികയാണെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. ജനാധിപത്യത്തിന്റെ അടിത്തറയായ തെരഞ്ഞെടുപ്പില്‍ പരമാവധി വോട്ടര്‍മാരുടെ പങ്കാളിത്തം ഉറപ്പാക്കപ്പെടേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കുന്ന സന്ദേശങ്ങളുമായാണ് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ പ്രചരണ പരിപാടികള്‍ പുരോഗമിക്കുന്നത്.